ഇതൊക്കെ ഉണ്ടാക്കിവിട്ടത് ആപ്പിൾ തന്നെയോ! ഇതുവരെ ഇറങ്ങിയിട്ടുള്ള മോശം ഐഫോൺ മോഡലുകൾ
ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡ് ആപ്പിളിന്റെ ഐഫോൺ ആണ്. 2007ൽ ആണ് സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തിൽ ആപ്പിൾ തങ്ങളുടെ ആദ്യ ഐഫോൺ അവതരിപ്പിച്ചത്. ഇപ്പോഴത് ഐഫോൺ 16 വരെ എത്തി നിൽക്കുന്നു. ഇക്കാലയളവിനുള്ളിൽ ഇറങ്ങിയ ഐഫോണുകളിൽ ചിലത് മികച്ച പ്രശംസ പിടിച്ചുപറ്റി. എന്നാൽ മറ്റ് ചില ഐഫോൺ മോഡലുകൾ പരാജയമായിട്ടാണ് പലരും കണക്കാക്കുന്നത്. അതായത് ആപ്പിൾ ഇറക്കുന്നത് എന്താണെങ്കിലും അതിനെ കണ്ണുംപൂട്ടി അംഗീകരിക്കാൻ സ്മാർട്ട്ഫോൺ ആരാധകർ തയാറല്ല. മോശം ഫോൺ ആണ് എന്ന് തോന്നിയാൽ അത് ആപ്പിളിന്റെ ഐഫോൺ ആണെന്ന് പറഞ്ഞാലും രക്ഷയുണ്ടാകില്ല.
വിജയം മാത്രമല്ല, ചില പരാജയങ്ങളും വിമർശനങ്ങളും ആപ്പിൾ ഐഫോണുകൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. എന്തിനേറെ അന്വേഷിക്കുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസ് ഫോണുകൾ പോലും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് അടുത്തിടെ ലോകം കണ്ടതാണ്. ഇതുവരെ പുറത്തിറങ്ങിയവയിൽ ചില ഐഫോണുകൾ അത്ര പോര എന്ന് ജനം വിധിയെഴുതിയിട്ടുണ്ട്. ആ മോഡലുകൾ ഏതൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.

ഐഫോൺ 4: ഇതുവരെ ഇറങ്ങിയ ഐഫോണുകളിൽ ഏറ്റവും മോശം മോഡൽ എന്ന് വിലയിരുത്തുന്ന ഐഫോണുകളുടെ പട്ടികയിൽ ആദ്യം ഇടംപിടിച്ചിരിക്കുന്നത് ഐഫോൺ 4 ആണ്. പുതിയ ഡിസൈൻ അടക്കം ചില കാര്യങ്ങളിൽ മികച്ചുനിന്നു എങ്കിലും ആൻ്റിനഗേറ്റ് വിവാദങ്ങളാൽ ഈ മോഡൽ ഉപയോക്താക്കൾക്ക് കാര്യമായ തലവേദന സൃഷ്ടിച്ചു. ഈ മോഡലിൽ ആപ്പിൾ സെല്ലുലാർ ആൻ്റിനയെ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിം വഴി പുറത്തേക്ക് നീക്കി.
ഡിസൈനിലെ ഈ മാറ്റമാണ് ഐഫോൺ 4നെ വില്ലനാക്കിയത്. ഇത് കൈയിൽ പിടിക്കുമ്പോൾ ആൻ്റിന മൂടപ്പെടുകയും സിഗ്നലിനെ അത് ബാധിക്കുകയും ചെയ്തു. ഒടുവിൽ ഇത് ഒരു ഡിസൈൻ പിഴവാണെന്ന് ആപ്പിൾ സമ്മതിക്കുകയും പ്രശ്നം ലഘൂകരിക്കാൻ സൗജന്യ ബമ്പർ കേസുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഐഫോൺ 5സി (iPhone 5C): 2013ൽ ആപ്പിൾ ഒരേസമയം രണ്ട് ഐഫോണുകൾ ആദ്യമായി അവതരിപ്പിച്ചു. പ്രീമിയം മോഡൽ എന്ന നിലയിൽ ഐഫോൺ 5s, ബജറ്റ് മോഡൽ എന്ന നിലയിൽ ഐഫോൺ 5c എന്നിവയായിരുന്നു അവ. ബജറ്റ് സൗഹൃദം എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ടതിനാൽ കളർഫുൾ പോളികാർബണേറ്റ് പ്ലാസ്റ്റിക് കേസിംഗ് ആണ് 5c മോഡലിന് നൽകിയത്.
എന്നാൽ പ്രതീക്ഷിച്ചതിന് വിപരീതമായാണ് ഐഫോൺ 5സി വരവേൽക്കപ്പെട്ടത്. പ്ലാസ്റ്റിക് ഡിസൈൻ ആപ്പിൾ ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. ബിൽഡ് ക്വാളിറ്റി കുറവാണ്, പ്രീമിയം ഫീൽ തോന്നിക്കുന്നില്ല എന്നിവയായിരുന്നു ഈ ഐഫോൺ 5സി മോഡലിനെതിരേ ഉയർന്ന ആരോപണങ്ങൾ. ആരാധകർ തള്ളിക്കളഞ്ഞതോടെ പിന്നീട് പ്ലാസ്റ്റിക് ബോഡിയോടെ ആപ്പിൾ ഐഫോണുകൾ നിർമിച്ചിട്ടില്ല.
ഐഫോൺ എസ്ഇ (iPhone SE -2022): 2022 ലെ വസന്തകാലത്ത് ആപ്പിൾ പുറത്തിറക്കിയ തേർഡ് ജനറേഷൻ ഐഫോൺ SE മോഡലിന് വിനയായത് ഉയർന്ന വിലയായിരുന്നു. സാധാരണ എസ്ഇ മോഡലുകൾ പ്രധാന മോഡലുകളെക്കാൾ വിലക്കുറവിലാണ് എത്തുക. എന്നാൽ ഉയർന്ന വിലയിൽ എത്തിയതിനാൽ ഈ സ്പെഷൽ എഡിഷൻ മോഡലിനെ ജനം കൈവിട്ടു.
ഐഫോൺ 6, ഐഫോൺ 6 പ്ലസ്: സാധ്യമായ ഏറ്റവും കനം കുറഞ്ഞ ഒരു ഐഫോൺ അവതരിപ്പിക്കാനുള്ള ആപ്പിളിന്റെ നീക്കം പരാജയത്തിൽ കലാശിച്ച കഥയാണ് ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയുടേത്. അലുമിനിയം ഉപയോഗിച്ചാണ് ഈ ഫോൺ അവതരിപ്പിച്ചത് എങ്കിലും ഫ്രെയിമിന് ചുറ്റും പിന്തുണയില്ലായിരുന്നു. ഈ മോഡൽ പോക്കറ്റിൽ ഇട്ടുകൊണ്ട് ഇരിക്കുമ്പോൾ ഫോണിന്റെ ബോഡി വളയുന്നു എന്ന് അധികം വൈകാതെ കണ്ടെത്തി.
ഒരിക്കൽ വളഞ്ഞാൽ അത് പിന്നീട് നിവർത്താനും കഴിയുമായിരുന്നില്ല. ഈ ബെൻഡ്-ഗേറ്റ് വിവാദം ആപ്പിളിന് വൻ പ്രതിസന്ധിയായി. കൂടാതെ ഈ ഫോണിലെ സ്പെസിഫിക്കേഷനുകളും അത്ര പോര എന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഇതെല്ലാം കൂടി ചേർന്ന് മോശം ഐഫോണുകളുടെ ലിസ്റ്റിലേക്ക് ഈ രണ്ട് ഐഫോൺ മോഡലുകളെയും എത്തിച്ചു.
ഐഫോൺ 8 iPhone 8): 2017 ൽ, ആപ്പിൾ മൂന്ന് ഐഫോൺ മോഡലുകൾ പുറത്തിറക്കി. ഐഫോൺ X, ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയായിരുന്നു അവ. ഐഫോൺ Xന്റെ നിഴൽ എന്ന നിലയ്ക്കാണ് ഐഫോൺ 8 നെ വിപണി വിലയിരുത്തിയത്. കാര്യമായ പുതുമകൾ അവതരിപ്പിക്കാൻ ഈ മോഡലിന് കഴിഞ്ഞില്ല. ഇതാണ് ഈ മോഡലിനെ പരാജയത്തിന്റെ ലിസ്റ്റിലേക്ക് തള്ളിയിട്ടത്.
ഐഫോൺ 14 പ്ലസ്: ഐഫോൺ 14 സീരീസിലെ ഈ മോഡൽ ഒരു അനാവശ്യ മോഡൽ ആയിട്ടാണ് പലരും വിലയിരുത്തുന്നത്. വലിപ്പത്തിന്റെ കാര്യം ഒഴിച്ചുനിർത്തിയാൽ ഐഫോൺ 14ന് സമാനമാണ് ഈ മോഡൽ. ഇത് വാങ്ങുന്നതിനെക്കാൾ മികച്ച ഓപ്ഷൻ ഐഫോൺ 14 പ്രോ മോഡൽ ആണ് എന്നായിരുന്നു പൊതുവിലുണ്ടായിരുന്ന അഭിപ്രായം.


Click it and Unblock the Notifications








