ഇതും വശമുണ്ടോ ഏസറിന്, വരവ് ഗംഭീരം! ഏസർ സൂപ്പർ ZX, സൂപ്പർ ZX പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി
ഏസർ എന്ന ബ്രാൻഡ് നെയിം ഇന്ത്യക്കാർക്ക് സുപരിചിതമാണ്. അതുപക്ഷേ ലാപ്ടോപ്, പഴ്സണൽ കമ്പ്യൂട്ടർ എന്നിവയുമായൊക്കെ ബന്ധപ്പെട്ടാണ്. എന്നാലിപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലും ഏസർ എന്ന പേര് പതിപ്പിക്കപ്പെട്ടിരിക്കുന്നു. കാരണം, ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതിയ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളെ ഏസർ സംഭാവന ചെയ്തിരിക്കുന്നു. ഏസറിന്റെ സ്മാർട്ട്ഫോൺ നിർമാണ രംഗത്തേക്കുള്ള തിരിച്ചുവരവായി ഏസർ സൂപ്പർ ZX (Acer Super ZX), സൂപ്പർ ZX പ്രോ (Acer Super ZX PRO ) എന്നിങ്ങനെ രണ്ട് സൂപ്പർ സ്മാർട്ട്‌ഫോണുകൾ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.
ഏസർ സൂപ്പർ ZXന്റെ പ്രധാന ഫീച്ചറുകൾ
ഈ സ്റ്റാൻഡേർഡ് മോഡൽ സെഗ്‌മെന്റിലെ ആദ്യത്തെ എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേയും സോണി സെൻസറുള്ള 64 എംപി ക്യാമറയും സഹിതം എത്തുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. FHD+ റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് LCD പാനൽ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 800 nits വരെ ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് ഏസർ സൂപ്പർ ZX എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റുള്ള സെഗ്‌മെന്റിലെ ആദ്യത്തെ ഫോണാണിതെന്ന് ഏസർ അവകാശപ്പെടുന്നു. 8GB വരെ റാമും 8GB വരെ ഡൈനാമിക് റാം ഓപ്ഷനും 256GB സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഏസർ സൂപ്പർ ZX -ൽ ഉള്ളത്. 64MP സോണി IMX 682 പ്രൈമറി ക്യാമറയും 2MP മാക്രോ മൊഡ്യൂളും 2MP ഡെപ്ത് സെൻസിംഗ് യൂണിറ്റും അതിൽ ഉൾപ്പെടുന്നു. 2K വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, IP50 ഇൻഗ്രസ് റേറ്റിങ്, സൈഡ്- ഫേസിംഗ് ഫിംഗർപ്രിന്റ് സെൻസർ, പ്ലാസ്റ്റിക് PMMA ബാക്ക് ഡിസൈൻ എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ഈ ഏസർ സ്റ്റാന്റേർഡ് മോഡലിന് 8.6mm വലിപ്പവും 200 ഗ്രാം ഭാരവുമുണ്ട്.
ഏസർ സൂപ്പർ ZX പ്രോയുടെ പ്രധാന ഫീച്ചറുകൾ
FHD+ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED സ്‌ക്രീനും, 120Hz റിഫ്രഷ് റേറ്റും 1,000 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഇതിലുണ്ട്. ഡൈമെൻസിറ്റി 7400 ചിപ്സെറ്റ് കരുത്തിലാണ് ഈ പ്രോ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 12GB വരെ റാം, ഡൈനാമിക് റാം ഓപ്ഷൻ, 512GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
ഏസർ സൂപ്പർ ZX പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി IMX882 സെൻസർ സഹിതം 50MP മെയിൻ ക്യാമറയും 5MP അൾട്രാവൈഡ് സെൻസറും 2MP മാക്രോ യൂണിറ്റും അടങ്ങുന്നു. 50MP ഓമ്‌നിവിഷൻ OV50D സെൻസറാണ് ഫ്രണ്ട് ക്യാമറയായി ഇതിൽ നൽകിയിരിക്കുന്നത്.

33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, IP64 ഇൻഗ്രസ് റേറ്റിംഗ്, ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്പീക്കറുകൾ, വൈ-ഫൈ 6 കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്. ഏസർ സൂപ്പർ ZX പ്രോയുടെ ഭാരം 182 ഗ്രാം മാത്രമാണ്.
വിലയും ലഭ്യതയും
ഏസർ സൂപ്പർ ZX 4ജിബി + 64ജിബി വേരിയന്റിന്റെ വില 9,990 രൂപയിൽ ആരംഭിക്കുന്നു. ഏസർ സൂപ്പർ ZX പ്രോയുടെ 6ജിബി + 128ജിബി വേരിയന്റിന്റെ വില 17,990 രൂപ പ്രാരംഭ വിലയിൽ ആരംഭിക്കുന്നു. ഏപ്രിൽ 25 മുതൽ ആമസോൺ വഴി ഈ രണ്ട് സ്മാർട്ട്ഫോണുകളും വിൽപ്പനയ്ക്ക് എത്തും. ലോഞ്ച് ഓഫർ ഉൾപ്പെടെയുള്ള വിവരങ്ങൾ ആ ഘട്ടത്തിൽ അറിയാനാകും.


Click it and Unblock the Notifications