സ്വാതന്ത്ര്യദിന ഓഫറിൽ ഐഫോൺ 16 ഏറ്റവും കുറഞ്ഞ വിലയിൽ എവിടെ കിട്ടും; ഇതാ ഉത്തരം
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇപ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഓഫർ സെയിലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ പ്രോഡക്ടുകൾ വൻ വിലക്കുറവിൽ വാങ്ങാൻ ഈ ഓഫർ സെയിലുകൾ അവസരമൊരുക്കിയിരിക്കുന്നു. ഏത് ഓഫർ സെയിൽ വന്നാലും സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ആവേശത്തോടെ തിരക്കുക ഐഫോൺ മോഡലുകൾക്ക് ലഭ്യമായ ഓഫറുകളെക്കുറിച്ച് ആണ്. നിലവിലുള്ള ഐഫോൺ 16 സീരീസിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന മോഡലാണ് ഐഫോൺ 16. ഇപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമായി നടക്കുന്ന ഓഫർ സെയിലിൽ ഐഫോൺ 16 ഏറ്റവും വിലക്കുറവിൽ എവിടെയാണ് വാങ്ങാൻ ലഭ്യമാകുക എന്ന് ഇവിടെ പരിചയപ്പെടാം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐഫോൺ 16 മോഡലിന്റെ 128GB അടിസ്ഥാന വേരിയന്റിന് 79,900 രൂപയും 256GB വേരിയന്റിന് 89,900 രൂപയും 512GB വേരിയന്റിന് 1,09,900 രൂപയും ആയിരുന്നു വില. ആപ്പിളിന്റെ ഇന്ത്യയിലെ വെബ്സൈറ്റിൽ ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ഫ്രീഡം സെയിലിൽ ഐഫോൺ 16 അടിസ്ഥാന മോഡൽ 9901 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 69999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ വിവിധ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി 49999 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് ഈ ഐഫോൺ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ എക്സ്ചേഞ്ച് നൽകുന്ന സ്മാർട്ട്ഫോണിന്റെ മോഡൽ, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ച് ആണ് അന്തിമ മൂല്യം നിശ്ചയിക്കുക എന്നകാര്യം ശ്രദ്ധിക്കുക. എക്സ്ചേഞ്ച് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുന്നതോടെ യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും എന്നത് ഐഫോൺ ആരാധകരെ സംബന്ധിച്ച് നേട്ടമാണ്.

ഫ്ലിപ്പ്കാർട്ടിലേതിൽ നിന്ന് വളരെ വ്യത്യസ്തമായ ഓഫറാണ് ഐഫോൺ 16ന് ആമസോണിൽ ലഭ്യമായിരിക്കുന്നത്. ആമസോൺ ഐഫോൺ 16 അടിസ്ഥാന മോഡൽ 72,300 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് ഫ്ലിപ്പ്കാർട്ടിലെ വിലയെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്ന് തോന്നാം. എന്നാൽ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് നൽകിക്കൊണ്ട് ഈ വിലക്കൂടുതൽ ആമസോൺ പരിഹരിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ ഐഫോൺ 16 ന് ആമസോണിൽ 4000 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. അതിനാൽ 68,300 രൂപ വിലയിൽ ആമസോണിൽ നിന്ന് ഇത് വാങ്ങാനാകും. ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുന്നതോടെ ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവിൽ ആമസോണിൽ ഐഫോൺ 16 ലഭ്യമാകുന്നു എന്ന് വ്യക്തം.
ഫ്ലിപ്പ്കാർട്ടിലേത് പോലെ ആമസോണും ഐഫോൺ 16ന് എക്സ്ചേഞ്ച് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി 55000 രൂപ വരെയാണ് ആമസോൺ എക്സ്ചേഞ്ച് മൂല്യമായി വാഗ്ദാനം ചെയ്യുന്നത്. ഇതും ഫ്ലിപ്പ്കാർട്ടിലെ ഡീലിനെക്കാൾ ലാഭകരമാണ്. ഐഫോൺ 16 സീരീസിന്റെ പിൻഗാമിയായി പുതിയ ഐഫോൺ 17 സീരീസ് അടുത്ത മാസം അതായത് സെപ്റ്റംബറിൽ ലോഞ്ച് ചെയ്യും എന്ന് കരുതപ്പെടുന്നു.

സെപ്റ്റംബറർ 9ന് പുതിയ ഐഫോൺ 17 സീരീസ് ലോഞ്ച് ഉണ്ടാകും എന്നാണ് ഒരു ജർമ്മൻ പ്രാദേശിക മാധ്യമം കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. എന്നാൽ ലോഞ്ച് തിയതി ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണത്തെ ഐഫോൺ 17 സീരീസിന്റെ മുഖ്യ ആകർഷണം ഐഫോൺ 17 എയർ മോഡൽ ആയിരിക്കും. ഏറ്റവും സ്ലം ഐഫോൺ എന്ന വിശേഷണത്തോടെയാണ് ഇത് എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


Click it and Unblock the Notifications








