സാംസങ്ങിനൊപ്പം ഗൂഗിളും കൈകോർത്തു; ഗാലക്സി S24 സീരീസ് സ്ക്രീനിൽ വട്ടത്തിൽ എഐ അദ്ഭുതം വിരിഞ്ഞു
സാംസങ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായി ഗാലക്സി എസ്24 സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. ഗാലക്സി എസ്23 സീരീസിന്റെ പിൻഗാമിയായി സാംസങ് അവതരിപ്പിച്ച ഗാലക്സി എസ്24 സീരീസ് എഐയുടെ അദ്ഭുതലോകം സ്മാർട്ട്ഫോണുകളിലേക്ക് കൊണ്ടുവന്നിരിക്കുന്നു. പുതിയ ടെക്നോളജികളിലേക്കുള്ള സ്മാർട്ട്ഫോണുകളുടെ വളർച്ച ഗാലക്സി എസ്24 സീരീസിലൂടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
ഭാവിയുടെ ടെക്നോളജിയെന്ന് വിശേഷിപ്പിക്കപ്പടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സാധ്യതകൾ സ്മാർട്ട്ഫോണുകളിലേക്ക് കൊണ്ടുവരാൻ സാംസങ് നേരത്തെതന്നെ ശ്രമങ്ങൾ ആരംഭിക്കുകയും ഗാലക്സി എഐ (Samsung Galaxy AI) എന്ന പ്രോജക്ട് തയാറാക്കുകയും ചെയ്തു. ഇന്നലെ ഗാലക്സി എസ്24 സീരീസിനൊപ്പം ഗാലക്സി എഐയെയും സാംസങ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി.

സാംസങ് ഗാലക്സി എസ്24 സീരീസിന്റെ ലോഞ്ചിന് പിന്നാലെ വൻ വരവേൽപ്പാണ് ഗാലക്സി എഐക്ക് ടെക് ലോകത്ത് ലഭിച്ചിരിക്കുന്നത്. ഭാവിയിൽ മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളിലും എഐയുടെ മാസ്മരിക ലോകം എത്താൻ ഗാലക്സി എഐ പ്രചോദനമാകും എന്നാണ് പൊതു വിലയിരുത്തൽ. സ്മാർട്ട്ഫോൺ ടെക്നോളജിയെയും ഉപയോഗത്തെയും അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ ഗാലക്സി എഐക്ക് കഴിഞ്ഞിരിക്കുന്നു.
സ്മാർട്ട്ഫോണുകളിൽ എഐ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗാലക്സി എഐ പരീക്ഷണങ്ങൾ സാംസങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. ടെക്നോളജി രംഗത്തെ വമ്പൻ കമ്പനികളിലൊന്നും സെർച്ച് എൻജിൻ ഭീമനുമായ ഗൂഗിളുമായുള്ള സഹകരണം ഗാലക്സി എഐയെ മികച്ചതാക്കാനും അതുവഴി ഗാലക്സി എസ്24 സീരീസിന്റെ പ്രാധാന്യം വർധിപ്പിക്കാനും സാംസങ്ങിനെ സഹായിച്ചു.
ഗൂഗിളും സാംസങ്ങും കൈകോർത്തതോടെ എഐയുടെ ഒരു അദ്ഭുതപ്രപഞ്ചമാണ് ഗാലക്സി എസ്24 സീരീസ് ഫോണുകളിലൂടെ ഉപയോക്താക്കളിലേക്ക് എത്തുന്നത് എന്ന് ലോഞ്ച് ഇവന്റിലെ ഗാലക്സി എഐയുടെ പരിചയപ്പെടുത്തൽ വ്യക്തമാക്കുന്നു. പുതിയ എഐ പിന്തുണയാൽ ക്യാമറ, സെർച്ചിങ്, ദൈനംദിന ആവശ്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ എസ്24 സീരീസ് ഫോണുകൾക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിൽ ചിലത് പരിചയപ്പെടാം.
സെർച്ച് സർക്കിൾ: ഗൂഗിളിന്റെ ഈ പുതിയ എഐ സെർച്ചിങ് ഫീച്ചർ ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ഗാലക്സി എസ്24 സീരീസ് ഫോണുകളാണ്. ഫോൺ സ്ക്രീനിൽ കാണുന്ന എന്തിനെക്കുറിച്ചും കൂടുതൽ അറിയാൻ ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച് ഫീച്ചർ സഹായിക്കും. ഹോം ബട്ടനിലോ ജസ്റ്റർ ബാറിലോ ലോങ്പ്രസ് ചെയ്താൽ ഈ ഫീച്ചർ ലഭ്യമാകും.
സ്ക്രീനിൽ കാണുന്ന എന്തിനെപ്പറ്റിയാണോ അറിയേണ്ടത് അതിന് ചുറ്റും ഒരു സർക്കിൾ വരയ്ക്കാൻ ഓപ്ഷനുണ്ടാകും ഇത്തരത്തിൽ അറിയേണ്ട സബ്ജക്ട് മാർക്ക് ചെയ്താൽ എഐ ഫീച്ചർ ഉപയോഗിച്ച് അതിന്റെ കൂടുതൽ വിവരങ്ങൾ ഗൂഗിൾ ലഭ്യമാക്കുന്നു. സെർച്ചിനായി മറ്റൊരു ആപ്പിന്റെ സഹായം തേടാതെ ഉപയോഗിക്കുന്ന സ്ക്രീനിൽ വച്ചുതന്നെ അതിനെ കണ്ടെത്താം എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

ലൈവ് ട്രാൻസ്ലേഷൻ: കാണുന്നത് തൽസമയം കൺമുന്നിലെത്തിക്കുന്ന സർക്കിൾ ടു സെർച്ച് ഫീച്ചർ മാത്രമല്ല, കേൾക്കുന്നത് തൽസമയം ട്രാൻസ്ലേറ്റ് ചെയ്യുന്ന ഫീച്ചറും എഐ പിന്തുണയോടെ ഗാലക്സി എസ്24 സീരീസ് അവതരിപ്പിക്കുന്നു. രണ്ട് ഭാഷ സംസാരിക്കുന്നവർക്കിടയിലെ കോളുകളും മറ്റും തത്സമയം തന്നെ ട്രാൻസ്ലേറ്റ് ചെയ്ത് വിവരങ്ങൾ പ്രദർശിപ്പിക്കാൻ ഈ ഫീച്ചറിന് സാധിക്കും.
ചാറ്റ് അസിസ്റ്റ്: ഗാലക്സി എസ്24 സീരീസ് എഐ പിന്തുണയിൽ അവതരിപ്പിക്കുന്ന മറ്റൊരു മികച്ച ഫീച്ചർ ആണിത്. മെസേജുകൾ, സോഷ്യൽ മീഡിയ എന്നിവയിൽ സംഭാഷണം ആരംഭിക്കാൻ ഉപയോക്താവിനെ സഹായിക്കാൻ ഗാലക്സി എസ്24 സീരീസിലെ ചാറ്റ് അസിസ്റ്റന്റ് സഹായിക്കും. സാംസംഗ് കീബോർഡിൽ ബിൽറ്റ് ചെയ്‌തിരിക്കുന്ന എഐക്ക് 13 ഭാഷകളിൽ തത്സമയം സന്ദേശങ്ങൾ വിവർത്തനം ചെയ്യാനും കഴിയും.
നോട്ട് അസിസ്റ്റ്: ചാറ്റുകൾക്ക് മാത്രമല്ല, ഗൗരവകരമായ നോട്ടുകൾ തയാറാക്കാനും വലിയ ടെക്സ്റ്റുകളുടെ സംഗ്രഹം ഞൊടിയിടയ്ക്കുള്ളിൽ തയാറാക്കാനും സ്റ്റാൻഡേർഡ് ഫോർമാറ്റുകളിൽ അവ അവതരിപ്പിക്കാനും സാംസങ് ഗാലക്സി എസ്24 സീരീസ് ഫോണുകളിലെ എഐ ഫീച്ചർ സഹായിക്കും. അതിന് വെറും ഒറ്റ ക്ലിക്ക് മാത്രം മതി.

വിവിധ ആവശ്യങ്ങൾക്ക് നേരിട്ട് സഹായിക്കുന്നതിന് പുറമേ ക്യാമറ അടക്കമുള്ള വിഭാഗങ്ങളിൽ കൂടുതൽ മികവ് നൽകാനും ഗാലക്സി എഐക്ക് സാധിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി എസ്24 സീരീസ് പുതിയ പ്രോവിഷ്വൽ എഞ്ചിൻ പായ്ക്ക് ചെയ്യുന്നു, ഇത് കണ്ടന്റുകൾ സൃഷ്‌ടിക്കുന്നതിന് എഐ പവർ ടൂളുകൾ ഉപയോഗിക്കുകയും 100X വരെയുള്ള വിവിധ സൂം ലെവലുകളിൽ ഫോട്ടോകൾ പകർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള എഡിറ്റിങ് ആണ് ഗാലക്സി എസ്24 സീരീസിലെ മറ്റൊരു പ്രത്യേകത. ഇത് സ്മാർട്ട്ഫോൺ ഉപയോഗിച്ചുള്ള എഡിറ്റിങ്ങിനെ അടുത്ത തലത്തിലേക്ക് ഉയർത്തുന്നു. എന്നാൽ അതേസമയം തന്നെ തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് തടയാൻ എഐ ചിത്രങ്ങളിൽ പ്രത്യേക വാട്ടർമാർക്കും മെറ്റാഡാറ്റയും ചേർക്കുകയും ചെയ്യുന്നു.
പുറത്തിറങ്ങാൻ പോകുന്ന സാംസങ് സ്മാർട്ട്ഫോണുകളിലും കൂടുതൽ ഗാലക്സി എഐ ഫീച്ചറുകൾ പ്രതീക്ഷിക്കാം. ആളുകൾ ഏറ്റവുമധികം ഉപയോഗിക്കുന്ന സ്മാർട്ട്ഫോണിൽ എഐ ഫീച്ചറുകൾ കൊണ്ടുവരുന്നതിലൂടെ എഐയെ കൂടുതൽ ജനകീയമാക്കാനും അതിന്റെ നേട്ടം ഉപയോക്താക്കൾക്ക് പകരാനും സാംസങ്ങിന് കഴിയും. എന്നാൽ 2025 വരെയാണ് ഗാലക്സി ഫോണുകളിൽ ഗാലക്സി എഐ ഫീച്ചറുകൾ സൗജന്യമായി ലഭിക്കുക. അതിനുശേഷം പണം നൽകേണ്ടിവന്നേക്കാം.


Click it and Unblock the Notifications








