ഐഫോണ്‍ 4എസ്: ബുക്കിംഗ് ഇന്നു മുതല്‍

Posted By:

ഐഫോണ്‍ 4എസ്: ബുക്കിംഗ് ഇന്നു മുതല്‍

എയര്‍സെല്‍ ആപ്പിളിന്റെ ഐഫോണ്‍ 4എസ് ഈ 25ന് ഇന്ത്യയിലെത്തിക്കുന്നു എന്ന വാര്‍ത്ത ഇന്ത്യന്‍ ആപ്പിള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.  ഇപ്പോഴിതാ എയര്‍സെല്ലിന്റെ പുതിയ പ്രഖ്യാപനം, ഇന്ന്, നവംബര്‍ 18 മുതല്‍ ഐഫോണ്‍ 4എസിനായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു എന്നതാണ്.

ഈ പ്രീ-ബുക്കിംഗ് സംവിധാനം വഴി ഐഫോണ്‍ 4എസ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഇന്നുമുതല്‍ ബുക്ക് ചെയ്ത് തങ്ങളുടെ ഐഫോണ്‍ 4എസ് ഉറപ്പാക്കാനുള്ള സൗകര്യമാണ് എയര്‍സെല്‍ ഒരുക്കിയിരിക്കുന്നത്.

എയര്‍സെല്ലിന്റെ സിഡിഎംഎ ഉപഭോക്താക്കള്‍ക്കൊപ്പം ജിഎസ്എം ഉപഭോക്താക്കളെയും സന്തോഷിപ്പിക്കുന്ന ഒരു കാര്യവും കൂടിയുണ്ട് ഐഫോണ്‍ 4എസിന്റെ വരവില്‍.  സിഡിഎംഎ ഉപഭോക്താക്കള്‍ക്കൊപ്പം ജിഎസ്എം ഉപഭോക്താക്കള്‍ക്കും ഐഫോണ്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

എയര്‍സെല്‍ എന്തൊക്കെ ഓഫറുകളും, സ്‌കീമുകളുമാണ് ഐഫോണ്‍ 4എസ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നതിനെ പറ്റി തല്‍ക്കാലം ഒരു സൂചനയും ലഭ്യമല്ല.  എന്നാല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും കൂടുതല്‍ ഓഫറുകള്‍ ലഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്റ്റീവ് ജോബ്‌സിന്റെ നിര്യാണവും ഐഫോണ്‍ 4എസിന്റെ ലോഞ്ചിംഗും ഒന്നിച്ചായതും യാദൃശ്ചികം.  ഐഫോണ്‍ 4ന്റെ അപ് ഗ്രേഡഡ് മോഡല്‍ ആണ് 4എസ്.  രണ്ട് ഐഫോണുകളുടേയും ഡിസ്‌പ്ലേ ഒരു പോലെയാണെങ്കിലും, ക്യാമറയുടെ കാര്യത്തില്‍ ഐഫോണ്‍ 4എസ് ഐഫോണ്‍ 4നെ പിന്നിലാക്കുന്നു.  ഐഫോണ്‍ 4ന്റേത് 5 മെഗാപിക്‌സല്‍ ക്യാമറയാണെങ്കില്‍, ഐഫോണ്‍ 4എസിന്റേത് 8 മെഗാപിക്‌സല്‍ ക്യാമറയാണ്.

കാര്‍ഡ് ഒന്നിന് 2.99 ഡോളര്‍ വെച്ച് ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അയക്കാമെന്നതും, സിരി എന്നറിപ്പെടുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ് വോയ്‌സ്-ആക്റ്റിവേറ്റഡ് സര്‍വ്വീസ് എന്നിവ ഐഫോണ്‍ ഉപഭോക്താക്കളുടെ ആകാംഷ വര്‍ദ്ധിപ്പിക്കും എന്നതു തീര്‍ച്ചയാണ്.  കൂടുതല്‍ മികച്ച ക്യാമറ റെസൊലൂഷന്‍ സെന്‍സര്‍, വേഗത കൂടിയ പ്രോസസ്സര്‍ തുടങ്ങിയവ ഐഫോണ്‍ 4എസിനെ പഴയ ഐഫോണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

സിരി എന്ന തികച്ചും നൂതനമായ ആപ്ലിക്കേഷന്‍ വഴി നമ്മുടെ കമാന്‍ഡുകള്‍, ചോദ്യങ്ങള്‍ എന്നിവയ്ക്ക് പ്രതികരണം ലഭിക്കുമെന്നത് ഇതുവരെ ഇറങ്ങിയിട്ടുള്ള ഐഫോണുകളില്‍ നിന്നും ഐഫോണ്‍ 4എസിനെ വേറിട്ടു നിര്‍ത്തും.

മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത, വിന്‍ഡോസ്,. മാക് കമ്പ്യൂട്ടറുകളുമായി വയര്‍ലെസ് കണക്ഷന്‍ സാധ്യമാകുന്നുവെന്നതാണ്.  ഇതിനു പുറമെ, ആപ്പിളിന്റെ പുതിയ സോഫ്റ്റ് വെയറായ iOS 5 ഇതില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്നു എന്നതാണ്.

ഈ സോഫ്റ്റ് വെയര്‍ ഐഫോണിന്റെ 3ജി, 4ജി മോഡലുകളിലും, ഒക്ടോബര്‍ 12 മുതല്‍ ഐപോഡ് ടച്ച് മോഡലുകളിലും, രണ്ട് ഐപാഡ് മോഡലുകളിലും ലഭ്യമായിരിക്കും.

ഓരോ പുതിയ ആപ്പിള്‍ ഉല്‍പന്നവും പഴയവയുടെ മുകളില്ലല്ലാതെ താഴെ നില്‍ക്കില്ല എന്ന കാര്യം ആപ്പിള്‍ ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ് ആപ്പിള്‍ ഇവിടെ.

ഒക്ടോബര്‍ 14നാണ് ആപ്പിള്‍ ഐഫോണ്‍ 4എസ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആദ്യമായി പുറത്തിറങ്ങിയത്.  അന്നുമുതല്‍ ഇന്ത്യയിലെ ഗാഡ്ജറ്റ് പ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 70 രാജ്യങ്ങളില്‍ ഐഫോണ്‍ 4എസ് ലഭ്യമാവും എന്നാണ് ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം.

16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്ത മൂന്നു മോഡലുകള്‍ ഉണ്ട് ഐഫോണ്‍ 4 എസിന്.  താരതമ്യേന ഐഫോണ്‍ 4എസിന് വില അല്‍പം കൂടുതല്‍ ആണ്.  16 ജിബി മോഡലിന് ഏകദേശം 40,000 രൂപയോളം വില വരും.  അതു 64 ജിബിയിലെത്തുമ്പോഴേക്കും 50,000 രൂപ കടക്കും.

ഐഫോണ്‍ 4എസിന്റെ ലോഞ്ചോടെ മറ്റു ആപ്പിള്‍ ഉല്‍പന്നങ്ങളായ ഐഫോണ്‍ 4, ഐഫോണ്‍ 3ജിഎസ് എന്നിവയുടെ വില യഥാക്രമം 34,500 രൂപയും, 19,990 രൂപയുമായി കുറഞ്ഞു കഴിഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot