ഇപ്പോൾ ഏറ്റവും കുറഞ്ഞ വില 81,499 രൂപ; 23 മുതൽ 71999 രൂപ; ഗാലക്സി S24 അൾട്ര ഡീൽ പ്രഖ്യാപിച്ചു
സാംസങ്ങിന്റെ ഗാലക്സി സ്മാർട്ട്ഫോണുകളിലെ തലയെടുപ്പുള്ള കൊമ്പന്മാരുടെ നിരയിൽ വരുന്നവയാണ് എസ് സീരീസിലെ അൾട്ര മോഡലുകൾ. നിലവിൽ ഏറ്റവും മികച്ച ഗാലക്സി എസ് സീരീസ് അൾട്ര മോഡൽ എസ്25 അൾട്രയാണ്. എന്നാൽ എസ്25 അൾട്രയുടെ അടിസ്ഥാന മോഡലിന് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വില വരും. പക്ഷേ കുറഞ്ഞ വിലയിൽ സാംസങ് ഗാലക്സി അൾട്ര മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഒട്ടും നിരാശരാകേണ്ടതില്ല. ഇപ്പോൾ ലഭിക്കുന്നതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ എസ്24 അൾട്ര സെപ്റ്റംബർ 23 മുതൽ വാങ്ങാനാകും. കാരണം ഇന്ത്യയിൽ 23 മുതൽ ഫെസ്റ്റിവൽ സെയിലുകൾ ആരംഭിക്കുകയാണ്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 സെയിലും 23ന് ആണ് ആരംഭിക്കുന്നത്. സെയിലിന് മുൻപ് തന്നെ ഈ ഡിസ്കൗണ്ട് സെയിലിൽ ഓഫർ സഹിതം വാങ്ങാനാകുന്ന ചില സ്മാർട്ട്ഫോണുകളുടെ വിവരങ്ങൾ ആമസോൺ ഇപ്പോൾ തങ്ങളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൽ സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ ഗാലക്സി S24 അൾട്ര (Samsung Galaxy S24 Ultra) യുടെ ഡിസ്കൗണ്ട് വിലയും ഉണ്ട്.

എസ്24 അൾട്ര വില
ഇന്ത്യയിൽ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്24 അൾട്രയുടെ 12GB+ 256GB അടിസ്ഥാന മോഡലിന് 129,999 രൂപ ആയിരുന്നു വില. 12GB+ 512GB വേരിയന്റിന് 139,999 രൂപയും 12GB + 1TB വേരിയന്റിന് 159,999 രൂപയും വിലയുണ്ടായിരുന്നു. എന്നാൽ ഈ വർഷം എസ്25 അൾട്ര എത്തിയതോടെ മുൻ മോഡലിന്റെ വില കുറഞ്ഞു.
ഇപ്പോഴത്തെ വില
നിലവിൽ ഫ്ലിപ്പ്കാർട്ടിൽ എസ്24 അൾട്ര അടിസ്ഥാന മോഡൽ 81,499 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. അതേസമയം ആമസോണിൽ 97,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നതോടെ ഇതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ആമസോണിൽ ഈ ഫോൺ ലഭ്യമാകും.

ഫെസ്റ്റിവൽ സെയിൽ ഡീലുകൾ വെളിപ്പെടുത്തിയിരിക്കുന്ന ആമസോൺ വെബ്പേജിൽ പറഞ്ഞിരിക്കുന്നത് ഗാലക്സി എസ്24 അൾട്ര ഓഫർ സമയത്ത് 71999 രൂപ വിലയിൽ വാങ്ങാനാകുമെന്നാണ്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് മികച്ച ഡീൽ ആണ്. അടുത്തിടെ നടന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ എസ്24 അൾട്ര 74999 രൂപ വിലയിലാണ് ലഭ്യമായത്. ഇപ്പോൾ അതിനെക്കാൾ വില കുറയും എന്നർഥം.
സാംസങ് ഗാലക്സി എസ്24 അൾട്രയുടെ പ്രധാന ഫീച്ചറുകൾ
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് എസ്24 അൾട്രയുടെ കരുത്ത്. ശക്തമായ എഐ ഫീച്ചറുകളുടെ സാന്നിധ്യവും പിന്തുണയും ഈ ഫോണിനെ കൂടുതൽ ശക്തനാക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എത്തിയത് എങ്കിലും 7 പ്രധാന ഒഎസ് അപ്ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും എസ്24 അൾട്രയ്ക്ക് ലഭിക്കുമെന്നതിനാൽ ധൈര്യമായി വാങ്ങാം.
6.8 ഇഞ്ച് ക്വാഡ്എച്ച്ഡി+ അമോലെഡ് സ്‌ക്രീൻ ഗാലക്സി എസ്24 അൾട്രയിൽ ഉണ്ട്. ഇതിലെ ക്വാഡ് ക്യാമറ സജ്ജീകരണവും പ്രശസ്തമാണ്. 200MP പ്രൈമറി ക്യാമറ, 12MP അൾട്രാ വൈഡ് ക്യാമറ, 5എക്‌സ് ഒപ്റ്റിക്കൽ സൂം ഉള്ള 50MP ടെലിഫോട്ടോ ക്യാമറ, 10MP ക്യാമറ എന്നിവ അടങ്ങുന്നതാണ് എസ്24 അൾട്രയിലെ റിയർ ക്യാമറ സജ്ജീകരണം.

സെൽഫിയ്ക്കായി 12MP ക്യാമറയും എസ്24 അൾട്രയിൽ ഉണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ ഇത് വാങ്ങാനാകും. അതേസമയം ഗാലക്സി എസ്24 അൾട്രയുടെ ഫ്ലിപ്പ്കാർട്ടിലെ ഫെസ്റ്റിവൽ വില നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. അതുകൂടി വന്നാലേ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഏറ്റവും വിലക്കുറവിൽ ഇത് എവിടെയാണ് ലഭ്യമാകുക എന്ന് ഉറപ്പിക്കാനാകൂ.


Click it and Unblock the Notifications








