ഡിസ്കൗണ്ട് സ്റ്റാർ വീണ്ടും! ഷവോമി 14 സിവി 16,500 രൂപ ഡിസ്കൗണ്ടിൽ വിൽക്കുമെന്ന് വെളിപ്പെടുത്തി ആമസോൺ
ആമസോൺ വരാൻ പോകുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ ഒന്നൊന്നായി വെളിപ്പെടുത്തി വരികയാണ്. അക്കൂട്ടത്തിൽ ഇപ്പോൾ ഷവോമി 14 സിവി 5ജി മോഡലിന്റെ ഓഫർ സെയിൽ വിലയും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. ഫെസ്റ്റിവൽ സെയിൽ സമയത്ത് ഇത് വെറും 26499 രൂപ വിലയിൽ വാങ്ങാനാകും എന്ന് ആമസോൺ ടീസർ വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഷവോമി 14 സിവിയുടെ 8ജിബി+ 256ജിബി അടിസ്ഥാന മോഡലിന് 42,999 രൂപയും 12ജിബി+ 512ജിബി മോഡലിന് 50,999 രൂപയുമായിരുന്നു വില.
ഷവോമി കഴിഞ്ഞ വർഷം പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോൺ ആണ് ഷവോമി 14 സിവി 5ജി (Xiaomi 14 CIVI 5G). പിന്നീട് പല ഓഫർ സെയിലുകളിലും ഈ ഫോൺ വിലക്കുറവുമായി എത്താറുണ്ടായിരുന്നു. ഓരോ ഓഫർ സെയിലുകളിലും ഇതിന്റെ ഡിസ്കൗണ്ട് കൂടുകയും വില കുറയുകയും ചെയ്തുവന്നു.

ഏറ്റവുമൊടുവിൽ വൻ വിലക്കുറവ് ലഭ്യമായത് അടുത്തിടെ നടന്ന ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ആയിരുന്നു. അന്ന് ആമസോൺ ഇതിന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തത് വെറും 31999 രൂപ വിലയിലായിരുന്നു. 11000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിരുന്നു.
കഴിഞ്ഞ തവണത്തെ ഓഫർ സെയിലിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിലാണ് ഇത്തവണ ഫെസ്റ്റിവൽ സെയിലിൽ ഷവോമി 14 സിവി വിൽപ്പനയ്ക്ക് എത്തുന്നത്. അതായത്, ഏതാണ്ട് 16,500 രൂപ ഡിസ്കൗണ്ടിന് ശേഷം വെറും 26499 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകുമെന്ന് ആമസോൺ പറയുന്നു.

42999 രൂപ വിലയുള്ള ഒരു കിടിലൻ സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ ഇത്രയും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് എന്നത് ഏറെ ആകർഷകമാണ്. പലപ്പോഴും ചില മോഡലുകൾ മുൻപ് ഓഫർ സെയിലുകളിൽ ലഭിച്ച അതേ വിലയിൽ തന്നെ വിലക്കുറവ് എന്ന പേരിൽ ലിസ്റ്റ് ചെയ്യപ്പെടാറുണ്ട്. എന്നാലിവിടെ ശരിക്കും വിലക്കുറവ് ഈ ഷവോമി 14 സിവിക്ക് ലഭിച്ചിരിക്കുന്നു.
ഷവോമി 14 സിവിയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് 1.5K C8 12-ബിറ്റ് OLED 20:9 ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
അഡ്രിനോ 735 GPU, 8GB / 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 67W ഫാസ്റ്റ് ചാർജിംഗുള്ള 4700mAh ബാറ്ററി ആണ് ഇതിൽ ഉള്ളത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ നൽകിയിരിക്കുന്നു.

ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസറുള്ള 50MP പ്രൈമറി സെൻസർ (OIS സഹിതം), 50എംഎം പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത്, 2x സൂം എന്നിവയുള്ള 50എംപി ടെലിഫോട്ടോ ലെൻസ്, 120 ഡിഗ്രി ഫീൽഡ് വ്യൂവും 15എംഎം തത്തുല്യ ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്ന 12എംപി അൾട്രാ വൈഡ് ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഷവോമി 14 സിവിയിൽ ഉണ്ട്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 32എംപി പ്രധാന സെൽഫി ക്യാമറയും (OmniVision Samsung S5K3D2) 32എംപി അൾട്രാ വൈഡ് ലെൻസും ഉണ്ട്. ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, എന്നിവയാണ് ഷവോമി 14 സിവിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








