ആമസോൺ പ്രൈം ഡേ സെയിൽ: ഏതൊക്കെ വിലയിൽ എന്തൊക്കെ വാങ്ങാം
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 15 ന് ആരംഭിക്കുകയാണ്. ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ളവ മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് പ്രൈം ഡേ സെയിൽ തുറന്നുനൽകുന്നത്. 48 മണിക്കൂറായി നടക്കുന്ന സെയിലിൽ വൻ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
സെയിൽ തീയതി പ്രഖ്യാപിച്ചെങ്കിലും ലഭ്യമാകുന്ന ഓഫറുകളെ സംബന്ധിച്ച് പതിവ്പോലെ, കാര്യമായ വെളിപ്പെടുത്തലുകൾ ആമസോൺ പുറത്തുവിട്ടിട്ടില്ല. ഇവന്റിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ് നിലനിർത്താൻ ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള കമ്പനികൾ സാധാരണയായി ഈ തന്ത്രം പ്രയോഗിക്കാറുണ്ട്. സെയിലിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ക്രമേണ ഡിസ്കൗണ്ട് ലഭ്യമാകുന്നവയുടെ വിവരങ്ങൾ പുറത്തുവിടുകയാണ് പതിവ്.

ഇതിന് മുമ്പ് ആമസോൺ നടത്തിയിട്ടുള്ള ഓഫർ സെയിലുകളിലെ സ്മാർട്ട്ഫോണുകളുടെ വിലയും ലഭിച്ച ഡിസ്കൗണ്ടുകളും പരിശോധിച്ചാൽ വരാൻ പോകുന്ന പ്രൈം ഡേ സെയിൽ ഇവന്റിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഓഫറുകളുടെയും വിലയുടെയും ഒരു ഏകദേശ രൂപം കിട്ടും. അത് അനുസരിച്ച് ആളുകൾക്ക് ഒരു ഷോപ്പിംഗ് ലിസ്റ്റ് സൃഷ്ടിക്കാവുന്നതാണ്.
പുതിയ ഫോൺ വാങ്ങാനുദ്ദേശിക്കുന്നവർക്ക്, 20K, 30K, Rs 40K, Rs 50K വില വിഭാഗങ്ങളിൽ ധാരാളം ഓപ്ഷനുകൾ പ്രൈം ഡേ സെയിലിൽ ആമസോൺ നൽകും. ഈ വർഷം ആമസോൺ പ്രൈം സെയിലിൽ ഡിസ്കൗണ്ടും ഓഫറുകളും ലഭ്യമാകുന്ന ചില ഉൽപ്പന്നങ്ങൾ ഇവിടെ പരിചയപ്പെടാം.

ഐഫോൺ 14: പ്രൈം ഡേ സെയിലിൽ 60,000 രൂപയിൽ താഴെവിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ അവസരം ഉണ്ടാകും. ഏത് ഓഫർ സെയിലിലും ഐഫോൺ 14 വൻ ഡിമാൻഡാണ് അനുഭവപ്പെടാറുള്ളത്. അതിനാൽ ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിൽപ്പന ആരംഭിക്കുമ്പോൾത്തന്നെ വാങ്ങാൻ തയാറെടുത്തിരിക്കുന്നത് നല്ലതാണ്.
ഐക്യൂ 11: പുതിയ ഐക്യൂ 11 പ്രൈം ഡേ സെയിലിൽ 50000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ 54,999 രൂപയാണിതിന്റെ വില. പ്രൈം ഡേ സെയിലിൽ, ഓഫറുകൾക്കൊപ്പം വില 49,000 രൂപയായി കുറയ്ക്കാൻ സാധിച്ചേക്കും. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് കരുത്തിലാണ് ഐക്യൂ 11 എത്തുന്നത്.
റെഡ്മി കെ50ഐ: 30000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച ഓപ്ഷനുകളിലൊന്നാണ് കെ50ഐ. ഇതിനകം തന്നെ മികച്ച ഡിസ്കൗണ്ടിൽ കെ50ഐ ലഭ്യമാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപയാണ് വില. പ്രൈം ഡേ സെയിലിൽ, കെ50ഐക്ക് ബാങ്ക് ഓഫറുകൾ ഇല്ലാതെതന്നെ 21,000-22,000 രൂപവരെ വില കുറഞ്ഞേക്കാം.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്: ഈ മോഡലിന്റെ 8ജിബി റാം വേരിയന്റ് നിലവിൽ 19,999 രൂപയ്ക്ക് ലഭ്യമാണ്. പ്രൈം ഡേ സെയിലിൽ 1,000 രൂപ ഡിസ്കൗണ്ട് പ്രതീക്ഷിക്കാം. കൂടാതെ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഉപയോഗിച്ച്, വില 16,000 രൂപയായി കുറയ്ക്കാൻ കഴിഞ്ഞേക്കും.
റിയൽമി നാർസോ എൻ53: 10,000 രൂപയിൽ താഴെവിലയിൽ ലഭിക്കുന്ന മികച്ച ഓപ്ഷനുകളിലൊന്നാണ് നാർസോ എൻ53. ഫോണിന്റെ അടിസ്ഥാന വേരിയന്റ് ഇതിനകം 8,999 രൂപയ്ക്ക് ലഭ്യമാണ്. പ്രൈം ഡേ സെയിലിൽ നേരിയ വിലക്കുറവ് പ്രതീക്ഷിക്കാം. 6ജിബി റാം+ 128ജിബി സ്റ്റോറേജ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാകും നല്ലത്.
പ്രൈം ഡേ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് പുറമേ സ്മാർട്ട്ടിവിക്കും മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും വൻ വിലക്കുറവ് ഉണ്ടാകും. ആമസോൺ എക്കോയ്ക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും 55 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് ആമസോൺ വെളിപ്പെടുത്തി. ആമസോൺ എക്കോ ഡോട്ട് വിലയിൽ(6,598 രൂപ) 2,399 രൂപ കുറയും.


Click it and Unblock the Notifications








