ആമസോണിന് നല്ലത് വരട്ടെ! വില കൂട്ടിയ ഐക്യൂ 5G ഫോൺ ആമസോൺ റിപ്പബ്ലിക് ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഇന്ത്യയിലെ യുവതലമുറയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നാണ് ഐക്യൂ. ഇറക്കുന്ന സ്മാർട്ട്ഫോണുകളെല്ലാം ഹിറ്റാക്കുന്ന ഒരു ഹിറ്റ് മേക്കർ എന്ന് ഐക്യൂവിനെ വിശേഷിപ്പിച്ചാൽ അത് ഒട്ടും കൂടുതലാകില്ല. എന്നാൽ ഐക്യൂ ആരാധകരെ അടുത്തിടെ വളരെ വിഷമിപ്പിച്ച ഒന്നായിരുന്നു സ്മാർട്ട്ഫോണുകളുടെ വില വർധന. ചിപ് ക്ഷാമം സൃഷ്ടിച്ച ചിപ് വില വർധന എല്ലാ ബ്രാൻഡുകളെയും സ്മാർട്ട്ഫോണുകളുടെ വില ഉയർത്താൻ നിർബന്ധിതരാക്കി. സാധ്യമായ ഏറ്റവും മാന്യമായ വിലയിൽ ഫോണുകൾ വിപണിയിൽ എത്തിക്കാറുള്ള ഐക്യുവിനെയും ഇത് ഏറെ ബാധിച്ചു. അതിന്റെ ഫലമായി പല ഐക്യൂ സ്മാർട്ട്ഫോണുകൾക്കും വില കൂടി.
കഴിഞ്ഞ വർഷം ജൂലൈയിൽ ഐക്യൂ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z10R 5ജി (iQOO Z10R 5G). അന്ന് ഇതിന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 19,499 രൂപയും, 8GB + 256GB വേരിയന്റിന് 21,499 രൂപയും, ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 23,499 രൂപയുമായിരുന്നു വില.

എന്നാൽ അടുത്തിടെ ഉണ്ടായ വില വർധന ഐക്യൂ Z10R വേരിയന്റുകളുടെ വിലയിൽ 1000 രൂപയുടെ വർധന ഉണ്ടാക്കി. ഇപ്പോൾ 20999 രൂപ, 22999 രൂപ, 24999 രൂപ വിലകളിലാണ് ഈ ഫോൺ ലഭ്യമായിരിക്കുന്നത്. എന്നാൽ ഇത് ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ അവസരമുണ്ട്. അതിന് ആമസോണിലെ റിപ്പബ്ലിക് ഡേ സെയിലിനോട് നന്ദി പറയാം.
ജനുവരി 16 മുതൽ ആരംഭിച്ച ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ ഐക്യൂ Z10R 5ജി പുതുക്കിയ വിലയായ 20999 രൂപയ്ക്ക് തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഓഫർ സെയിലിന്റെ ഭാഗമായി 2500 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ഇതിന് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 18499 രൂപ വിലയിൽ ഈ ഫോണിന്റെ അടിസ്ഥാന മോഡൽ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും.

ഈ ഓഫർ സെയിൽ അവസാനിക്കുന്നിടം വരെയേ ഈ ഡിസ്കൗണ്ട് ലഭ്യമാകാൻ സാധ്യതയുള്ളൂ. അതിന് ശേഷം ഡിസ്കൗണ്ട് പിൻവലിക്കപ്പെടുന്നതിനാൽ കൂടിയ വിലയിൽ തന്നെ ഈ ഫോൺ വാങ്ങേണ്ടിവരും. അതിനാൽ താൽപര്യമുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തുക. അക്വാമറൈൻ, മൂൺസ്റ്റോൺ എന്നീ കളർ ഓപ്ഷനുകളിലാണ് ഐക്യൂ Z10R 5ജി ലഭ്യമായിട്ടുള്ളത്.
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഐക്യൂ ഫോണിന്റെ കരുത്ത്. സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്‌സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, വരെ 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED ക്വാഡ് കർവ്ഡ് 19.9:9 വീക്ഷണാനുപാത സ്‌ക്രീൻ HDR10+, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ, മാലി-G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഇതിലുണ്ട്.

44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററിയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








