മുതിര്‍ന്നവര്‍ക്ക് സമ്മാനിക്കാം ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍

Posted By: Super

മുതിര്‍ന്നവര്‍ക്ക് സമ്മാനിക്കാം ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍

മുതിര്‍ന്നവരെ മുന്നില്‍ കണ്ടുകൊണ്ട് ടെക്‌നോളജി ഗാഡ്ജറ്റുകള്‍ ഇറക്കുന്നതിലുള്ള പിശുക്ക് ഇന്നും തുടരുന്നു. ഇടയ്‌ക്കെപ്പോഴെങ്കിലും മാത്രമാണ് ഇവര്‍ക്കായി മൊബൈല്‍ ഫോണ്‍ പോലുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ നമ്മുടെ അച്ഛനോ അമ്മയ്‌ക്കോ മറ്റ് പ്രിയപ്പെട്ടവര്‍ക്കോ ഇണങ്ങുന്ന ഉത്പന്നങ്ങളെ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടേറിയ പണിയാണ്. വേണ്ടത്ര ഉത്പന്നങ്ങള്‍ ഇല്ലാത്തതിനാല്‍ സെലക്ഷന്‍ കുറവാണ് എന്നതാണ് പ്രധാന കാരണം. എന്തായാലും പ്രിയപ്പെട്ടവര്‍ക്കാക്കെങ്കിലും ഫോണ്‍ സമ്മാനമായി നല്‍കണമെന്നാഗ്രഹിക്കുന്നവര്‍ക്കായി ഒരു സ്മാര്‍ട്‌ഫോണിനെ പരിചയപ്പെടുത്താം ഇവിടെ.

വളരെ സങ്കീര്‍ണ്ണമായ ഇന്റര്‍ഫേസും ടെക്‌നോളജിയും ഉപയോഗിക്കുന്നതിനാലാണ് ഇന്ന് വിപണിയിലുള്ള പല മൊബൈല്‍/സ്മാര്‍ട്‌ഫോണുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇഷ്ടപ്പെടാത്തത്. ലളിതമായ പ്രവര്‍ത്തനരീതിയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഫോണ്‍ഈസി 740 അത്തരം പ്രവര്‍ത്തനമാണ് വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡ്രോയിഡിന്റെ ഫ്രോയോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്്‌ഫോണിനെ അവതരിപ്പിച്ചത് ഡോറോ എന്ന കമ്പനിയാണ്.

നേരത്തെ പറഞ്ഞ പോലെ ലളിതവത്കരിച്ച ഇന്റര്‍ഫേസുമായെത്തിയ ഫോണില്‍ കീപാഡും ടച്ച്‌സ്‌ക്രീനും വരുന്നുണ്ട്. നിലവിലെ  ആന്‍ഡ്രോയിഡ് ഫോണുകളിലുള്ള പോലെ ധാരാളം സവിശേഷതകളെ കുത്തിനിറക്കാനും കമ്പനി ശ്രമിച്ചിട്ടില്ല. ഇന്റര്‍നെറ്റ് ബ്രൗസിംഗ് സാധിക്കും എന്നതാണ് ഇതിലെ മറ്റൊരു ഗുണം. ഫോണിലെ ചെറിയ പ്രിന്റിലുള്ള അക്ഷരങ്ങളെ വായിക്കാന്‍ സഹായിക്കുന്ന ഭൂതക്കണ്ണാടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5 മെഗാപിക്‌സല്‍ ക്യാമറയും ഇതിലുണ്ട്.

3ജി, വൈഫൈ കണക്റ്റിവിറ്റിയോടെയാണ് ഫോണ്‍ഈസി 740 സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. എമര്‍ജന്‍സി കോള്‍ ബട്ടണാണ് ഫോണിന്റെ സവിശേഷതകളിലൊന്ന്. ആദ്യമേ സെറ്റ് ചെയ്ത് വെച്ച അഞ്ച് നമ്പറിലേക്ക് അത്യാവശ്യഘട്ടങ്ങളില്‍ എസ്എംഎസ് ചെയ്യാനോ കോള്‍ ചെയ്യാനോ ഈ ബട്ടണിലമര്‍ത്തിയാല്‍ മതി. യുഎസില്‍ 99 ഡോളറിലെത്തുന്ന ഈ ഫോണ്‍ 2013ന്റെ രണ്ടാം പാദത്തില്‍ യുഎസില്‍ വില്പനക്കെത്തും. ഇന്ത്യയിലെ വിലയോ ലഭ്യതയോ അറിവായിട്ടില്ല എങ്കിലും 5000 രൂപയ്ക്കും 6000 രൂപയ്ക്കും ഇടയിലാകും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot