എല്ലാവരും അറിയാൻ ആഗ്രഹിച്ച കാര്യം! പുതിയ ഐഫോൺ 17 സീരീസിന്റെ ദീപാവലി ഡിസ്കൗണ്ട് ഓഫറുകൾ ഇങ്ങനെ...
ആപ്പിൾ ഐഫോണുകൾ 17 സീരീസ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിട്ട് ഏതാണ്ട് ഒരാഴ്ചയാകുന്നു. ഇക്കഴിഞ്ഞ 19-ാം തീയതി മുതലാണ് പുതിയ ഐഫോൺ മോഡലുകൾ ആപ്പിൾ സ്റ്റോറുകൾ വഴിയും ആപ്പിൾ വെബ്സൈറ്റ് വഴിയും വിൽപ്പനയ്ക്ക് എത്തിയത്. ഇന്ത്യയിലെ കാര്യമെടുത്താൽ ഇപ്പോൾ ഇ-കൊമേഴ്സ് സൈറ്റുകളിൽ ഡിസ്കൗണ്ട് സെയിലുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുൻ വർഷങ്ങളിലെ ഐഫോൺ മോഡലുകളുടെയും പുതിയ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളുടെയും അടക്കം ഡിസ്കൗണ്ട് വിലകൾ ചർച്ചയായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ ഘട്ടത്തിൽ ഒരുപാട് ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾക്ക് ഫെസ്റ്റിവൽ ഓഫറുകൾ ലഭ്യമാണോ എന്നതാണ് അത്.
ഓഫറുകൾ എവിടെ ലഭിക്കും
പുതുതായി പുറത്തിറക്കിയ ഐഫോൺ 17 സീരീസ്, മാക്ബുക്കുകൾ, ആപ്പിൾ വാച്ച് എന്നിവയൊക്കെ വാങ്ങുന്നവർക്കായി മികച്ച ഡീൽ നൽകുന്നതിനായി ആപ്പിൾ ചില സ്പെഷൽ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ആപ്പിളിന്റെ ഈ ദീപാവലി സ്പെഷൽ ഓഫറുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഔദ്യോഗിക ആപ്പിൾ സ്റ്റോറുകളിൽ നിന്നും ലഭിക്കും.

ഇന്ത്യയിൽ ആകെ നാല് ആപ്പിൾ സ്റ്റോറുകൾ ആണ് ഉള്ളത്. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ എന്നിവയാണ് അവ. ഐഫോൺ 17 സീരീസ് ആദ്യ ദിനം തന്നെ വാങ്ങാൻ ഈ ആപ്പിൾ സ്റ്റോറുകളുടെ മുന്നിൽ നടന്ന തിക്കും തിരക്കും ലാത്തിച്ചാർജുമൊക്കെ വലിയ വാർത്തയായിരുന്നു. ആപ്പിളിന്റെ ദീപാവലി ഓഫറുകൾ ഈ ഔദ്യോഗിക സ്റ്റോറുകൾക്ക് പുറമേ അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും.
ആപ്പിൾ ദീപാവലി ഓഫറുകൾ
പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ആപ്പിൾ ദീപാവലി ഓഫറുകളുടെ ഭാഗമായി 5,000 രൂപ ക്യാഷ്ബാക്ക് ആണ് ലഭിക്കുക. മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ എന്നിവ വാങ്ങുന്നവർക്ക് അമേരിക്കൻ എക്സ്പ്രസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡ് പർച്ചേസുകളിൽ ആപ്പിൾ 10,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാഷ്ബാക്ക് കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ആപ്പിൾ ലഭ്യമാക്കിയിട്ടുണ്ട്. മിക്ക മുൻനിര ബാങ്കുകളിൽ നിന്നും നോ-കോസ്റ്റ് ഇഎംഐകൾ ലഭ്യമാണ്. ആപ്പിളിന്റെ ദീപാവലി ഓഫറുകൾ സാധാരണയായി കുറച്ച് ദിവസത്തേക്ക് മാത്രമേ ലഭ്യമാകാറുള്ളൂ. ഈ വർഷത്തെ ഫെസ്റ്റിവൽ ഓഫറുകളുടെ ദൈർഘ്യം കമ്പനി വ്യക്തമാക്കിയിട്ടില്ല, എങ്കിലും അധികദിവസത്തേക്ക് ഈ ഓഫറുകൾ കാണില്ല. അതിനാൽ, താൽപ്പര്യമുള്ളവർ എത്രയും വേഗം ഈ ഡീലുകൾ പരിഗണിക്കേണ്ടതുണ്ട്.
ആപ്പിൾ ദീപാവലി ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, ഈ ദീപാവലി ഓഫറുകൾ നിലവിലുള്ള "ആപ്പിൾ സ്റ്റോർ ഫോർ എഡ്യൂക്കേഷൻ അല്ലെങ്കിൽ കോർപ്പറേറ്റ് എംപ്ലോയി പർച്ചേസ് പ്ലാൻ പ്രൈസിംഗ്" പോലുള്ള ഓഫറുകളുമായി സംയോജിപ്പിക്കാൻ കഴിയില്ല.
ഐഫോൺ 17 സീരീസ് മോഡലുകളുടെ ഇന്ത്യയിലെ യഥാർഥ വില
ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന പുതിയ മോഡൽ ഐഫോൺ 17 ആണ്. ഇതിന്റെ 256GB വേരിയന്റിന് 82,900 രൂപയും 512GB വേരിയന്റിന് 1,02,900 രൂപയും ആണ് വില. തൊട്ടടുത്ത ഓപ്ഷൻ ഏറ്റവും സ്ലിം ഐഫോൺ എന്ന പ്രത്യേകതയുമായി എത്തിയ ഐഫോൺ 17 എയർ ആണ്. ഇതിന്റെ 256GB വേരിയന്റിന് 119900 രൂപയും 512GB വേരിയന്റിന് 139900 രൂപയും 1TB വേരിയന്റിന് 159900 രൂപയും ആണ് വില.

പ്രോ മോഡലുകളുടെ കാര്യമെടുത്താൽ ഐഫോൺ 17 പ്രോയുടെ 256GB വേരിയന്റിന് 134900 രൂപയും 512GB വേരിയന്റിന് 154900 രൂപയും 1TB വേരിയന്റിന് 174900 രൂപയും ആണ് വില. ഏറ്റവും വില കൂടിയ ഐഫോൺ 17 പ്രോ മാക്സിന്റെ 256GB അടിസ്ഥാന വേരിയന്റ് 149900 രൂപ വിലയിൽ എത്തുന്നു. ഇതിന്റെ 512GB വേരിയന്റിന് 169900 രൂപയും 1TB വേരിയന്റിന് 189900 രൂപയും 2TB വേരിയന്റിന് 229900 രൂപയും ആണ് വില.


Click it and Unblock the Notifications








