സെപ്റ്റംബർ അടുത്തു എന്നാൽ ഐഫോൺ ലോഞ്ച് അടുത്തു എന്നർഥം! ഇക്കൊല്ലത്തെ സർപ്രൈസുകൾ എന്തൊക്കെ
സെപ്റ്റംബർ അടുത്തുകൊണ്ടിരിക്കുകയാണ്, സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം അതിനർഥം പുതിയ ഐഫോൺ സീരീസ് ലോഞ്ച് അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ്. സാധാരണയായി സെപ്റ്റംബർ തുടക്കത്തിലാണ് പുതിയ ഐഫോൺ മോഡലുകൾ എത്താറുള്ളത്. ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഇക്കൊല്ലം സെപ്റ്റംബർ 9ന് പുതിയ ഐഫോൺ 17 സീരീസ് ഫോണുകൾ എത്തും എന്നാണ്. സാധാരണയായി ലോഞ്ചിന് ഒന്ന്- രണ്ട് ആഴ്ച മുൻപാണ് ആപ്പിൾ ലോഞ്ച് തിയതി പ്രഖ്യാപിക്കുകയും ഇവന്റിലേക്കുള്ള ക്ഷണിക്കൽ ആരംഭിക്കുകയും ചെയ്യാറുള്ളത്. അതായത് ലോഞ്ച് ഇവന്റ് തിയതി ആപ്പിൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ സമയം ആയി വരുന്നതേയുള്ളൂ എന്ന്. അതുവരെ ലീക്ക് റിപ്പോർട്ടുകൾ പറയുന്ന തിയതി വിശ്വസിച്ച് മുന്നോട്ട് പോകാം.
ഐഫോൺ 17 സീരീസ് ലോഞ്ച് അടുക്കും തോറും വരാൻ പോകുന്ന ഫോണുകളെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് വർധിച്ചിട്ടുണ്ട്. അടുത്തിടെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ ലീക്ക് റിപ്പോർട്ട് ആയി പ്രചരിച്ചിരുന്നു. ഇത്തവണ ഐഫോൺ 17 സീരീസ് എത്തുക എല്ലാ മോഡലുകളിലും 50 ഡോളറിന്റെ വില വർധനവോടെ ആണ് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

മറ്റൊരു സുപ്രധാന മാറ്റമായി പറയപ്പെടുന്നത് മോഡലുകളുടെ അടിസ്ഥാന സ്റ്റോറേജ് ശേഷി ഉയരും എന്നതാണ്. അതായത് ഐഫോൺ 17 സീരീസിൽ അടിസ്ഥാന സ്റ്റോറേജ് ശേഷി നിലവിൽ പല മോഡലുകളിലുമുള്ള 128GB യിൽ നിന്ന് 256GB ആയി ഉയർത്തും എന്നതാണ്. മോഡലുകളുടെ വില കൂടുന്നതിന്റെ പല കാരണങ്ങളിൽ ഒന്ന് ഈ സ്റ്റോറേജ് വർധന ആണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റവും കനം കുറഞ്ഞ ഐഫോൺ
ഐഫോൺ 17 എയർ ആപ്പിളിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഫോണായിരിക്കും എന്നതാണ് മറ്റൊരു അഭ്യൂഹം. ആപ്പിൾ തങ്ങളുടെ അൾട്രാലൈറ്റ് ലാപ്‌ടോപ്പുകളിൽ നിന്ന് "എയർ" എന്ന പേര് കടമെടുത്താണ് ഐഫോൺ 17 എയർ എന്ന പേര് ഈ സ്ലിം ഫോണിന് നൽകിയിരിക്കുന്നത് എന്ന് ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു.
ഐഫോൺ 17 എയറിന്റെ ഫീച്ചറുകൾ സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് ഇതിൽ ഈ വർഷം ആദ്യം അവതരിപ്പിച്ച A19 ചിപ്പിന്റെ കുറഞ്ഞ വേരിയന്റ് ആണ് ഉണ്ടാകുക എന്നതാണ്. ഒരു സിംഗിൾ റിയർ ക്യാമറ മാത്രമേ ഇതിൽ ഉള്ളൂ എന്നതാണ് മറ്റൊരു വിവരം. പുറത്തുവന്ന ചില ലീക്ക് ചിത്രങ്ങൾ ഇത് സ്ഥിരീകരിക്കുന്നുണ്ട്.
ആപ്പിളിന്റെ ഇൻ-ഹൗസ് മോഡം, 6.6 ഇഞ്ച് സ്‌ക്രീൻ, ഡൈനാമിക് ഐലൻഡ്, ക്യാമറ കൺട്രോൾ ബട്ടൺ, ടൈറ്റാനിയം ഫ്രെയിം എന്നിവയും ഐഫോൺ 17 എയർ മോഡലിൽ പ്രതീക്ഷിക്കുന്നു. ബ്ലാക്ക്, വൈറ്റ്, ലൈറ്റ് ബ്ലൂ, ലൈറ്റ് ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഐഫോൺ 17, 17 പ്രോ മോഡലുകൾ അലുമിനിയം കരുത്തോടെയാകും എത്തുക. പുതിയ ഫുൾ-വിഡ്ത്ത് "ക്യാമറ ഐലൻഡ്" ഡിസൈൻ എന്നിവയും ഇവയിലുണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ശക്തമായ വയർലെസ് റിസപ്ഷനായി പുനർരൂപകൽപ്പന ചെയ്ത ആന്റിനയും പ്രോ മോഡലിൽ ഉണ്ടാകുമെന്ന് ലീക്കർ മജിൻ ബു അവകാശപ്പെടുന്നു.
ഐഫോൺ 17 പ്രോ മാക്സ് പ്രോയുടെ അതേ അലുമിനിയം ഫ്രെയിമും ക്യാമറ ഐലൻഡ് ഡിസൈനും സഹിതം ആയിരിക്കും എത്തുക. വലിപ്പം കൂടുതൽ ഉള്ളതിനാൽ പ്രോ മാക്സ് മോഡലിൽ ബാറ്ററി ശേഷി കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. ഐഫോൺ 17 സീരീസിനെ സംബന്ധിച്ച് ഇതിനകം വന്ന മറ്റ് റിപ്പോർട്ടുകൾ അറിയാൻ ഞങ്ങളുടെ ഇതിനു മുൻപ് വന്ന ഐഫോൺ 17 സീരീസ് ആർട്ടിക്കിളുകൾ നോക്കുക.


Click it and Unblock the Notifications








