ആദ്യം ലോഞ്ച് ചെയ്ത ഐഫോൺ മുതൽ ആദ്യത്തെ സ്റ്റോർ വരെ; ആപ്പിളിന്റെ സംഭവബഹുലമായ ഇന്ത്യൻ ചരിതം | Apple
ഇന്ത്യയിൽ ആദ്യമായി ഐഫോണുകൾ വിൽക്കാൻ തുടങ്ങിയിട്ട് 15 വർഷങ്ങൾക്ക് ശേഷമാണ് Apple സ്വന്തം സ്റ്റോറുകൾ രാജ്യത്ത് തുടങ്ങുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയോട് ആപ്പിളിന്റെ സമീപനത്തിലുള്ള മാറ്റവും കമ്പനിയുടെ പുതിയ നീക്കങ്ങളിൽ നിന്നും വ്യക്തമാണ്. ആദ്യ ഐഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിട്ടില്ലെന്നതും ഓർക്കണം.
എന്നാൽ ഇന്ന് ആഗോളതലത്തിൽ വിറ്റഴിക്കുന്ന ഐഫോണുകളുടെ 7 ശതമാനവും അസംബിൾ ചെയ്യുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ വളർന്ന് കഴിഞ്ഞു. കഴിഞ്ഞ ക്വാർട്ടറിൽ ഇന്ത്യയിൽ നിന്നുള്ള ആപ്പിന്റെ വരുമാനം 15 ശതമാനം വർധിച്ചിട്ടുമുണ്ട്. ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഐഫോൺ ഉത്പാദകരാകാൻ കൊതിക്കുന്ന ഇന്ത്യയിൽ ഐഫോണുകളുടെയും ആപ്പിളിന്റെയും ഒരു ലഘുചരിത്രം പരിചയപ്പെടാം.

2007 ജൂണിലാണ് ആപ്പിൾ ആദ്യത്തെ ഐഫോൺ പുറത്തിറക്കിയത്. എന്നാൽ ഈ ഫസ്റ്റ് ജനറേഷൻ ഐഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ല. ഐഫോൺ 3ജിയാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെ ഐഫോൺ. 2008 ജൂണിൽ അമേരിക്കയിൽ പുറത്തിറങ്ങിയ ഐഫോൺ 3ജി 2008 ഓഗസ്റ്റിൽ തന്നെ ഇന്ത്യയിലെത്തി. 8 ജിബി മോഡലിന് 31,000 രൂപയും 16 ജിബി മോഡലിന് 36,100 രൂപയും പ്രൈസ് ടാഗ് ഒട്ടിച്ചാണ് ഫോൺ ഇന്ത്യയിലെത്തിയത്.
അമേരിക്കയിൽ പുറത്തിറങ്ങിയ അതേ സമയത്ത് തന്നെ ഇന്ത്യയിലും അവതരിപ്പിച്ച ആദ്യത്തെ ഐഫോൺ മോഡലാണ് ഐഫോൺ എക്സ്. ആപ്പിൾ ഐഫോണിന്റെ 10 -ാം വാർഷിക എഡിഷൻ എന്ന നിലയിൽ എത്തിയ മോഡൽ കൂടിയാണ് ഐഫോൺ എക്സ്. പിന്നീടിങ്ങോട്ട് എല്ലാ ഐഫോൺ മോഡലുകളും അമേരിക്കയിൽ പുറത്തിറങ്ങുന്ന അതേ സമയത്ത് ഇന്ത്യയിൽ ലോഞ്ച് ചെയ്യാറുണ്ട്.

2016 ജനുവരിയിലാണ് ആദ്യമായി ഇന്ത്യയിൽ സ്വന്തം സ്റ്റോറുകൾ സ്ഥാപിക്കാൻ ആപ്പിൾ കേന്ദ്ര സർക്കാരിന് അപേക്ഷ നൽകുന്നത്. അപേക്ഷ സമർപ്പിച്ച് എതാനും മാസങ്ങൾക്കുള്ളിൽ തന്നെ ( 2016 മെയ് 16 -ന് ) ആപ്പിൾ സിഇഒ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള ആപ്പിളിന്റെ ആദ്യ നീക്കമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഇതേത്തുടർന്ന് വിദേശ കമ്പനികൾക്കുള്ള നിയന്ത്രണങ്ങളിൽ കമ്പനി ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്.
2017 മുതലാണ് ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ നിർമാണം തുടങ്ങിയത്. ആപ്പിളിനായി ഐഫോണുകൾ നിർമിക്കുന്ന തായ്വാനീസ് കരാർ കമ്പനികൾ ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യാൻ തുടങ്ങി. ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ എന്നീ കമ്പനികൾക്കെല്ലാം ഇന്ന് ഇന്ത്യയിൽ ഐഫോൺ പ്ലാന്റുകളുണ്ട്. ഐഫോൺ എസ്ഇ ആണ് കർണാടകയിലെ വിസ്ട്രോൺ പ്ലാന്റിൽ ഇന്ത്യയിൽ നിർമിച്ച ആദ്യ ഐഫോൺ മോഡൽ.

2020 -ൽ കൊവിഡ് കാലത്താണ് ആപ്പിൾ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ ആരംഭിച്ചത്. ഇതോടെ കമ്പനിയിൽ നിന്നുള്ള പ്രോഡക്റ്റുകൾ നേരിട്ട് യൂസേഴ്സിലേക്കെത്താൻ തുടങ്ങി. ആപ്പിൾ ഓൺലൈൻ സ്റ്റോർ ആരംഭിച്ച 38 -ാമത്തെ വിപണിയായിരുന്നു ഇന്ത്യ. ഐഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഉണ്ടായ വർധനവും സ്വീകാര്യതയുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചത്.
സ്മാർട്ട്ഫോൺ പ്രൊഡക്ഷൻ വർധിപ്പിക്കാനുള്ള പിഎൽഐ സ്കീമിന് 2020 ഒക്ടോബറിൽ സർക്കാർ അംഗീകാരം നൽകി. ആപ്പിൾ ഐഫോൺ ഉത്പാദകരടക്കം 16 കമ്പനികൾക്ക് ഇത് വഴി സർക്കാർ തലത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഐഫോൺ 14 അടക്കമുള്ള മോഡലുകൾ ഇന്ന് ഇന്ത്യയിൽ നിർമിക്കുകയും കയറ്റുമതി ചെയ്യപ്പെടുകയും ചെയ്യുന്നു. ഐഫോൺ ഇന്ത്യയിലെത്തി കാലങ്ങൾക്കിപ്പുറം ആപ്പിളിന്റെ സ്വന്തം സ്റ്റോറുകളും ഒടുവിൽ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. മുംബൈയിലും ഡൽഹിയിലുമായാണ് ഈ സ്റ്റോറുകൾ.


Click it and Unblock the Notifications