എങ്ങാനും വാങ്ങാൻ പറ്റിയാലോ, അറിഞ്ഞു വച്ചോ! ലോഞ്ചിന് മുൻപ് ഐഫോൺ 16 സീരീസ് വില ചോർന്നു
ആപ്പിൾ തങ്ങളുടെ പുത്തൻ ഐഫോൺ സീരീസ് നാളെ (സെപ്റ്റംബർ 9ന്) ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുകയാണ്. ഇറ്റ്സ് ഗ്ലോടൈം എന്ന് പേരിട്ടിരിക്കുന്ന ലോഞ്ച് ഇവന്റ് രാത്രി 1030ന് (ഇന്ത്യൻ സമയം) ആണ് നടക്കുന്നത്. പുതിയ ഐഫോൺ 16 സീരീസ്, പുതിയ ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് 4 എന്നിവ ഈ ലോഞ്ച് ഇവന്റിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആപ്പിളിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി തത്സമയം ഇവന്റ് സംപ്രേക്ഷണം ചെയ്യും. എന്ത് അദ്ഭുതമാണ് ഇത്തവണ ആപ്പിൾ പുതിയ ഐഫോണിലൂടെ അവതരിപ്പിക്കുന്നത് എന്നറിയാൻ സ്മാർട്ട്ഫോൺ വിപണി ഒന്നാകെ ഇപ്പോൾ ഈ ലോഞ്ച് ഇവന്റിനായുള്ള കാത്തിരിപ്പിലാണ്.
പുതിയ ഐഫോൺ 16 സീരീസിൽ പതിവ് പോലെ നാല് മോഡലുകളാണ് ഇക്കൊല്ലവും ഉണ്ടാകുക. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയായിരിക്കും അവ. ഇവയുടെ ഫീച്ചറുകൾ എന്തായിരിക്കും എന്ന ആകാംക്ഷ പോലെ തന്നെ വില എന്തായിരിക്കും എന്ന ആകാംക്ഷയും പലർക്കുമുണ്ട്.

മുൻ വർഷത്തെ ഐഫോൺ 15 സീരീസിനെ അപേക്ഷിച്ച് പുതിയ മോഡലുകൾക്ക് വില കൂടുമോ, കുറയുമോ എന്നൊക്കെയുള്ള സ്ഥിരം ആകാംക്ഷയാണ് കൂടുതൽ പേർക്കുമുള്ളത്. ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം എന്ന നിലയിൽ ചില ടിപ്സ്റ്റർമാരും ഓൺലൈനുകളും വരാൻ പോകുന്ന പുതിയ ഐഫോണുകളുടെ വില ലീക്ക് റിപ്പോർട്ടായി പുറത്തുവിട്ടിട്ടുണ്ട്.
ആപ്പിൾ ഹബ് പുറത്തുവിട്ട ഒരു ലീക്ക് റിപ്പോർട്ട് പ്രകാരം ഐഫോൺ 16ന്റെ പ്രാരംഭ വേരിയന്റിന്റെ വില 799 ഡോളറിൽ (ഏകദേശം 67,100 രൂപ) ആരംഭിക്കും, അതേസമയം, ഐഫോൺ 16 പ്ലസിന്റെ പ്രാരംഭ വേരിയന്റ് 899 ഡോളർ (ഏകദേശം 75,500 രൂപ) വിലയിലെത്തും.

പ്രോ മോഡലുകളുടെ കാര്യമെടുത്താൽ ഐഫോൺ 16 പ്രോ 256ജിബി വേരിയന്റ് 1,099 ഡോളറിനും (ഏകദേശം 92,300 രൂപ), ഐഫോൺ 16 പ്രോ മാക്‌സ് 1,199 ഡോളറിനും (ഏകദേശം 1,00,700 രൂപ) അവതരിപ്പിക്കപ്പെടും. ഈ വിലകൾ യുഎസ് വിപണിക്കായി ഉള്ളതാണ്. ഇന്ത്യയിലേക്ക് എത്തുമ്പോൾ ഐഫോൺ 16 സീരീസ് വാങ്ങാൻ ഇതിനെക്കാൾ ചെലവേറും.
ഇറക്കുമതി നികുതിയും മറ്റ് അധിക ചെലവുകളും മൂലമാണ് ഇന്ത്യയിൽ ഐഫോൺ 16 സീരീസിന്റെ വില വർധിക്കുക. എങ്കിലും കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട ഐഫോൺ 15 സീരീസിന്റെ വിലകളോട് അടുത്ത് നിൽക്കുന്ന വിലയിലാകും പുതിയ ഐഫോൺ 16 സീരീസ് എത്തുക. പുതിയ 16 സീരീസ് ലോഞ്ചിന് പിന്നാലെ ഐഫോൺ 15 സീരീസ് മോഡലുകളുടെ വില കുറയുകയും ചെയ്യും.
ഐഫോൺ 16 സീരീസിൽ പ്രതീക്ഷിക്കുന്നത്: ഇത്തവണ ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകളിലും ആക്ഷൻ ബട്ടൺ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. കൂടാതെ ഐഫോൺ 16 ക്യാമറ മൊഡ്യൂളിലും ഡിസൈനിലും മാറ്റം ഉണ്ടെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. പ്രോ മോഡലുകൾ വലിയ ക്യാമറ അപ്‌ഗ്രേഡുകൾ, സ്ലിം ഡിസൈൻ, കുറഞ്ഞ ബെസലുകളുള്ള വലിയ ഡിസ്‌പ്ലേ, പുതിയ ചിപ്‌സെറ്റ്, വലിയ ബാറ്ററി എന്നിവ അവതരിപ്പിക്കും.

ആപ്പിൾ A18 ചിപ്‌സെറ്റും പുത്തൻ എഐ ഫീച്ചറുകളും ഐഫോൺ 16 സീരീസിനെ ശ്രദ്ധേയമാക്കും. പ്രോ മോഡലുകളിൽ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കപ്പെടുമെന്നും അതിനാൽ കഴിഞ്ഞ തവണത്തെക്കാൾ ഉയർന്ന വില പ്രോ മോഡലുകൾക്ക് നൽകേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്മാർട്ട്ഫോൺ ലോകത്തെ ഈ പുതിയ രാജാക്കന്മാർക്കാരെ വരവേൽക്കാൻ തയാറെടുത്തിരിക്കുക.


Click it and Unblock the Notifications