ആപ്പിളിന് ഇന്ത്യയോട് പ്രിയമേറുന്നു; ചൈനയെ പിന്തള്ളി ഐഫോൺ 17ന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കും
ഐഫോൺ 15 സീരീസ് ഫോണുകളുടെ നിർമ്മാണത്തിന് പിന്നാലെ ആപ്പിളിന്റെ വിശ്വസ്തരായി മാറി ഇന്ത്യ. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 17 സീരീസ് ഫോണുകളുടെ നിർമ്മാണം 2024 അവസാനത്തോടെ ഇന്ത്യയിൽ ആരംഭിക്കും എന്നാണ് സൂചന. പ്രമുഖ ടെക് അനലിസ്റ്റായ മിംഗ് ചി കുവോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
2025 സെപ്റ്റംബറോടെയായിരിക്കും ഐഫോൺ 17 സീരീസ് ഫോണുകൾ പുറത്തിറങ്ങുക. എന്നാൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 അവസാനത്തോടെ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഐഫോൺ 15, 15 പ്ലസ് മോഡലുകൾ ഇന്ത്യയിൽ നിർമ്മിച്ചിരുന്നു. ഫോക്സ്കോൺ കമ്പനിയാണ് ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ചെന്നൈയിൽ പ്ലാന്റിൽ ആയിരുന്നു ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.

എന്നാൽ ഇനി മുതൽ ടാറ്റാ ഗ്രൂപ്പും ഐഫോണിന്റെ നിർമ്മാണം ഏറ്റെടുക്കും എന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനായി വിസ്‌ട്രോണ്‍ നിര്‍മ്മാണശാല ടാറ്റ ഏറ്റെടുത്തു എന്നായിരുന്നു ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. രണ്ടര വർഷത്തിനുള്ളിൽ ടാറ്റ നിർമ്മിച്ച ഐഫോണുകൾ ആഗോള മാർക്കറ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ആപ്പിൾ ഇന്ത്യയുമായി കൂടുതൽ അടുത്തുകൊണ്ട് ഇരിക്കുകയാണ്. അടുത്തിടയ്ക്കാണ് ഇന്ത്യയിൽ രണ്ട് പുതിയ സ്റ്റോറുകൾ ആപ്പിൾ ആരംഭിച്ചത്.
മുംബൈയിലും ഡൽഹിയിലുമാണ് ആപ്പിളിന്റെ ഈ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യയെ ഏഷ്യയിലെ തന്നെ പ്രധാന ഐഫോൺ നിർമ്മാതാക്കളിൽ ഒരാളാക്കാനും ആപ്പിൾ ശ്രമിക്കുന്നുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായങ്ങൾക്ക് നൽകുന്ന പിന്തുണയും ഇതിന് കാരണമായേക്കാം. മോദിയുമായി ടീം കുക്ക് അടുത്തിടെ കൂടിക്കാഴ്ചയും നടത്തിയിരുന്നു. പതിനഞ്ച് വർഷത്തോളമായി ആപ്പിൾ ചൈനയുമായി സഹകരിക്കുന്നു.

ഇനി ചൈനയിൽ കമ്പനിയുടെ വളർച്ച സാധ്യമല്ല. ഇന്ത്യയാണ് ഇതിന് പറ്റിയ ഇടം എന്ന തോന്നലും ആപ്പിളിന് ഇപ്പോൾ ഉണ്ട്. നേരത്തെ ഐഫോൺ 15ന്റെ നിർമ്മാണത്തിൽ പല സാധനങ്ങളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതിന് ശേഷമാണ് ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ല. ഏറ്റവും ആദ്യം ആപ്പിൾ ഉത്പന്നങ്ങളുടെ നിർമ്മാണം ആരംഭിക്കുന്ന ഹബ്ബുകളിൽ ഒന്നായിരിക്കും ഇന്ത്യ.
അതേ സമയം 2022ൽ 5 ബില്യൻ ഡോളറിന്റെ (ഏകദേശം 41,200 കോടി രൂപ) ഉപകരണങ്ങളും 2023ൽ 12- 14 ശതമാനം ഐഫോണുകളും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024ൽ ഇത് 20- 25 ശതമാനമായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ ആപ്പിൾ കമ്പനിയുടെ മൊത്തം ഉൽപാദനത്തിന്റെ കാൽശതമാനത്തോളം ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ നിർമ്മിക്കുമെന്നാണ് രാജ്യത്തെ ഐടി മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിൽ ഐഫോണുകളുടെ നിർമ്മാണം വർധിക്കുമ്പോൾ ഇതിന് അനുസരിച്ച് ചൈനയിലെ നിർമ്മാണം കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്ലാന്റുകളിലെ ഉത്പാദനം 40 ശതമാനത്തിലധികമായി കുറയും എന്നാണ് കരുതുന്നത്. നിലവിൽ ഐഫോൺ 15 മോഡലുകൾക്ക് പുറമെ ഐഫോൺ 13, 14, 14 പ്ലസ് എന്നീ ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. അതേ സമയം ആപ്പിളിന് ഇപ്പോൾ ചൈനയെക്കാൾ താൽപര്യം ഇന്ത്യയോട് തന്നെയാണ്. ഇന്ത്യയ്ക്കും ഇത് വലിയ രീതിയിൽ ഗുണം ചെയ്യുന്നതാണ്.
ഇതുവഴി ഇന്ത്യയിൽ നിന്നുള്ള ഐഫോണിന്റെ കയറ്റുമതി വർധിക്കുന്നതായിരിക്കും ആഗോളതലത്തിൽ വലിയ ഡിമാന്റുള്ള ഫോണുകളാണ് ഐഫോണുകൾ. ആയതിനാൽ തന്നെ ലോകമെമ്പാടും ഇതിന് ആവിശ്യക്കാർ ഉണ്ടാകും. കയറ്റുമതി വർധിക്കുന്നതോടെ രാജ്യത്തിന്റെ വരുമാനവും വർധിക്കും. ഇതിന് പുറമെ ഇറക്കുമതി തീരുവ, മറ്റ് ചില നികുതികൾ ഇല്ലാതെ വരുന്നതോടെ ഇന്ത്യയിലും ഐഫോണുകൾ വിലക്കുറവിൽ ലഭിക്കാൻ സാധ്യത തെളിയും. വരും വർഷങ്ങളിൽ ഈ രംഗത്ത് വലിയ മാറ്റാമാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








