ആപ്പിൾ ഒടുവിൽ പ്രഖ്യാപിച്ചു! ഐഫോൺ 17 സീരീസ് ലോഞ്ച് ഇവന്റ് സെപ്റ്റംബർ 9ന് നടക്കും; എപ്പോൾ, എങ്ങനെ കാണാം...
സ്മാർട്ട്ഫോൺ ആരാധകർ, പ്രത്യേകിച്ച് ഐഫോൺ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം ആപ്പിൾ നടത്തിയിരിക്കുന്നു, പുതിയ ഐഫോൺ 17 സീരീസ് സെപ്റ്റംബർ 9ന് ആഗോള തലത്തിൽ പുറത്തിറക്കും (Apple iPhone 17 launch event scheduled for September 9). ഈ ലോഞ്ച് ഇവന്റിന്റെ തിയതി പ്രഖ്യാപിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ആപ്പിൾ അയച്ചുതുടങ്ങി. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സെപ്റ്റംബർ 9ന് ആയിരിക്കും പുതിയ ഐഫോണുകൾ എത്തുക എന്ന് നേരത്തെ ലീക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ശരിവയ്ക്കും വിധത്തിലുള്ള പ്രഖ്യാപനമാണ് ഇപ്പോൾ ആപ്പിൾ നടത്തിയിരിക്കുന്നത്.
എപ്പോൾ?
പുതിയ ഐഫോൺ 17 സീരീസ് സെപ്റ്റംബർ 9 ന് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോഞ്ച് ഇവന്റിൽ ആണ് അവതരിപ്പിക്കപ്പെടുക. പുതിയ ഐഫോൺ സീരീസിനായുള്ള ലോഞ്ച് ഇവന്റിന് 'Awe Dropping' എന്നാണ് ആപ്പിൾ പേര് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന ടീസറിൽ തിളങ്ങുന്ന ആപ്പിൾ ലോഗോയും ഉണ്ട്.

എവിടെ?
കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് ആപ്പിൾ ഇവന്റ് നടക്കുക. സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) ആരംഭിക്കുന്ന പരിപാടി തത്സമയം സ്ട്രീം ചെയ്യും. പുതിയ ഐഫോൺ സീരീസ് അവതരിപ്പിക്കപ്പെടുന്ന ആപ്പിൾ ഇവന്റ് ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ പരിപാടിയാണ്.
എങ്ങനെ കാണാം?
ആപ്പിൾ ഇവന്റിൽ പങ്കെടുക്കാൻ തെരഞ്ഞെടുത്തിരിക്കുന്ന പ്രതിനിധികൾക്ക് ആപ്പിൾ പ്രത്യേക ക്ഷണം അയയ്ക്കും. ഇത് കൂടാതെ ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും യൂട്യൂബിലൂടെയും ആപ്പിൾ ടിവി ആപ്പിലൂടെയും ഇവന്റ് തത്സമയം സംപ്രേക്ഷണം ചെയ്യും. അതിനാൽ ആപ്പിൾ ഡിവൈസുകളുടെ ആരാധകർക്കും ഐഫോൺ പ്രേമികൾക്കും ലോഞ്ച് ഇവന്റ് തത്സമയം കാണാനാകും.
ലോഞ്ച് ഇവന്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം?
ഈ ഇവന്റിന്റെ ശ്രദ്ധാകേന്ദ്രം പുതിയ ഐഫോൺ 17 സീരീസ് സ്മാർട്ട്ഫോണുകളാണ്. ഇതോടൊപ്പം പുതിയ ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് പ്രോ 3 എന്നിവയും ആപ്പിൾ പുറത്തിറക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഐഫോൺ 17 സീരീസിൽ നാല് മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ ഉണ്ടാകും.
ഐഫോൺ 17 എയർ
ഇത്തവണത്തെ ഐഫോൺ 17 സീരീസ് സ്മാർട്ട്ഫോണുകളിൽ ഒരു പുതുമുഖം ഉണ്ട്, ഐഫോൺ പ്ലസ് മോഡൽ ഒഴിവാക്കി പകരം ആപ്പിൾ അവതരിപ്പിക്കുന്ന ഐഫോൺ 17 എയർ ആണ് അത്. ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും സ്ലിം ഐഫോൺ മോഡൽ ആയിരിക്കും ഇത് എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
പ്രതീക്ഷിക്കുന്ന അപ്ഗ്രേഡുകൾ
ഐഫോൺ 17 സീരീസിലെ പ്രോ മോഡലുകളിൽ ആപ്പിൾ മികച്ച ക്യാമറ അപ്‌ഗ്രേഡുകൾ അവതരിപ്പിക്കും എന്ന് അഭ്യൂഹമുണ്ട്. എല്ലാ മോഡലുകളുടെയും ഫ്രണ്ട് ക്യാമറ മുൻ വർഷത്തെ മോഡലുകളിൽ 12-മെഗാപിക്സൽ ആയിരുന്നു. എന്നാൽ ഇത്തവണ അത് 24-മെഗാപിക്സൽ ആകും. അതായത് എല്ലാ മോഡലുകളുടെയും ഫ്രണ്ട് ക്യാമറ ശേഷി ഇരട്ടിയാകും. ഇത് കൂടാതെ പ്രോ മോഡലുകളിൽ കാര്യമായ ക്യാമറ നവീകരണം പ്രത്യേകമുണ്ട്.
8x ഒപ്റ്റിക്കൽ സൂം ടെലിഫോട്ടോ ലെൻസുകളും 48-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകളും ഐഫോൺ 17 പ്രോ മോഡലുകളിൽ ആപ്പിൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 17 പ്രോ മോഡലുകൾക്ക് കൂടുതൽ ഈടുനിൽക്കുന്ന അലുമിനിയം ഫ്രെയിം, പുനർരൂപകൽപ്പന ചെയ്ത ബാർ ആകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ എന്നിവ ലഭിക്കുമെന്നും പറയപ്പെടുന്നു.
ഐഫോൺ 17 സീരീസിന് A19 / A19 പ്രോ ചിപ്സെറ്റുകൾ കരുത്ത് പകർന്നേക്കും. കൂടാതെ ആദ്യമായി എല്ലാ മോഡലുകളിലും ProMotion ഡിസ്‌പ്ലേയും ഇടംപിടിച്ചേക്കും. പരമ്പരാഗത ലൈറ്റ്, ഡാർക്ക് മോഡുകൾക്ക് പകരമായി സുതാര്യമായ ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ഗ്ലാസ് ഡിസൈൻ അവതരിപ്പിച്ചുകൊണ്ട് iOS 26 പുതിയ ഐഫോണുകൾക്ക് ശക്തി പകരും എന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നത്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications








