ഒരിടത്ത് ജനനം, ഒരിടത്ത് മരണം, പോക്കറ്റിന് ഐഫോൺ 'ഭാരം'! ഐഫോൺ 15 വരവോടെ നിർത്തലാക്കുന്ന ഐഫോൺ മോഡൽ
ഐഫോൺ 15 ലോഞ്ചിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്. വരാൻ പോകുന്ന ഐഫോൺ 15 നെ വരവേൽക്കാൻ ടെക് ലോകം വമ്പൻ തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഐഫോൺ 15 നെപ്പറ്റി ലഭ്യമായ വിവരങ്ങളെല്ലാം വാർത്തയാക്കാൻ ടെക്നോളജി സൈറ്റുകൾ മത്സരിക്കുന്നു. ഇവന്റ് തത്സമയം കാണാണുള്ള സജ്ജീകരണങ്ങൾക്കായി ആരാധകർ പരതുന്നു.
പുതിയ ഐഫോണുകളുടെ വരവ് സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടാക്കുന്ന ചലനം എന്തായിരിക്കുമെന്നത് ഊഹത്തിനും അപ്പുറത്തുള്ള കാര്യമാണ്. കഴിഞ്ഞ തവണ പുറത്തിറങ്ങിയ ഐഫോൺ 14 ന്റെ തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പുതിയ ഐഫോണിന്റെ കടന്നുവരവ് സ്മാർട്ട്ഫോൺ വിപണിയിൽ കാര്യമായ പൊളിച്ചെഴുത്തകൾക്ക് വഴിവയ്ക്കും എന്നതിൽ തർക്കമില്ല.

പുതിയ ഐഫോൺ 15 സീരീസിന്റെ വരവോടെ ചില ഐഫോൺ മോഡലുകൾ നിർത്തലാകും എന്നതാണ് ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. നിലവിലുള്ള ഐഫോൺ മോഡലുകളുടെ വിലയിൽ കുറവുണ്ടാകും എന്നതാണ് ഐഫോൺ 15 ലോഞ്ച് മൂലം സംഭവിക്കാൻ സാധ്യതയുള്ള മറ്റൊരു മാറ്റം. വരാൻ പോകുന്ന ഐഫോണുകളുടെ വില സംബന്ധിച്ച അഭൂഹങ്ങൾക്ക് ഇനി മണിക്കൂറുകളുടെ ആയുസ് മാത്രമാണ് ബാക്കിയുള്ളത്.
ഐഫോൺ 15 ലോഞ്ചിന് തയാറെടുപ്പുകൾ സജീവമായിരിക്കെ, ഐഫോൺ 13 മിനി നിർത്തലാക്കാൻ ആപ്പിൾ പദ്ധതിയിടുന്നു എന്ന റിപ്പോർട്ട് വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഐഫോൺ 15 ലോഞ്ച് ചെയ്യുന്നതിന് പിന്നാലെ ആപ്പിൾ നിർത്തലാക്കുന്ന പ്രധാന മോഡലുകളിലൊന്ന് ഐഫോൺ 13 മിനി ആയിരിക്കും എന്നാണ് റിപ്പോർട്ട്.
ഐഫോൺ 15 സീരീസ് പുറത്തിറക്കിയതിന് ശേഷം, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്, ഐഫോൺ 12, ഐഫോൺ 13 മിനി എന്നീ നാല് ഫോണുകളെങ്കിലും ആപ്പിൾ നിർത്തലാക്കുമെന്ന് ഈ വർഷം ഏപ്രിലിൽ ടോംസ് ഗൈഡിന്റെ ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോൾ നിർത്തലാക്കാൻ പോകുന്ന മോഡലുകളെ കുറിച്ച് വീണ്ടും ചർച്ച ഉയരുമ്പോൾ ഐഫോൺ 13 മിനിയാണ് കേന്ദ്ര സ്ഥാനത്തുള്ളത്. ഐഫോൺ 13 മിനിയുടെ സ്റ്റോക്ക് കുറവാണെന്ന് ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ, യുഎസിലെ ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ ഐഫോൺ 13 മിനിയുടെ ചില മോഡലുകൾക്ക് 2-3 ആഴ്ച ഡെലിവറി ടൈം കാണിക്കുന്നു.
ഐഫോൺ 13 മിനിയുടെ തന്നെ മറ്റ് ചില മോഡലുകൾക്ക് 6-8 ആഴ്ച വരെയാണ് ഡെലിവറി ടൈം കാണിക്കുന്നത്. ഐഫോൺ 15 ലൈനപ്പിന്റെ പ്രഖ്യാപനത്തിന് ശേഷം ഐഫോൺ 13 മിനി നിർത്തലാക്കാനുള്ള ആപ്പിളിന്റെ നീക്കമാകാം ഈ ക്ഷാമത്തിന്റെ കാരണമെന്ന് മാക് റൂമേഴസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം ഈ മോഡൽ നിർത്തലാക്കിയെന്ന പ്രഖ്യാപനം ആപ്പിളിൽനിന്ന് ഔദ്യോഗികമായി ഉണ്ടാകാൻ ഇനിയും സമയമെടുക്കും. ഇതിനായുള്ള തയാറെടുപ്പുകൾ ആപ്പിൾ കഴിഞ്ഞ വർഷം തന്നെ ആരംഭിച്ചെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഐഫോൺ 14 ലോഞ്ച് ചെയ്തതിന് ശേഷം, ഐഫോൺ 11, ഐഫോൺ 12 മിനി എന്നിവ ആപ്പിൾ നിർത്തലാക്കിയിരുന്നു.
ഐഫോൺ മിനി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സമയമാണ് ഇപ്പോൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അധികം വൈകാതെ ഈ മോഡൽ ലഭ്യമല്ലാതാകും. ഐഫോൺ 13 ലൈനപ്പിൽ ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകൾ ആണ് ഉൾപ്പെടുന്നത്.
2021ൽ ആപ്പിളിന്റെ വാർഷിക പരിപാടിക്കിടെയാണ് ഇത് പ്രഖ്യാപിച്ചത്. ഐഫോൺ 13 ന്റെ അടിസ്ഥാന 128 ജിബി വേരിയന്റിന് 79,900 രൂപയായിരുന്നു ലോഞ്ച് വില. ഐഫോൺ 13 പ്രോ 1,19,900 രൂപയ്ക്കും ഐഫോൺ 13 പ്രോ മാക്‌സ് 1,29,900 രൂപയ്ക്കും ഐഫോൺ 13 മിനി 69,900 രൂപയ്ക്കും ആണ് ലോഞ്ച് ചെയ്തത്.


Click it and Unblock the Notifications