ഒരുത്തനും ഉപയോഗിക്കുന്നില്ലത്രേ! ആപ്പിൾ ഐഫോണിൽ നിന്ന് ക്യാമറ ബട്ടൺ ഒഴിവാക്കുമെന്ന് അഭ്യൂഹം
പുതിയ ഐഫോൺ 17 സീരീസ് മോഡലുകളുടെ വരവ് സംബന്ധിച്ച ചർച്ചകൾക്കിടെ ഐഫോൺ 18 മുതൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു മാറ്റം സംബന്ധിച്ച് ഒരു പുതിയ അഭ്യൂഹം എത്തിയിരിക്കുന്നു. ആപ്പിൾ തങ്ങളുടെ ഐഫോണുകളിൽ നിന്ന് ക്യാമറ ബട്ടൺ ഒഴിവാക്കാൻ ആലോചിക്കുന്നു എന്നതാണ് ഈ പുതിയ അഭ്യൂഹം. 2024ൽ ഐഫോൺ 16 സീരീസ് മോഡലുകളിലൂടെ ആണ് ക്യാമറ ബട്ടണുകൾ ഐഫോണുകളുടെ ഭാഗമാകുന്നത്. വരാൻ പോകുന്ന ഐഫോൺ 17 സീരീസ് മോഡലുകളിലും ഈ ബട്ടണുകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെയാണ് ഇപ്പോൾ ക്യാമറ ബട്ടൺ ഒഴിവാക്കാൻ ആപ്പിൾ ആലോചിക്കുന്നു എന്ന അവകാശവാദവുമായി ഒരു ചൈനീസ് ടിപ്സ്റ്റർ രംഗത്തെത്തിയിരിക്കുന്നത്.
വാർത്ത വന്നത് ചൈനയിൽ നിന്ന്
ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിലൂടെയാണ് ഒരു ടിപ്സ്റ്റർ ഐഫോൺ 18 സീരീസ് മുതൽ ഐഫോണുകളിൽ ക്യാമറ ബട്ടൺ ഉണ്ടാകില്ല എന്ന് അവകാശപ്പെട്ടിരിക്കുന്നത്. ആപ്പിൾ 2024ൽ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചപ്പോൾ ഏറെ പ്രാധാന്യത്തോടെ ക്യാമറ ബട്ടണുകൾ അവതരിപ്പിക്കുകയും ഐഫോൺ 16 സീരീസിന്റെ പ്രമോഷനിലും മറ്റും ഈ പുതിയ ഫീച്ചർ എടുത്തുപറയുകയും ചെയ്തിരുന്നു.

ആർക്കും ഈ ബട്ടൺ വേണ്ടത്രേ
ഐഫോൺ 16 സീരീസ് മോഡലുകൾ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ഈ ക്യാമറ ബട്ടൺ ഉപയോഗിക്കുന്നില്ല എന്നാണ് ചൈനീസ് ടിപ്സ്റ്റർ പറയുന്നത്. ഇതിനാലാണ് ആപ്പിൾ ഈ ബട്ടൺ ഒഴിവാക്കുവാൻ ആലോചിക്കുന്നത് എന്നും ടിപ്സ്റ്റർ പറയുന്നുണ്ട്. എന്നാൽ ഇത് വെറും അഭ്യൂഹം മാത്രമാണ്. ആപ്പിൾ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതായി വിശ്വസനീയമായ ഒരു സോഴ്സുകളും റിപ്പോർട്ട് ചെയ്തിട്ടില്ല.
ക്യാമറ കൺട്രോളുമായി ബന്ധപ്പെട്ട ഒരു പാർട്സും ഇനി ആവശ്യമില്ലെന്ന് ആപ്പിൾ അതിന്റെ ഇതുമായി ബന്ധപ്പെട്ട
വിതരണക്കാരെ അറിയിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇത് ശരിയാണെങ്കിൽ ക്യാമറ ബട്ടൺ എന്നത് ഐഫോണിന്റെ 16, 17 സീരീസുകളിൽ മാത്രമായി ഒതുങ്ങും. അടുത്ത വർഷം ഇറങ്ങുന്ന ഐഫോൺ 18 സീരീസിൽ ക്യാമറ കൺട്രോൾ ബട്ടൺ ഉണ്ടായേക്കില്ല.

ആളുകൾക്ക് അധികം ഉപയോഗം ഇല്ലാത്തതിനാൽ ക്യാമറ ബട്ടൺ ഒഴിവാക്കുകയും അതിലൂടെ നിർമാണ ചെലവുകൾ കുറയ്ക്കുകയും ചെയ്യാനാണ് ആപ്പിൾ ഉദ്ദേശിക്കുന്നത് എന്നാണ് അഭ്യൂഹങ്ങളിൽ പറയുന്നത്. എന്നാൽ ഔദ്യോഗികമായി ആപ്പിൾ ഇതുവരെ ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. മാത്രമല്ല, വരാൻ പോകുന്ന ഐഫോൺ 17 സീരീസിൽ പുതിയൊരു ക്യാമറ ബട്ടൺ കൂടി ഉണ്ടാകും എന്ന ലീക്ക് റിപ്പോർട്ടുകളും ഇടയ്ക്ക് വന്നിരുന്നു.
ഐഫോൺ 17 സീരീസിലെ പുതിയ ക്യാമറ ബട്ടൺ
ഇതിനകം ഐഫോൺ 17 സീരീസുമായി ബന്ധപ്പെട്ട് നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതിലൊന്ന് ഐഫോൺ 17 പ്രോയുടെ മുകൾ വശത്തായി ഒരു ക്യാമറ ബട്ടൺ കൂടി ഉണ്ടാകും എന്നതായിരുന്നു. നിലവിൽ എല്ലാ ഐഫോൺ 16 മോഡലുകളുടെയും താഴെ-വലത് അറ്റത്തുള്ള ക്യാമറ കൺട്രോൾ ബട്ടണിന് പുറമേയാകും ഇത് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞത്.
ഐഫോൺ 17 പ്രോയിലെ പുതിയ ക്യാമറ ബട്ടൺ ഇന്റർഫേസിലേക്ക് വേഗത്തിലുള്ള ആക്‌സസ് വാഗ്ദാനം ചെയ്യുകയും ലെൻസുകൾ മാറുകയോ ഷൂട്ടിംഗ് മോഡുകൾ മാറ്റുകയോ പോലുള്ള വിവിധ സെറ്റിങ്സുകളിലേക്ക് വേഗത്തിലുള്ള ആക്സസ് നൽകുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ പുറത്തുവന്ന അഭ്യൂഹം പറയുന്നത് ഐഫോൺ 18 മുതൽ ഐഫോണുകളിൽ ക്യാമറ ബട്ടൺ ഉണ്ടാകില്ല എന്നാണ്. അതിനാൽ ഐഫോൺ 17 സീരീസിൽ പുതിയ ക്യാമറ ബട്ടൺ ഉണ്ടാകുമോ ഇല്ലയോ എന്നത് ഇവിടെ വിഷയമാകുന്നില്ല.

ഐഫോൺ 18 സീരീസ് മുതൽ ആപ്പിൾ അതിന്റെ ഐഫോൺ ലോഞ്ച് രീതി അടിമുടി മാറും എന്ന് നേരത്തെ തന്നെ ചില ലീക്ക് റിപ്പോർട്ടുകൾ പറയുന്നുണ്ട്. നിലവിൽ ഐഫോൺ സീരീസിലെ പ്രധാന നാല് മോഡലുകളും ഒറ്റയടിക്കാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇത് മാറ്റി ഘട്ടം ഘട്ടമായുള്ള ഒരു ലോഞ്ചിങ് രീതി 2027 മുതൽ ആപ്പിൾ കൊണ്ടുവരും എന്നാണ് ചില ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെട്ടിട്ടുള്ളത്.


Click it and Unblock the Notifications








