കൂടുതൽ ഡിസ്കൗണ്ട് നോക്കി ഇരിക്കേണ്ട, കിട്ടുന്ന വിലയ്ക്ക് ഇപ്പോൾ വാങ്ങിക്കോ! ഐഫോൺ 17 വില കൂടാൻ പോകുന്നു?
ഐഫോൺ എക്കാലത്തും വിപണിയുടെ ഹരമാണ്. ഐഫോൺ ഇറങ്ങിക്കഴിഞ്ഞും നിരവധി സ്മാർട്ട്ഫോണുകൾ ഇറങ്ങാറുണ്ട്. എന്നാൽ ലോഞ്ച് ചെയ്ത് മൂന്നും നാലും വർഷം പിന്നിട്ട ഐഫോണുകൾ വാങ്ങാൻ പോലും ആളുകൾ ഏറെയാണ്. അതാണ് ആപ്പിൾ ഉണ്ടാക്കി വച്ചിരിക്കുന്ന സൽപ്പേര്. ഉയർന്ന വിലയിൽ എത്തുന്ന ഐഫോണുകൾക്ക് പുതിയ മോഡലുകൾ ഇറങ്ങുമ്പോൾ വിലക്കുറവ് ലഭിക്കാറുണ്ട്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകളുടെയും മറ്റും സഹായത്താൽ വില കുറയ്ക്കാനും അവസരമുണ്ട്. പുതിയ ഐഫോണുകൾക്ക് ഓഫർ സെയിലുകളിൽ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാകുമെങ്കിലും ഡയറക്ട് വിലക്കുറവ് ലഭിക്കാൻ സാധ്യത കുറവാണ്.
പുതിയ ഐഫോൺ 17 വാങ്ങാൻ വില കുറയുന്നതും നോക്കിയിരിക്കുന്നവരുടെ പ്രതീക്ഷ കെടുത്തുന്ന ഒരു വാർത്ത ഇപ്പോൾ വന്നിരിക്കുന്നു. ഐഫോൺ 17 മോഡലിന്റെ വില കൂടാൻ സാധ്യതയുണ്ട് എന്നതാണ് അത്. മുൻ മോഡലായ ഐഫോൺ 16 യുടെ വിലയെക്കാൾ ഉയർന്ന വിലയിലാണ് ഇത്തവണ ഐഫോൺ 17 എത്തിയത്. എന്നാൽ അടിസ്ഥാന സ്റ്റോറേജ് ശേഷിയിൽ മാറ്റമുണ്ടായിരുന്നു എന്നതിനാൽ ഈ വില വർധന ഉപയോക്താക്കൾക്ക് വലിയ നഷ്ടമില്ലാത്തതായി.

ഐഫോൺ 16 128ജിബി അടിസ്ഥാന മോഡൽ 79900 രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ, പിൻഗാമിയായ ഐഫോൺ 17 എത്തിയത് 256ജിബി അടിസ്ഥാന സ്റ്റോറേജ് മോഡലുമായാണ്. ഇതിന് 82,900 രൂപയായിരുന്നു വില. ഇതിന്റെ 512ജിബി വേരിയന്റിന് 1,02,900 രൂപയും. എന്നാൽ ഈ വില വീണ്ടും വർധിക്കാൻ പോകുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ വെളിപ്പെടുത്തിയിരിക്കുന്നത് ഐഫോൺ 17 മോഡൽ വിലയിൽ 7,000 രൂപ വരെ വർധന ഉണ്ടായേക്കാം എന്നാണ്. അതായത് 256ജിബി മോഡൽ വില ഏകദേശം 89,900 രൂപയായും 512ജിബി വേരിയന്റിന്റെ വില 1,09,900 രൂപയായും ഉയർന്നേക്കും. ഉയർന്ന ഡിമാൻഡും വിപണിയിലെ പരിമിതമായ സ്റ്റോക്കും വില വർധനവിന് അനുകൂല സാഹചര്യം ഒരുക്കിയിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ആപ്പിൾ നടത്താൻ പോകുന്ന ഈ വില വർധന ഐഫോൺ 17 മോഡലിൽ മാത്രം ഒതുങ്ങുമോ അതേ സീരീസിലെ മറ്റ് മോഡലുകളുടെ വിലയും ഉയരുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. ഐഫോൺ 17 കഴിഞ്ഞാൽ തൊട്ടടുത്ത ഓപ്ഷൻ ഐഫോൺ എയർ ആണ്, ഈ എയർ ഉൾപ്പെടെ മറ്റ് മോഡലുകളെല്ലാം ഒരുലക്ഷം രൂപയ്ക്ക് മുകളിൽ അടിസ്ഥാന വില ഉള്ളവയാണ്.
അതേസമയം ഔദ്യോഗികമായി വില ഉയരുമെങ്കിലും ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തി ഉപയോക്താക്കൾക്ക് വിലയിൽ ആശ്വാസം കണ്ടെത്താനായേക്കും. റീട്ടെയിൽ ചാനലുകളിൽ ഐഫോൺ 17 സ്റ്റോക്ക് കുറവാണെന്ന് പറയപ്പെടുന്നു, ഇത് വില വർധനവിന് അനുകൂലമായ സാഹചര്യം ആപ്പിളിന് ഒരുക്കി നൽകിയിരിക്കുന്നു. ലോകമെമ്പാടുമുള്ള മെമ്മറി പാർട്സ് വിലകളിലെ സമീപകാല വർദ്ധനവാണ് വില വർധനവിന്റെ പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്.
ഇപ്പോൾ പുറത്തിറങ്ങുന്ന പ്രീമിയം മോഡലുകളെല്ലാം വർധിച്ച വിലയിലാണ് എത്തുന്നത്. ഏതാനും മാസം മുൻപ് ലോഞ്ച് ചെയ്ത മോഡൽ ആണെങ്കിലും വില വർധിപ്പിച്ച് ആപ്പിളും ഈ വില വർധന നീക്കങ്ങളുടെ ഭാഗമാകാൻ പോകുന്നു എന്നുവേണം മനസിലാക്കാൻ. AI തരംഗം കാരണം DRAM ന്റെയും മറ്റ് സ്മാർട്ട്‌ഫോൺ മെമ്മറി ഭാഗങ്ങളുടെയും വില 20-50 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

ഐഫോൺ 17 ന്റെ അടിസ്ഥാന സ്റ്റോറേജ് കോൺഫിഗറേഷൻ മുൻ മോഡലുകളെക്കാൾ വലുതായതിനാൽ, മെമ്മറി വിപണിയിലെ വിലക്കയറ്റത്തിന്റെ ആഘാതം ആപ്പിളിന്റെ ഉൽപാദനച്ചെലവ് നേരിട്ട് വർദ്ധിപ്പിക്കുന്നു. ഇതോടെ മറ്റ് കമ്പനികളെപ്പോലെ ആപ്പിളും വില വർധിപ്പിക്കലിലേക്ക് കടക്കാൻ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. എന്തായാലും പല ഇ-കൊമേഴ്സ് സൈറ്റുകളിലും ഐഫോൺ 17 സ്റ്റോക്ക് തീർന്നുതുടങ്ങിയിട്ടുണ്ട്. പുതിയ ഐഫോൺ 17 വാങ്ങാൻ ആഗ്രഹിക്കുന്നവർ നിലവിലുള്ള ഡിസ്കൗണ്ടുകളുടെ സഹായത്തോടെ അവ സ്വന്തമാക്കുന്നത് നന്നായിരിക്കും, വൈകിയാൽ കൂടുതൽ വില നൽകേണ്ടി വന്നേക്കും.


Click it and Unblock the Notifications








