ആപ്പിളായാലും നല്ലകാര്യങ്ങൾ ഇങ്ങനെ വൈകിപ്പിക്കരുത്; സന്തോഷവും നിരാശയും നിറച്ച് ഐഫോൺ വാർത്ത
സ്മാർട്ട്ഫോണുകളുടെ ലോകത്തെ പുതിയ രാജാക്കന്മാരുടെ പട്ടാഭിഷേകം എന്ന് പറയാൻ കഴിയും വിധം പുതിയ ആപ്പിൾ ഐഫോൺ 16 സീരീസിന്റെ (iPhone 16 series) ലോഞ്ച് സെപ്റ്റംബർ 9ന് നിശ്ചയിച്ചിരിക്കുകയാണ്. വരാൻ പോകുന്ന ഐഫോൺ 16 സീരീസിലെ മോഡലുകളെക്കുറിച്ചുള്ള ചർച്ചകളൊക്കെ സജീവമായി നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ അതിനിടയിൽ അടുത്ത വർഷം ലോഞ്ച് ചെയ്യാൻ പോകുന്ന ഐഫോൺ 17 സീരീസിനെക്കുറിച്ചുള്ള (iPhone 17 series) ഒരു വാർത്ത എത്തിയിട്ടുണ്ട്. ഐഫോൺ ആരാധകർക്ക് ഒരേസമയം സന്തോഷവും അതേപോലെ നിരാശയും നൽകുന്നതാണ് പുതിയ വാർത്ത.
ഇത്തവണ ആപ്പിൾ പുറത്തിറക്കുന്ന ഐഫോൺ 16 സീരീസിൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ നാല് മോഡലുകളും 8 ജിബി റാം സഹിതമാകും എത്തുക.

എന്നാൽ കഥയുടെ ട്വിസ്റ്റ് ഇനിയാണ് ആരംഭിക്കുന്നത്. ഐഫോൺ 16 സീരീസിൽ 8ജിബി റാം ലഭിക്കുന്നത് ഉപയോക്താക്കൾക്ക് വളരെ വലിയ നേട്ടം തന്നെയാണ്. എന്നാൽ ഇതോടൊപ്പം തന്നെ ഈ റിപ്പോർട്ടിൽ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. അടുത്ത വർഷം ഇറങ്ങുന്ന ഐഫോൺ 17 സ്മാർട്ട്ഫോണിൽ ആപ്പിൾ 12ജിബി റാം നൽകും എന്നതാണ് അത്.
ഐഫോണുകളെ സംബന്ധിച്ചിടത്തോളം വലിയൊരു കുതിച്ചുചാട്ടമാണ് ഈ നീക്കം. എഐ ഫീച്ചറുകൾ കൂടുതൽ അവതരിപ്പിക്കാൻ ആവശ്യമായ കരുത്ത് ഉറപ്പാക്കാനാണ് ഐഫോൺ 17 സീരീസിൽ ഉയർന്ന റാം നൽകുന്നത്. ഇത്തവണ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ മിക്കവാറും ക്ലൗഡ് അധിഷ്‌ഠിതമായിരിക്കും, എന്നാൽ ഐഫോൺ 17 മോഡലുകൾ അങ്ങനെയായിരിക്കില്ല. ഒട്ടനവധി എഐ ഫീച്ചറുകൾ അവതരിപ്പിക്കാൻ കരുത്തോടെയാകും ഐഫോൺ 17 സീരീസ് ഒരുക്കുക.

ഐഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ റിപ്പോർട്ട് സന്തോഷവും നിരാശയും ഒരേസമയം നൽകുന്നുണ്ട്. ആപ്പിൾ ഐഫോൺ റാം ശേഷി വർധിപ്പിക്കുന്നു എന്നത് ആരാധകർ സ്വാഗതം ചെയ്യുന്നു. എന്നാൽ അത് കഴിവതും വേഗത്തിൽ, ഐഫോൺ 16 സീരീസിൽ തന്നെ അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നുവെന്നും അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും അവർ നിരാശപ്പെടുന്നു.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ 12ജിബി റാം എന്നതൊക്കെ ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ ഐഫോണുകൾ അത്രയും റാം ശേഷി അവതരിപ്പിച്ചിട്ടില്ല. എങ്കിലും ഇപ്പോൾ തന്നെ ഐഫോണുകൾ പെർഫോമൻസിന്റെയും നിലവാരത്തിന്റെയും കാര്യത്തിൽ പുലികളാണ്. കൂടുതൽ റാം ശേഷി എത്തുന്നതോടെ ഐഫോൺ വേറെ ലെവലിലേക്ക് ഉയരുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു.
സ്മാർട്ട്ഫോണുകളിൽ എഐ നടത്തുന്ന കടന്നുകയറ്റവും സ്വാധീനവുമാണ് ആപ്പിളിന്റെ ഈ മാറ്റത്തിന് കാരണം. പുത്തൻ സ്മാർട്ട്ഫോണുകൾ കൂടുതൽ എഐ ഫീച്ചറുകൾ അവതരിപ്പിക്കാൻ മത്സരിക്കുന്നു. ഈ എഐ മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ ടെക്നോളജി രംഗത്തെ ഭീമന്മാരിലൊരാൾ കൂടിയായ ആപ്പിളിന് സാധിക്കില്ല. അതിനാലാണ് ശക്തമായ എഐ ഫീച്ചറുകൾ അവതരിപ്പിക്കാൻ ആവശ്യമായ മാറ്റങ്ങൾ ഐഫോൺ സീരീസിലേക്ക് കൊണ്ടുവരാൻ ഇപ്പോഴേ പദ്ധതികൾ തയാറാക്കുന്നത്.

സെർച്ച് എൻജിൻ ഭീമനും ടെക്നോളജി രംഗത്തെ, പ്രത്യേകിച്ച് എഐ ഗവേഷണ മേഖലയിലെ നിലവിലെ വമ്പനുമായ ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ തങ്ങളുടെ പിക്സൽ 9 സീരീസ് ഫോണുകളിലും റാം ശേഷി വർധിപ്പിച്ചിരുന്നു. ഇതിൽ റാമിന്റെ ഒരു ഭാഗം തന്നെ എഐക്കായി മാറ്റി വച്ചിരിക്കുന്നു.
ഗൂഗിളിന്റെ അതേപാതയിൽ മുന്നോട്ട് പോകാനാണ് ആപ്പിളും തയാറെടുക്കുന്നത് എന്ന് ഇപ്പോൾ പുറത്തുവന്ന ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2025ൽ ആപ്പിൾ ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ എഐയുടെ കൈപ്പിടിയിലായിരിക്കുമെന്നും ഈ റിപ്പോർട്ടിലെ വിവരങ്ങളിൽ നിന്ന് വിലയിരുത്താൻ സാധിക്കും.


Click it and Unblock the Notifications