അവരിപ്പോൾ മച്ചാനും മച്ചാനും! ഐഫോൺ 17 സീരീസിൽ സാംസങ് OLED ഡിസ്‌പ്ലേ കൊണ്ടുവരാൻ നീക്കം
സ്മാർട്ട്ഫോൺ ലോകത്തെ ബദ്ധ ശത്രുക്കളാണ് ആപ്പിളും സാംസങ്ങും എന്നാണ് ചില ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ പുറമേയ്ക്ക് അകൽച്ചയും വെല്ലുവിളികളും നടത്തുമെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണ് എന്ന് അതേ ആരാധകരെക്കൊണ്ട് പറയിപ്പിക്കും വിധത്തിലുള്ള ഒരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നു. വരാനിരിക്കുന്ന ഐഫോൺ 17 സീരീസിൽ (iPhone 17 series) സാംസങ്ങിന്റെ ഏറ്റവും മികച്ച OLED ഡിസ്‌പ്ലേ അവതരിപ്പിക്കാൻ ആപ്പിൾ ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്തിടെ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പറയുന്നു എന്നതാണ് ആ വാർത്ത. ഒരു കൊറിയൻ റിപ്പോർട്ട് ആണ് ഈ വാർത്തയ്ക്ക് അടിസ്ഥാനം.
വരാൻ പോകുന്ന ഐഫോൺ സീരീസുകളെക്കുറിച്ചുള്ള ലീക്ക് റിപ്പോർട്ടുകളും അഭ്യൂഹങ്ങളുമൊക്കെ മാസങ്ങൾക്ക് മുൻപ് മുതൽ തന്നെ സംഭവിക്കാറുള്ളതാണ്. ഐഫോൺ 17 സീരീസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഐഫോൺ 16 സീരീസ് പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ പ്രചരിച്ചുതുടങ്ങിയിരുന്നു. 12ജിബി റാം ഐഫോൺ സീരീസിൽ അവതരിപ്പിക്കും എന്നതായിരുന്നു ഇത്തരത്തിൽ പ്രചരിച്ച വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്.

എഐ ഫീച്ചറുകൾ കൂടുതൽ അവതരിപ്പിക്കാൻ ആവശ്യമായ കരുത്ത് ഉറപ്പാക്കാൻ ഐഫോൺ 17 സീരീസിൽ ഉയർന്ന റാം നൽകുന്നു എന്ന വാർത്ത ആരാധകർക്ക് സന്തോഷം പകർന്നിരുന്നു. ഒട്ടനവധി എഐ ഫീച്ചറുകൾ അവതരിപ്പിക്കാൻ കരുത്തോടെയാകും ഐഫോൺ 17 സീരീസ് ഒരുക്കുക. കൂടുതൽ റാം ശേഷി എത്തുന്നതോടെ ഐഫോൺ വേറെ ലെവലിലേക്ക് ഉയരുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കൊറിയൻ ലീക്ക് റിപ്പോർട്ട് ഐഫോണും സാംസങ്ങും തമ്മിലുള്ള ഒരു സഹകരണത്തിലേക്കും ആപ്പിൾ അവരുടെ ഐഫോൺ മോഡലുകളിൽ നടത്താൻ പോകുന്ന വമ്പൻ മാറ്റങ്ങളെക്കുറിച്ചുമുള്ള സൂചനകളിലേക്ക് വെളിച്ചം വീശുന്നു. ഐഫോൺ 17 നിരയിലെ എല്ലാ മോഡലുകളും സാംസങ് ഡിസ്‌പ്ലേയുടെ ഏറ്റവും നൂതനമായ OLED പാനലുകൾ കൊണ്ട് സജ്ജീകരിക്കാൻ ആപ്പിൾ ഒരുങ്ങുന്നു എന്നാണ് ലീക്ക് റിപ്പോർട്ട് പറയുന്നത്.
അതായത് അടുത്തിടെയായി ഐഫോൺ സീരീസുകൾ ഇറങ്ങുമ്പോൾ ഉയർന്നിരുന്ന വിമർശനങ്ങൾ ആപ്പിളിന്റെ കാതുകളിലും എത്തിയതായും കാലത്തിനൊത്ത ചില മാറ്റങ്ങൾ നടപ്പിലാക്കാനായി സാംസങ്ങിന്റെ പോലും സഹായം തേടാനും ആപ്പിൾ തയാറാകാൻ പോകുന്നു എന്നത് വലിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഈ ലീക്ക് റിപ്പോർട്ട് സത്യമാണെങ്കിൽ ആപ്പിൾ തങ്ങളുടെ തന്ത്രത്തിൽ കാര്യമായ മാറ്റം വരുത്തിയിരിക്കുന്നു.
ഉയർന്ന നിലവാരമുള്ള പ്രോ, പ്രോ മാക്‌സ് മോഡലുകളിൽ മാത്രമേ മുൻപ് ആപ്പിൾ ടോപ് ടയർ സ്‌ക്രീനുകൾ നൽകിയിരുന്നുള്ളൂ. എന്നാൽ ആ നയം മാറ്റാൻ ആപ്പിൾ നിർബന്ധിതമായിരിക്കുന്നു. കാരണം പല ബ്രാൻഡുകളുടെയും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഐഫോണുകളിലെക്കാൾ മികച്ച ഡിസ്പ്ലേ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.
അതിനാൽ വിവിധ മോഡലുകളോട് ഡിസ്പ്ലേയുടെ കാര്യത്തിൽ നടത്തിയിരുന്ന വിവേചനം വരാൻ പോകുന്ന ഐഫോൺ സീരീസിൽ അവസാനിക്കുകയാണ് എന്ന് ലീക്ക് റിപ്പോർട്ട് സൂചന നൽകുന്നു. സ്റ്റാൻഡേർഡ് ഐഫോൺ 17 ൽ പോലും സാംസങ്ങിന്റെ M14 OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു, ഇത് 3,000 നിറ്റ്‌സ് ബ്രൈറ്റ്നസ് കൈവരിക്കാൻ പ്രാപ്തമാണ്.
ഡിസ്പ്ലേയുമായി ബന്ധപ്പെട്ട മറ്റൊരു ശ്രദ്ധേയമായ വാർത്ത ഇതിന് മുൻപ് വന്നത് ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളിലും 120Hz റിഫ്രഷ് റേറ്റ് കൊണ്ടുവരാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട് എന്നതായിരുന്നു. ഈ അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് ഇപ്പോൾ ഐഫോൺ 17 സീരീസിൽ സാംസങ് ഡിസ്പ്ലേ അവതരിപ്പിക്കാൻ ആപ്പിൾ തയാറെടുക്കുന്നു എന്ന റിപ്പോർട്ട് വന്നിരിക്കുന്നത്.
പുതിയ ഐഫോൺ സീരീസുകൾ ലോഞ്ച് ചെയ്യുമ്പോൾ ആപ്പിളിന് ഏറെ വിമർശനങ്ങൾ വാങ്ങി നൽകാറുള്ള കാരണങ്ങളിൽ ഒന്നാണ് ഐഫോണുകളിലെ കുറഞ്ഞ റിഫ്രഷ് റേറ്റ്. ബജറ്റ് വിലയിൽ എത്തുന്ന ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ പോലും ഇപ്പോൾ 120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഐഫോൺ 16-ൽ കാലഹരണപ്പെട്ട 60Hz റിഫ്രഷ് റേറ്റ് ആണ് ഉണ്ടായിരുന്നത്.
ഈ സാഹചര്യത്തിലാണ് വരാൻ പോകുന്ന ഐഫോൺ 17 സീരീസിൽ റിഫ്രഷ് റേറ്റിന്റെ കാര്യത്തിലും നവീകരണം ഉണ്ടാകും എന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഈ അപ്‌ഗ്രേഡ് സുഗമമായ യൂസർ ഇന്റർഫേസ്, മെച്ചപ്പെട്ട ഗെയിമിംഗ് പെർഫോമൻസ്, മുഴുവൻ ഐഫോൺ മോഡലുകളിലും കൂടുതൽ സുഗമമായ എക്സ്പീരിയൻസ് എന്നിവ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഫോൺ 17 സീരീസിൽ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ: ഇതുവരെ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഐഫോൺ 17 സീരീസിലൂടെ ആപ്പിൾ ഐഫോൺ സീരീസിനെ അടിമുടി മാറ്റിപ്പണിയും എന്നാണ്. ഡിസ്പ്ലേ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഗ്രേഡ് ക്യാമറ വിഭാഗത്തിൽ ആകും ഉണ്ടാകുക, എല്ലാ മോഡലുകളിലും ഫ്രണ്ട് ഫേസിംഗ് ക്യാമറ 12 മെഗാപിക്സലിൽ നിന്ന് 24 മെഗാപിക്സലിലേക്ക് ഉയരുമെന്ന് അഭ്യൂഹമുണ്ട്.
മറ്റൊന്ന് കുറഞ്ഞത് ഒരു മോഡലിലെങ്കിലും ഒരു മെക്കാനിക്കൽ അപ്പർച്ചർ അവതരിപ്പിച്ചേക്കാം എന്നതാണ്. ഇത് ഒരു ഐഫോണിലും മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒന്നാണ്. മുൻ മോഡലുകളുടെ ഫിക്സഡ് അപ്പർച്ചറുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ഡെപ്ത് കൺട്രോളിനായി ലൈറ്റ് ഇൻടേക്ക് ക്രമീകരിക്കാൻ അനുവദിക്കും, ഇത് ഫോട്ടോകൾക്ക് കൂടുതൽ പ്രൊഫഷണൽ എക്സ്പീരിയൻസ് നൽകും.
ഐഫോൺ 17 ലൈനപ്പിൽ മുഴുവൻ ആപ്പിളിന്റെ കസ്റ്റം വൈ-ഫൈ 7 ചിപ്പ് ഉണ്ടായിരിക്കും എന്നതാണ് 17 സീരീസിനെപ്പറ്റി പുറത്തുവന്ന മറ്റൊരു സ്ഥിരീകരിക്കാത്ത വിവരം. കസ്റ്റം വൈ-ഫൈ 7 ചിപ്പ് മികച്ച വേഗത, കുറഞ്ഞ ലേറ്റൻസി, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവ നൽകുന്നു, മെച്ചപ്പെടുത്തിയ വയർലെസ് കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.3 ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഐഫോണുകളുടെ പെർഫോമൻസിൽ പ്രധാന പങ്ക് വഹിക്കുന്നത് കരുത്തുറ്റ ചിപ്സെറ്റുകളുടെ സാന്നിധ്യമാണ്. ഐഫോൺ 17 സീരീസ 3nm പ്രോസസ്സിൽ നിർമ്മിച്ച പുതിയ A19 ചിപ്പ് ഉപയോഗിച്ചാണ് എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രോ മോഡലുകളിൽ കൂടുതൽ ശക്തമായ A19 പ്രോയും സ്റ്റാൻഡേർഡ് ഐഫോൺ 17 യിൽ സാധാരണ A19 ചിപ്പും ഉണ്ടാകും എന്നാണ് സൂചന.
ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല ലുക്കിന്റെ കാര്യത്തിലും ഐഫോൺ 17 സീരീസ് ഞെട്ടിച്ചേക്കും. ഐഫോൺ 17 പ്രോ നിലവിലെ മോഡലുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്നാണ് തനിക്ക് വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത് എന്ന് എഫ്പിടിയിലെ ജോൺ പ്രോസ്സർ പറഞ്ഞിരുന്നു. വരാൻ പോകുന്ന ഐഫോണിന്റെ റിയർ പാനൽ ഡിസൈനിൽ കാര്യമായി മാറ്റങ്ങൾ വരുത്താൻ ആപ്പിൾ ആഗ്രഹിക്കുന്നുണ്ട്.

ഈ വർഷം രണ്ടാം പകുതിയോടെ, അതായത് സെപ്റ്റംബറോടെ ഐഫോൺ 17 സീരീസ് ലോഞ്ച് പ്രതീക്ഷിക്കാം. ആപ്പിൾ ഇതുവരെ ഐഫോൺ 17 സീരീസിനെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തുകയോ സൂചന നൽകുകയോ ചെയ്തിട്ടില്ല. അതിനാൽത്തന്നെ ഈ വിവരങ്ങളെയെല്ലാം പൂർണ്ണമായി വിശ്വസിക്കാനാകില്ല. ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ കൂടുതലും അഭ്യൂഹങ്ങളായി മാത്രമേ പരിഗണിക്കാനാകൂ.
വരാൻ പോകുന്ന ഐഫോൺ 17 സീരീസിന്റെ വരവിനെ ഉറ്റുനോക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്ന കാരണങ്ങളിലൊന്ന് ഐഫോൺ 17 എയർ എന്ന മോഡലിനെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളാണ്. ഐഫോൺ 17 സീരീസിൽ ഐഫോൺ 17 എയർ എന്ന പുതിയ ഒരു മോഡൽ ഉണ്ടാകും എന്ന് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു.
5.5mm സ്ലിം എന്ന നിലയിൽ എത്തുന്ന ഐഫോൺ 17 എയർ ആപ്പിളിന്റെ ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോണായിരിക്കുമെന്ന് കരുതപ്പെടുന്നു. ഈ മോഡലിന്റെ സ്ലിം രൂപത്തിനായി ആപ്പിൾ നിരവധി മാറ്റങ്ങൾ വരുത്തുന്നുവെന്നാണ് പറയപ്പെടുന്നത്. ഗൂഗിൾ പിക്സലിന്റേത് പോലുള്ള ക്യാമറ ബമ്പ്, സിംഗിൾ ക്യാമറ ലെൻസ്, ഫിസിക്കൽ സിം ട്രേ ഒഴിവാക്കൽ എന്നിവയെല്ലാം ഐഫോൺ 17ൽ ആപ്പിൾ കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്.


Click it and Unblock the Notifications








