അതെന്താ അൾട്ര സാംസങ്ങിന്റെ കുത്തകയോ! ആപ്പിൾ ഈ വർഷം 5 ഐഫോണുകൾ ഇറക്കും, മോഡലുകളും വിലയും
ലോകം കാത്തിരിക്കുന്ന ഐഫോൺ 15 ലോഞ്ച് ഇവന്റ് സെപ്റ്റംബർ 12 ന് നടക്കാനിരിക്കുകയാണ്. ഏതൊക്കെ മോഡലുകളാണ് ആപ്പിൾ പുതിയ ഐഫോൺ 15 സീരീസിൽ ഉൾപ്പെടുത്തുക എന്നതിനെപ്പറ്റി ഔദ്യോഗികമായ സ്ഥീരീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. പക്ഷേ, മുൻകാല രീതികളും ടിപ്സ്റ്റർമാർ പുറത്തുവിട്ട ലീക്ക് റിപ്പോർട്ടുകളും അടിസ്ഥാനമാക്കി നിരവധിവിവരങ്ങൾ പ്രചരിക്കുന്നുണ്ട്.
ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഐഫോൺ 15 നെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി ട്രെൻഡായിരിക്കുന്നത് ആപ്പിൾ ഇക്കൊല്ലം 5 ഐഫോൺ മോഡലുകൾ പുറത്തിറക്കും എന്ന വാർത്തയാണ്. കഴിഞ്ഞ തവണ 4 മോഡലുകളാണ് ഐഫോൺ 14 സീരീസിൽ അവതരിപ്പിച്ചിരുന്നത്.

ഈ വർഷം ആപ്പിൾ 5 ഐഫോൺ മോഡലുകൾ പുറത്തിറക്കുമെന്ന വിവരം ടിപ്സ്റ്റർ മജിൻ ബു ആണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ആപ്പിളിലെ തന്റെ സ്രോതസുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഒരു അൾട്രാ മോഡൽ കൂടി ഈ വർഷം ആപ്പിൾ അവതരിപ്പിക്കും എന്ന് മജിൻ ബു അവകാശപ്പെടുന്നു.
ഉടൻ പുറത്തിറങ്ങുന്ന ഐഫോൺ 15 സീരീസിൽ 4 മോഡലുകൾ ഉണ്ടാകാം എന്നണ് ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് അവ. എന്നാൽ ഇതിന് പുറമേ ഐഫോൺ 15 അൾട്ര മോഡൽ കൂടി ആപ്പിൾ പുറത്തിറക്കും എന്നാണ് ടിപ്സ്റ്ററിന്റെ അവകാശവാദം.
ആപ്പിളിന്റെ പദ്ധതികളെപ്പറ്റി ഇതിന് മുമ്പ് കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ള ഒരു വെയ്‌ബോ അക്കൗണ്ട് പങ്കിട്ട വിവരങ്ങൾ പ്രകാരം, ഐഫോൺ അൾട്ര മോഡലിന് ആപ്പിളിന്റെ വിഷൻ പ്രോ ഹെഡ്‌സെറ്റിൽ പ്രദർശിപ്പിക്കാൻ സ്പേഷ്യൽ ഫോട്ടോകളും വീഡിയോകളും പകർത്താനാകും. ഇമ്മേഴ്‌സീവ് 3D ഉള്ളടക്കം റെക്കോർഡുചെയ്യുന്നതിന് ഈ ഫോണിന് സാധിക്കും.
പുതിയ ഐഫോൺ ലൈനപ്പിലെ അഞ്ചാമത്തെ വേരിയന്റായിട്ടായിരിക്കും ഐഫോൺ 15 അൾട്ര ഇടംപിടിക്കുക. ഐഫോൺ 15 പ്രോ മാക്‌സും ഐഫോൺ 15 അൾട്രയും ഏതാണ്ട് ഒരേ ഫീച്ചറുകളോടെ തന്നെയാകും എത്തുക. എന്നാൽ സ്റ്റോറേജിലും ക്യാമറയിലും ചില വ്യത്യാസങ്ങൾ ഉണ്ടാകും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയർന്ന റാം, സ്റ്റോറേജ്, ക്യാമറ എന്നിവയോടെയാകും ആപ്പിൾ ഐഫോൺ 15 അൾട്ര അവതരിപ്പിക്കുക.
ഐഫോൺ 15 പ്രോ മാക്‌സ് 6 ജിബി റാമും 1 ടിബി വരെ സ്റ്റോറേജും പായ്ക്ക് ചെയ്യും. മറുവശത്ത്, ഐഫോൺ 15 അൾട്ര വേരിയന്റ് പരമാവധി 8 ജിബി റാമിലും 2 ടിബി സ്റ്റോറേജിലും ലഭിക്കും. കൂടാതെ, പ്രോ മോഡലിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ക്യാമറകളും അൾട്ര മോഡലിൽ അവതരിപ്പിക്കും.
മറ്റ് ഫീച്ചറുകളെല്ലാം പ്രോ മാക്സിലും അൾട്രയിലും ഒരുപോലെ തന്നെയാകും. ഈ സീരീസിലെ ഏറ്റവും വില കൂടിയ മോഡലാകും ഐഫോൺ 15 അൾട്രയെന്നും ടിപ്സ്റ്റർ പറയുന്നു. അൾട്ര വേരിയന്റിന് പ്രോ മാക്‌സ് മോഡലിനേക്കാൾ 100 ഡോളർ കൂടുതലായിരിക്കുമെന്നും ടിപ്‌സ്റ്റർ കൂട്ടിച്ചേർത്തു. ഐഫോൺ 15 അൾട്ര മോഡലിനെക്കുറിച്ച് ഇതിനുമുമ്പും അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്.
ടൈറ്റാനിയം ബോഡി, ആക്ഷൻ ബോഡി, ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് ക്യാമറകൾ തുടങ്ങി ഒരുപാട് പ്രത്യേകതകളോടെ അൾട്ര മോഡൽ ആപ്പിൾ അവതരിപ്പിക്കും എന്നാണ് മുൻ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ പ്രോ മാക്‌സ് മോഡലിന്റെ വില 1,099 ഡോളറായിരുന്നു. ഇക്കൊല്ലം ഐഫോൺ 15 പ്രോ മാക്സിന് 1,299 ഡോളർ ആയിരിക്കും വില.

ഇന്ത്യയിൽ, പുതിയ പ്രോ മാക്‌സ് മോഡൽ 1,59,900 രൂപയ്ക്ക് ആപ്പിൾ അവതരിപ്പിച്ചേക്കും. അതേപോലെ പുതിയ അൾട്രാ മോഡൽ 1,67,900 രൂപയ്ക്ക് പുറത്തിറക്കും എന്നാണ് വിലയിരുത്തൽ. ഐഫോൺ 15 പ്രോയുടെ വില 1,099 ഡോളർ ആയിരിക്കും, കഴിഞ്ഞ വർഷത്തെ മോഡലിന്റെ വില 999 ഡോളർ ആയിരുന്നു.
പ്രോ മോഡൽ 1,39,900 രൂപയ്ക്ക് ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം. സ്റ്റാൻഡേർഡ് ഐഫോൺ 15 മോഡലും പ്ലസ് പതിപ്പും ഒന്നുകിൽ പഴയ വിലയിൽ തന്നെ ലോഞ്ച് ചെയ്യും. അല്ലെങ്കിൽ ചെറിയ വിലവർദ്ധന ഉണ്ടാകും. പഴയ വിലയിൽ സ്റ്റാൻഡേർഡ് മോഡൽ നൽകാൻ ആപ്പിൾ തീരുമാനിച്ചാൽ ഐഫോൺ 15 സാധാരണ മോഡൽ 79,900 രൂപ പ്രാരംഭവിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications