അങ്ങനെ ആ ചടങ്ങും പൂർത്തിയായി! ഐഫോൺ 16, 16 പ്ലസ് എന്നിവയുടെ വില കുറച്ച് ആപ്പിൾ
എല്ലാക്കൊല്ലവും പുതിയ ഐഫോണുകൾ എത്തുന്നതിന് പിന്നാലെ സ്ഥിരമായി നടക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. കഴിഞ്ഞ ദിവസം പുതിയ ഐഫോൺ 17 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ ആ സ്ഥിരം ചടങ്ങുകളും നടന്നിരിക്കുന്നു. എന്താണ് ആ ചടങ്ങ് എന്ന് ഐഫോൺ ആരാധകർക്ക് ഇതിനകം പിടികിട്ടിക്കാണും, മറ്റൊന്നുമല്ല, മുൻ മോഡലുകളുടെ വില കുറയ്ക്കൽ, ചില മോഡലുകൾ നിർത്തലാക്കൽ എന്നിവ തന്നെ. ഐഫോൺ 17 സീരീസ് എത്തിയതിന് പിന്നാലെ ആപ്പിൾ മുൻ മോഡലുകളായ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയുടെ വില കുറച്ചിരിക്കുന്നു (iPhone 16 and 16 Plus get a price cut).
ആദ്യം പുതിയ ഐഫോൺ മോഡലുകളുടെ വില പരിചയപ്പെടാം
ഐഫോൺ 17 സീരീസിൽ ഏറ്റവും വില കുറഞ്ഞ മോഡൽ ഐഫോൺ 17 തന്നെ. മുൻ സീരീസുകളിൽ സ്റ്റാന്റേർഡ് മോഡൽ 128ജിബി പ്രാരംഭ സ്റ്റോറേജോടെ ആണ് എത്തിയിരുന്നത്. എന്നാൽ ഇത്തവണ 128ജിബി സ്റ്റോറേജ് വേരിയന്റ് ഒഴിവാക്കി 256ജിബി സ്റ്റോറേജുമായാണ് പുതിയ മോഡലുകൾ എത്തിയിരിക്കുന്നത്. അതിനാൽ തന്നെ മുൻ മോഡലിനെ അപേക്ഷിച്ച് വിലയും അൽപ്പം വർധിച്ചിട്ടുണ്ട്.

ഐഫോൺ 17 യുടെ 256ജിബി അടിസ്ഥാന വേരിയന്റ് 82,900 രൂപ വിലയിലും 512GB വേരിയന്റ് 1,02,900 രൂപ വിലയിലും ആണ് എത്തിയിരിക്കുന്നത്. പ്ലസ് മോഡൽ ഒഴിവാക്കി പകരം ആപ്പിൾ അവതരിപ്പിച്ച ഐഫോൺ 17 എയർ മോഡലിന്റെ 256GB വേരിയന്റിന് 119900 രൂപയും 512GB വേരിയന്റിന് 139900 രൂപയും 1TB വേരിയന്റിന് 159900 രൂപയും ആണ് വില.
ഐഫോൺ 17 പ്രോയും 128ജിബി സ്റ്റോറേജ് വേരിയന്റ് ഒഴിവാക്കി 256GB അടിസ്ഥാന വേരിയന്റുമായാണ് എത്തിയിരിക്കുന്നത്. ഇതിന് 134900 രൂപയും 512GB വേരിയന്റിന് 154900 രൂപയും 1TB വേരിയന്റിന് 174900 രൂപയും ആണ് വില. ഐഫോൺ 17 പ്രോ മാക്സിന്റെ 256GB വേരിയന്റ് 149900 രൂപയ്ക്കും 512GB വേരിയന്റ് 169900 രൂപയ്ക്കും 1TB വേരിയന്റ് 189900 രൂപയ്ക്കും 2TB വേരിയന്റ് 229900 രൂപയ്ക്കും എത്തിയിരിക്കുന്നു.

ഐഫോൺ 16 മോഡലിന്റെ പുതിയ വില
പുതിയ മോഡലുകൾ വന്നതോടെ ആപ്പിൾ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയുടെ വില കുറച്ചു. ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ ഐഫോൺ 16 മോഡലിന്റെ 128GB വേരിയന്റ് 69,900 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുൻപ് ഇതിന് 79,900 രൂപയായിരുന്നു വില. അതായത് 10000 രൂപയുടെ ഔദ്യോഗിക വിലക്കുറവ് ലഭ്യമായിരിക്കുന്നു.
ഐഫോൺ 16 പ്ലസ് മോഡലിന്റെ പുതിയ വില
മുൻപ് ഐഫോൺ 16 പ്ലസിന്റെ 128GB വേരിയന്റിന് 89,900 രൂപയായിരുന്നു വില. ഇപ്പോൾ ഇത് 79,900 രൂപയാക്കി കുറച്ചിരിക്കുന്നു. അതുപോലെ 256GB വേരിയന്റിന് മുൻപ് 99,900 രൂപയായിരുന്നു വില, ഇപ്പോഴിത് 89,900 രൂപയാക്കി കുറച്ചിരിക്കുന്നു. പുതിയ ഐഫോൺ 17 സീരീസ് വാങ്ങാൻ ബജറ്റ് പ്രശ്നമായിട്ടുള്ളവർക്ക് അൽപ്പം വിലക്കുറവിൽ ലഭ്യമാകുന്ന ഈ മോഡലുകൾ പരിഗണിക്കാനാകും.
ഐഫോൺ 16 പ്രോ മോഡലുകൾ
പുതിയ മോഡലുകൾ എത്തിയതിന് പിന്നാലെ പതിവ് പോലെ ഔദ്യോഗിക സ്റ്റോറുകളിൽ നിന്ന് ഐഫോൺ 16 പ്രോ മോഡലുകൾ ആപ്പിൾ പിൻവലിച്ചിട്ടുണ്ട്. ആപ്പിൾ വെബ്സൈറ്റിൽ ഇനി ഈ മോഡലുകൾ ലഭ്യമാകില്ല. എന്നാൽ ഇ-കൊമേഴ്സ് സൈറ്റുകളിൽ ഇവ ലഭ്യമാകും. പുതിയ സീരീസ് വന്നതോടെ 16 പ്രോ മോഡലുകൾക്ക് പുറമേ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയും ആപ്പിൾ നിർത്തലാക്കി.

ഐഫോൺ 16, 16 പ്ലസ് എന്നിവയുടെ വില ഔദ്യോഗികമായി കുറഞ്ഞതോടെ ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ഇതുവരെ ലഭ്യമായതിനെക്കാൾ വിലക്കുറവിൽ ഇനി ഈ മോഡലുകൾ വാങ്ങാനാകും. സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയിലിലും ഉടൻ വരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലും ഈ ഐഫോൺ മോഡലുകൾ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തേക്കും.


Click it and Unblock the Notifications








