ഐഫോൺ എയർ ആപ്പിൾ പണിക്ക് കേറ്റി, ഡ്യുവൽ റിയർ ക്യാമറയുമായി തിരിച്ചുവരും 2027-ൽ
ആപ്പിൾ തങ്ങളുടെ അടുത്ത ഐഫോൺ 18 സീരീസിൽ നിന്ന് ഒഴിവാക്കിയെങ്കിലും 2027ൽ ഐഫോൺ 17 എയർ (iPhone 17 Air) മോഡൽ തിരികെ വരുമെന്ന് പുതിയ റിപ്പോർട്ട്. ഈ വർഷത്തെ ഐഫോൺ സീരീസിൽ ഏറെ പ്രതീക്ഷയോടെ ആപ്പിൾ അവതരിപ്പിച്ച ഒരു പരീക്ഷണമായിരുന്നു ഐഫോൺ 17 എയർ. 5.6mm മാത്രം വലിപ്പമുള്ള ഏറ്റവും കനം കുറഞ്ഞ ഈ മോഡലിന് ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോൺ എന്ന വിശേഷണവും ആപ്പിൾ നൽകിയിരുന്നു. എന്നാൽ വിൽപ്പന ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടതോടെ ഉപയോക്താക്കളെ തേടി എത്തിയത് അ'പ്രതീക്ഷിതമായ' ഒരു വാർത്തയായിരുന്നു.
ആപ്പിൾ ഐഫോൺ 17 എയർ പ്രൊഡക്ഷൻ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ് ആദ്യം വന്ന വാർത്ത, അതിന് പിന്നാലെയാണ് ശരിക്കും ഞെട്ടിക്കുന്ന വാർത്ത എത്തിയത്. 2026ൽ ഐഫോൺ 18 എയർ മോഡൽ എത്തില്ല എന്നതായിരുന്നു അത്. ആളുകളുടെ തണുപ്പൻ പ്രതികരണത്തെ തുടർന്ന് ഈ മോഡൽ ആപ്പിൾ ഉപേക്ഷിച്ചു എന്ന നിലയ്ക്ക് വരെ അഭ്യൂഹങ്ങൾ ഉയർന്നു.

എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സ്ലിം സ്മാർട്ട്ഫോൺ ഇഷ്ടപ്പെടുന്നവർക്ക് പ്രതീക്ഷ പകരുന്നതാണ്. ദി ഇൻഫർമേഷന്റെ പുതിയ റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ ആപ്പിൾ ഐഫോൺ എയർ മോഡൽ ഉപേക്ഷിച്ചിട്ടില്ല, പകരം പുതിയ മോഡലിന്റെ ലോഞ്ച് 2026ൽ നിന്ന് 2027 ലേക്ക് നീട്ടിവയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
''ആപ്പിൾ 2026 ലെ ഫാൾ ടൈംലൈനിൽ നിന്ന് 2027 ലെ വസന്തകാലത്തേക്ക് ഐഫോൺ എയർ 2 ന്റെ റിലീസ് നീട്ടി'' എന്നാണ് ദി ഇൻഫർമേഷന്റെ റിപ്പോർട്ട്. ആദ്യ ഐഫോൺ മോഡലിന്റെ പോരായ്മകൾ പരിഹരിച്ച് വീണ്ടും പുറത്തിറക്കാനുള്ള ഒരു കാലയളവ് ലഭിക്കാൻ ആണ് അടുത്ത ഐഫോൺ എയർ മോഡൽ ലോഞ്ച് 2027 ലേക്ക് നീട്ടിയിരിക്കുന്നത് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആദ്യ ഐഫോൺ എയർ മോഡൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. ഐഫോൺ എയർ മോഡൽ സ്ലിം രൂപം കൈവരിക്കാൻ ആപ്പിൾ പല ഫീച്ചറുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. അതിൽ പ്രധാനമായും ആളുകൾക്ക് അംഗീകരിക്കാനാകാതെ പോയത് ഒരു റിയർ ക്യാമറ മാത്രമേ ഈ മോഡലിൽ ഉള്ളൂ എന്നതായിരുന്നു.
വലിയ വില കൊടുത്ത് വാങ്ങുന്ന ഐഫോണിൽ ഒരു ക്യാമറ മാത്രമേയുള്ളൂ എന്നത് നിരവധി പേരെ നിരാശരാക്കി. ഇത്തരത്തിൽ ഐഫോൺ എയർ മോഡലിന്റെ പരാജയത്തിന് കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ് എന്നറിയാൻ ഉപയോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിച്ചശേഷം വലിയ പുനർരൂപകൽപ്പന ഈ മോഡലിൽ ആപ്പിൾ നടത്തുമെന്നാണ് റിപ്പോർട്ട്.
പരാജയത്തിന്റെ മുഖ്യ കാരണം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇതിനകം ആപ്പിൾ ആരംഭിച്ചുകഴിഞ്ഞതായും ഐഫോൺ എയർ 2 മോഡലിൽ രണ്ട് റിയർ ക്യാമറകൾ ഉണ്ടാകുമെന്നും ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നുണ്ട്. ''ഐഫോൺ എയർ 2 മോഡലിനെ രണ്ടാമത്തെ റിയർ ക്യാമറ ലെൻസുമായി സജ്ജീകരിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതിനാലാണ് പുതിയ മോഡലിന്റെ ലോഞ്ചിന് കാലതാമസം നേരിടുന്നത്'' എന്ന് രഹസ്യ സ്രോതസുകൾ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

ആപ്പിൾ തങ്ങളുടെ ഐഫോണുകളുടെ ലോഞ്ച് ടൈം മാറ്റുമെന്ന് നേരത്തെ തന്നെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സമയമാറ്റം പുതിയ ഐഫോൺ എയർ മോഡൽ ഐഫോൺ 18 മോഡലിനൊപ്പം എത്താൻ വഴിയൊരുക്കിയേക്കും. നിലവിലുള്ള ഐഫോൺ എയർ മോഡലിൽ ഒരു ക്യാമറ കൂടി ഉൾപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഏറെ തയാറെടുപ്പുകളോടെയാണ് ആപ്പിൾ തങ്ങളുടെ ഐഫോണുകൾ അവതരിപ്പിക്കാറുള്ളത്. ഡിസൈനുകൾ രണ്ട് വർഷം മുമ്പേ അന്തിമമാക്കും. കാരണം ഐഫോൺ പോലുള്ള ഉയർന്ന വോളിയമുള്ള ഒരു ഉൽപ്പന്നത്തിന്റെ ഒരു ചെറിയ ഹാർഡ്‌വെയർ ക്രമീകരണം പോലും ഉൽപാദന ഷെഡ്യൂളുകളെയും നിർമ്മാണ പങ്കാളികളെയും മാർക്കറ്റിംഗ് പദ്ധതികളെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്തായാലും പുതിയ മാറ്റങ്ങൾ വരുത്താനുള്ള സമയം പരിഗണിക്കുമ്പോൾ 2027ൽ ആകും ഐഫോൺ എയർ മോഡൽ എത്തുക എന്ന് ഏറെക്കുറെ ഉറപ്പിക്കാം.
ഐഫോൺ 17 എയറിന് ശേഷം മറ്റൊരു ഐഫോൺ എയർ മോഡൽ എത്തിയേക്കില്ല എന്ന് ചിലരെങ്കിലും കരുതിയിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ 2027ൽ ഐഫോൺ എയർ മോഡൽ കൂടുതൽ കരുത്തോടെ അവതരിപ്പിക്കപ്പെടും എന്ന് വെളിപ്പെടുത്തുന്നു. എയറിന്റെ ക്യാമറ ഹാർഡ്‌വെയർ അപ്‌ഗ്രേഡ് ചെയ്യാനുള്ള ആപ്പിളിന്റെ തീരുമാനം ഗാലക്സി എസ് സീരീസ് മോഡലുകൾ, ഗൂഗിൾ പിക്സൽ മോഡലുകൾ എന്നിവയ്ക്ക് വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.


Click it and Unblock the Notifications








