മടക്കാവുന്ന ഐഫോൺ വരുമോ!? 2026 അവസാനത്തോടെ അതും സംഭവിക്കുമെന്ന് പുതിയ റിപ്പോർട്ട്
മടക്കാൻ സാധിക്കുന്ന ഡിസൈനുമായി വരുന്ന ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണിയിൽ ജനപ്രിതി നേടി വരുന്ന കാലമാണ് ഇത്. നിരവധി കമ്പനികളാണ് ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ മത്സരിക്കുന്നത്. ഇപ്പോഴിതാ ഫോൾഡബിൾ രംഗത്തേക്ക് കടക്കാൻ ശ്രമിക്കുകയാണ് ഐഫോൺ എന്നും റിപ്പോർട്ടുകളുണ്ട്. ഫോൾഡബിൾ ഐഫോണുകളുടെ പല തരത്തിലുള്ള കൺസപ്റ്റ് ഡിസൈനുകളും വർഷങ്ങളായി പുറത്ത് വരുന്നുണ്ട്. മടക്കാവുന്ന ഐഫോണിനുള്ള പരീക്ഷണം ആപ്പിൾ തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇതുവരെ ഫോൺ പുറത്തിറക്കാനായിട്ടില്ല. രണ്ട് സ്‌ക്രീനുള്ള ഫോണുകളാണ് ആപ്പിളിന്റെ മനസ്സിൽ എന്നാണ് ടെക് വിദഗ്ധർ നൽകുന്ന സൂചന. ആപ്പിൾ എൻജിനീയർമാർ വർഷങ്ങളായി ഇതിനുള്ള പണിപ്പുരയിലാണ്.
ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഫോൾഡബിൾ ഐഫോണിനെക്കുറിച്ച് വളരെക്കാലമായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ ഫോണിന്റെ ഡിസൈൻ, ബാറ്ററി,വില എന്നിവയടക്കം നിരവധി ഫീച്ചറുകൾ ലീക്കായിക്കഴിഞ്ഞിട്ടുണ്ട്. ഈ ഫോൾഡബിൾ ഐഫോൺ 2026 അവസാനത്തോടെ വിപണിയിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.

ഈ ഫോൾഡബിൾ ഫോണിന് ഏകദേശം 2,000 ഡോളർ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 1,71,450 ഇന്ത്യൻ രൂപ ആയിരിക്കും വില. മടക്കാവുന്ന തരത്തിൽ എത്തുന്ന ആപ്പിളിന്റെ ഫോൾഡ് ഫോണിന് സാംസങ് ഫോൾഡ് 8-നേക്കാൾ വില കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട്. സാംസങിന്റെ ഗാലക്‌സി ദ ഫോൾഡ് 8 നേക്കാൾ 20% വില കൂടുതലാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ടെക് അനലിസ്റ്റായ ബ്ലൂംബെർഗിലെ മാർക്ക് ഗുർമാനും ഡിജിറ്റൽ ചാറ്റ് സ്റ്റേഷനും പറയുന്നതനുസരിച്ച് ഈ മടക്കാവുന്ന ഐഫോണിന് 7.8 ഇഞ്ച് മെയിൻ ഡിസ്‌പ്ലേയും മടക്കിക്കഴിയുമ്പോൾ അതിന്റെ കവർ ഡിസ്‌പ്ലേ 5.8 ഇഞ്ചും ആയിരിക്കും എന്നാണ്. ഇതിൽ നിന്ന് ആപ്പിൾ ഈ ഫോണിന്റെ ഹാർഡ്‌വെയർ സംബന്ധിച്ച ഫീച്ചറുകൾ ഏതാണ്ട് അന്തിമമാക്കിയിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്.

രൂപകൽപ്പനയുടെ കാര്യത്തിൽ, ഈ ഫോൺ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡിനെ പോലെ ഒരു പുസ്തക ശൈലിയിൽ മടക്കാൻ സാധിക്കും. അതായത്, ഗാലക്സി ഇസഡ് ഫ്ലിപ്പിൽ കാണുന്നത് പോലെ ഇത് ലംബമായിട്ടല്ല, തിരശ്ചീനമായി തുറക്കും. ആപ്പിൾ മടക്കാവുന്ന ഐഫോണിന്റെ ഹിഞ്ച് മെക്കാനിസത്തിൽ ശക്തിക്കായി ലിക്വിഡ് മെറ്റൽ ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ട്. സിം എജക്ടർ പിന്നുകൾ പോലുള്ള ചെറിയ ഘടകങ്ങളിൽ കമ്പനി ഈ മെറ്റീരിയൽ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്.
കൂടാതെ ഇതിന്റെ ശക്തിയും വഴക്കവും ഇതിനെ ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുമെന്നുറപ്പാണ്. വാനില ഐഫോണുകളുടേതിന് സമാനമായ ഡ്യുവൽ ക്യാമറ സജ്ജീകരണവും പ്രതീക്ഷിക്കാം. ഫോൾഡബിൾ ഐഫോണിൽ പവർ ബട്ടണിലേക്ക് ടച്ച് ഐഡിയും സംയോജിപ്പിക്കും. ഫോൾഡബിളാണെങ്കിലും ഫോൺ കഴിയുന്നത്ര സ്ലിം ആക്കുന്നതിനൊപ്പം പവർ കാര്യക്ഷമത മെച്ചപ്പെടുത്താനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്.
ആപ്പിൾ ഡിസ്പ്ലേ ഡ്രൈവിംഗ് ഐസി (ഡിഡിഐ) ഘടകങ്ങൾ അപ്‌ഗ്രേഡ് ചെയ്ത് ഈ ഫോണിന്റെ കനം കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഫോൾഡബിൾ ഫോണിന് ഫേസ് ഐഡി ഉണ്ടാവാനുള്ള സാധ്യത കുറവാണ്. പകരം സൈഡ്-മൗണ്ടഡ് ടച്ച് ഐഡി സെൻസറായിരിക്കും ഉണ്ടാവുക എന്നും നേരത്തെ വന്ന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.

ആപ്പിൾ ശ്രദ്ധപതിപ്പിക്കുന്ന മറ്റൊരു മേഖല ബാറ്ററി ലൈഫാണ്. അതുകൊണ്ടുതന്നെ ആപ്പിൾ ഈ ഫോണിൽ ഉയർന്ന സാന്ദ്രതയുള്ള ബാറ്ററി ഉപയോഗിച്ചേക്കും. എങ്കിലും അതിന്റെ കൃത്യമായ ശേഷിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ബാറ്ററി ബാക്കപ്പ് കൂടുതൽ ദൈർഘ്യമേറിയതാക്കുന്നതിനായി ആപ്പിൾ ഇത് കൂടുതൽ ഊർജ്ജക്ഷമതയുള്ളതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








