സി പോർട്ട് കണ്ട് ആൻഡ്രോയിഡ് കേബിളെടുത്ത് ഐഫോൺ 15ൽ കുത്തിയാൽ വിവരമറിയും! മുന്നറിയിപ്പുമായി ചൈന
ഈ വർഷം പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോൺ 15 സീരീസിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി ആപ്പിൾ എടുത്തുകാണിക്കുന്ന മാറ്റമാണ് യുഎസ്ബി ടൈപ്പ് സി പോർട്ടുകളുടെ വരവ്. ഐഫോണുകളിൽ സ്ഥിരം കണ്ടുവന്നിരുന്ന ലൈറ്റ്നിങ് പോർട്ടിന് പകരം ഇത്തവണ ആദ്യമായി ഐഫോണിൽ യുഎസ്ബി ടൈപ്പ് സി പോർട്ട് ഇടംപിടിച്ചു.
അതിനാൽത്തത്തെ ഐഫോണുകളുടെ പരമ്പരയിലെ ചരിത്രപരമായ ഒരു മാറ്റമാണ് ഐഫോൺ 15 സീരീസ് കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ആൻഡ്രോയിഡ് ഫോണുകൾ പത്ത് വർഷം മുമ്പേ കൊണ്ടുവന്ന മാറ്റമാണ് ഇപ്പോൾ ആപ്പിൾ എന്തോ വലിയ സംഭവമായി ഉയർത്തിക്കാട്ടുന്നത് എന്ന് ചൂണ്ടിക്കാട്ടി ആൻഡ്രോയിഡ് ആരാധകർ ആപ്പിളിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുന്നു.

എന്നാൽ ഒരു മാറ്റം കൊണ്ടുവരാൻ വേണ്ടി സ്വന്തം തീരുമാനപ്രകാരം ആപ്പിൾ അവതരിപ്പിച്ചതല്ല ഈ യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നകാര്യം ഈ പ്രചാരണങ്ങക്കിടയിൽ പലരും അറിയാതെ പോകുന്നു. യൂറോപ്പിൽ ഐഫോൺ വിൽക്കണമെങ്കിൽ സാർവത്രികമായി എല്ലാ ഫോണിലും സി പോർട്ട് തന്നെ ഉണ്ടാകണം എന്ന് അവിടെ നിയമം പാസാക്കപ്പെട്ടിരിക്കുകയാണ്.
യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന ഈ നിയമം ഏറ്റവും തിരിച്ചടിയായത് ആപ്പിളിനായിരുന്നു. ഇ-മാലിന്യം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് യൂറോപ്യൻ യൂണിയൻ ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരായ ആപ്പിൾ ഇത്തവണ ആദ്യമായി സി ടൈപ്പ് പോർട്ട് ഐഫോണിൽ അവതരിപ്പിച്ചെങ്കിലും അത് നിയമത്തിന്റെ യഥാർഥ ഉദ്ദേശലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
എല്ലാ ഫോണുകളും ഒരേ ചാർജർ ഉപയോഗിക്കാൻ സാധിക്കുക എന്നൊരു ലക്ഷ്യം യൂറോപ്യൻ യൂണിയന്റെ നിയമത്തിനുണ്ടായിരുന്നു. ഐഫോൺ ചാർജറുകൾ അവിടെ വേറിട്ട് നിന്നതിനാലാണ് അവയ്ക്കും സി ടൈപ്പ് നിർബന്ധമാക്കിയത്. എന്നാൽ സി ടൈപ്പ് അവതരിപ്പിച്ചപ്പോഴും ആപ്പിളിന്റെ സി ടൈപ്പ് കേബിളുകൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ് എന്ന് പല കോണുകളിൽനിന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ ഐഫോൺ 15 സീരീസിലെ സി പോർട്ടുകളിൽ ആൻഡ്രോയിഡ് ചാർജിംഗ് കേബിളുകൾ ഉപയോഗിക്കുന്നതിനെതിരെ ചൈനയിലെ ചില ആപ്പിൾ സ്റ്റോറുകൾ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് കേബിളുകൾ കണക്ട് ചെയ്യുമ്പോൾ ഈ ഐഫോൺ മോഡലുകൾ ചൂടാകുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാൽത്തന്നെ, സുരക്ഷ മുൻനിർത്തി ഐഫോൺ 15 സീരീസിൽ ആൻഡ്രോയിഡ് കേബിളുകൾ ഒഴിവാക്കാൻ ചൈനയിലെ ആപ്പിൾ സ്റ്റോറുകൾ ഉപദേശിക്കുന്നു.
ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഫോഷാനിലുള്ള ആപ്പിൾ എക്‌സ്‌ക്ലൂസീവ് സ്റ്റോർ, ഐഫോൺ 15 ചാർജ് ചെയ്യുന്നതിന് ആൻഡ്രോയിഡ് ടൈപ്പ്-സി കേബിളുകൾ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോട് നിർദ്ദേശിച്ചപ്പോഴാണ് ഈ മുന്നറിയിപ്പുകൾ വെളിച്ചത്ത് വന്നത്. ഇന്റർഫേസുകളുടെ പിൻ ക്രമീകരണത്തിലെ വ്യത്യാസങ്ങൾ സ്റ്റോർ ചൂണ്ടിക്കാട്ടുന്നു. ആൻഡ്രോയിഡ് കേബിളുകളിലെ സിംഗിൾ-വരി 9-പിൻ, സിംഗിൾ-വരി 11-പിൻ കണക്ടറുകൾ അമിത ചൂടാകൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
ഒന്നിലധികം ആപ്പിൾ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ സമാനമായ മുൻകരുതലുകൾ നൽകിയിട്ടുള്ളതിനാൽ ഈ ഉപദേശം എല്ലാ ഐഫോണുകൾക്കും ബാധകമാണ് എന്നതാണ് ശ്രദ്ധേയം. സി പോർട്ട് അവതരിപ്പിക്കപ്പെട്ടിട്ടും ഐഫോണിന്റെ കേബിളുകൾ വ്യത്യസ്തത പുലർത്തുന്നത് യൂറോപ്യൻ നിയമത്തിനെ കബളിപ്പിക്കുന്ന നീക്കമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആപ്പിളിന്റെ ഈ നീക്കത്തിനെതിരേ പലരും വിമർശനവുമായി രംഗത്തുണ്ട്.

സി പോർട്ട് കൊണ്ടുവന്നെങ്കിലും ആപ്പിളിന്റെ ഔദ്യോഗിക ചാർജിംഗ് കേബിളുകളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള ശ്രമമായിരിക്കാം ഈ വ്യത്യാസത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആൻഡ്രോയിഡ് കേബിളുകളെക്കാൾ ഐഫോൺ കേബിളുകൾക്ക് വില കൂടുതലാണ്. വില കുറഞ്ഞ ആൻഡ്രോയിഡ് കേബിളുകൾ എല്ലാവരും ഉപയോഗിക്കാൻ തുടങ്ങിയാൽ ആപ്പിളിന്റെ കച്ചവടം കുറയും. അത് ഒഴിവാക്കാനാണ് ഇത്തരമൊരു നുറുങ്ങുവിദ്യ ആപ്പിൾ പുറത്തെടുത്തത് എന്നാണ് പൊതു വിലയിരുത്തൽ.
ഈ വ്യത്യാസം ടെക്നോളജി മേഖലയിലും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാലാകാം ആപ്പിൾ ഇത്തരമൊരു നീക്കം നടത്തിയതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആക്സസറികളുടെ വിൽപ്പന വർധിപ്പിക്കാനുള്ള ആപ്പിളിന്റെ തന്ത്രപരമായ നീക്കമാണ് ആൻഡ്രോയിഡ് കേബിളും ഐഫോൺ കേബിളും തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്ന് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ചർച്ചകൾ ഇങ്ങനെ പലവഴിക്ക് നടക്കുമ്പോഴും ഐഫോൺ 15 സീരീസിനൊപ്പം ആൻഡ്രോയിഡ് ചാർജിംഗ് കേബിളുകൾ ഉപയോഗിക്കുന്നതിൽ ആപ്പിൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സാർവത്രികമെന്ന് തോന്നുന്ന ടൈപ്പ്-സി ഇന്റർഫേസ് സ്വീകരിച്ചിട്ടും ഐഫോൺ 15ൽ ആൻഡ്രോയിഡ് കേബിൾ ഉപയോഗിക്കാമോ എന്നതിന്റെ യഥാർഥ ഉത്തരം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. അതിനാൽത്തന്നെ സുരക്ഷയെക്കരുതി ആപ്പിൾ സ്റ്റോറുകളുടെ മുന്നറിയിപ്പുകൾ പാലിക്കുന്നതാണ് ഉചിതം.


Click it and Unblock the Notifications