മെലിഞ്ഞ് മെലിഞ്ഞ് ഐഫോൺ ഈർക്കിലി പരുവത്തിലേക്കോ! ആപ്പിളിന്റെ പണിശാലയിൽ പൊരിഞ്ഞ പോരാട്ടം
സ്മാർട്ട്ഫോൺ രംഗത്തെ രാജാക്കന്മാരാണ് ആപ്പിളിന്റെ ഐഫോണുകൾ (Apple iPhone). ഗുണമേന്മിലും ഫീച്ചറുകളിലും എന്നപോലെ കാഴ്ചയിലും ഐഫോൺ മോഡലുകൾ ആകർഷകമാണ്. എന്നാൽ ഓരോ തവണയും പുതിയ ഐഫോൺ സീരീസുകൾ വ്യത്യസ്തമായ രീതിയിലും ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലും അവതരിപ്പിക്കാൻ ആപ്പിൾ താൽപര്യപ്പെടുന്നു. അതിനായി വിവിധ പരീക്ഷണങ്ങൾ ആപ്പിൾ നടത്തുകയും ചെയ്യുന്നുണ്ട്. ഭാവി ഐഫോണുകളിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പല പരീക്ഷണങ്ങളിലും ആപ്പിളിന്റെ ഗവേഷകർ ഇപ്പോൾത്തന്നെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിൽ വിജയം കാണുന്നവ വരും വർഷങ്ങളിലെ ഐഫോണുകളുടെ അലങ്കാരമായി മാറുന്നു. അടുത്തതായി ഇറങ്ങാൻ പോകുന്നത് ഐഫോൺ 16 സീരീസ് ആണ്.
ഐഫോൺ 16ൽ അവതരിപ്പിക്കേണ്ട മാറ്റങ്ങൾക്കായുള്ള നടപടികൾ ആപ്പിൾ ഇതിനകം തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഐഫോൺ 17 സീരീസിൽ വരുത്തേണ്ട മാറ്റങ്ങൾക്കായും ആപ്പിൾ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച ഒരു സുപ്രധാന റിപ്പോർട്ട് ഇപ്പോൾ ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ പുറത്തുവിട്ടിരിക്കുന്നു. ആപ്പിൾ ഡിവൈസുകൾ കൂടുതൽ സ്ലിം ആകാൻ ഒരുങ്ങുന്നു എന്നതാണ് ഈ റിപ്പോർട്ടിന്റെ ചുരുക്കം.

അടുത്തിടെ നടന്ന തങ്ങളുടെ ലെറ്റ് ലൂസ് ഇവൻ്റിൽ ആപ്പിൾ അൾട്രാസ്ലിം ഐപാഡ് പ്രോ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ എല്ലാ ഡിവൈസുകളിലേക്കും സ്ലിം ഡിസൈൻ അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ഡിവൈസുകളുടെ കനം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആപ്പിൾ ഇതിനകം ആരംഭിച്ചതായാണ് റിപ്പോർട്ട്.
2025ൽ പുറത്തിറങ്ങുന്ന ഐഫോൺ 17 (iPhone 17), മാക്ബുക്ക് പ്രോ, ആപ്പിൾ വാച്ച് എന്നിവ ഏറ്റവും കനം കുറഞ്ഞ ഡിസൈനിലാകും എത്തുകയെന്നും അതിനായുള്ള പദ്ധതികൾ ആപ്പിൾ ആവിഷ്കരിച്ചതായും മാർക്ക് ഗുർമാൻ്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, 2025-ൽ "സ്കിന്നിയർ" ഐഫോൺ 17 മോഡൽ പുറത്തിറക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

പെർഫോമൻസിലോ ബാറ്ററി ലൈഫിലോ കുറവ് ഉണ്ടാക്കാതെയാണ് ഐപാഡ് പ്രോ അടുത്തിടെ ആപ്പിൾ ഏറ്റവും സ്ലിം ആയി അവതരിപ്പിച്ചത്. ഇതേ പരീക്ഷണം മറ്റ് ഡിവൈസുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ഈ സ്ലിം ഡിവൈസുകളിലൂടെ സ്മാർട്ട്ഫോൺ, ടാബുകൾ, ലാപ്ടോപ്പുകൾ എന്നീ വിവിധ ഉപകരണങ്ങളുടെയെല്ലാം മേഖലകളിൽ പുതിയ നിലവാര മാനദണ്ഡം കൊണ്ടുവരാനും ആപ്പിൾ ലക്ഷ്യമിടുന്നു.
സ്ലിം ഐപാഡ് പ്രോ നേടിയ ജനപിന്തുണയും എല്ലാ ഡിവൈസുകളും ഏറ്റവും സ്ലിം ആയി അവതരിപ്പിക്കാൻ ആപ്പിളിന് പ്രചോദനമായി. ഈ നീക്കം വിജയിച്ചാൽ ആപ്പിളിന്റെ വാച്ചുകൾക്കും ലാപ്ടോപ്പുകൾക്കും ഉൾപ്പെടെ ഭാരം കുറയും. ഇത് മറ്റ് ബ്രാൻഡുകളെയും സമാന രീതയിൽ മാറാൻ പ്രേരിപ്പിക്കും. അതുവഴി ഈ മേഖലയിൽ ഒരു മാറ്റം കൊണ്ടുവരാനും ആപ്പിളിന് സാധിക്കും.
ഐഫോൺ 17 മോഡലുകളിൽ സ്ലിം ആയിട്ടുള്ള മദർബോർഡുകൾ അവതരിപ്പിക്കാൻ നൂതന സാങ്കേതിക വിദ്യകൾ ആപ്പിൾ ഉപയോഗിക്കുമെന്ന് 2023ൽ അനലിസ്റ്റ് മിംഗ്-ചി കുവോ പ്രവചിച്ചിരുന്നു. ഇത് ശരിയാണെന്ന് തെളിയിക്കും വിധമുള്ള റിപ്പോർട്ടാണ് മാർക്ക് ഗുർമനും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഈ സ്ലിം മോഡലുകൾ എപ്പോഴാണ് ലോഞ്ച് ചെയ്യുക എന്നതിന്റെ കൃത്യമായ തീയതി ലഭ്യമായിട്ടില്ല.

അടുത്തതായി ഇറങ്ങാൻ പോകുന്ന ഐഫോൺ 16 സീരീസിനെ ചുറ്റിപ്പറ്റിയുള്ള ചില വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഐഫോൺ 16ലെ ബാറ്ററി ചൂടാകുന്നത് ഒഴിവാക്കാൻ ആപ്പിൾ ചില മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് എന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ബാറ്ററിയുടെ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസം വരുത്താതെയാണ് ചൂട് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുക.
മിക്ക സ്മാർട്ട്‌ഫോൺ ബാറ്ററികളിലും സാധാരണയായി കാണപ്പെടുന്നത് ബ്ലാക്ക് ഫോയിൽ ആണ്. എന്നാൽ ഇതിന് പകരം ഐഫോൺ 16 ബാറ്ററി ലോഹത്തിലാണ് ആപ്പിൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. മെറ്റൽ എൻകേസിംഗ് ബാറ്ററിയുടെ ചൂട് നന്നായി നിയന്ത്രിക്കാനും അമിതമായി ചൂടാകുന്നത് തടയാനും സഹായിക്കും. അതോടൊപ്പം ഐഫോൺ 15നെക്കാൾ ഉയർന്ന ബാറ്ററിശേഷിയും ഐഫോൺ 16ൽ ഉണ്ടാകും.


Click it and Unblock the Notifications








