പക അത് വീട്ടാനുള്ളതാണ്! ഐഫോൺ 16 പ്രോ മാക്സിന്റെ വില കുറച്ച് ആപ്പിൾ, പണി സാംസങ്ങിന്
സ്മാർട്ട്ഫോൺ രംഗത്തെ പ്രധാന എതിരാളികൾ ആരൊക്കെയെന്ന് ചോദിച്ചാൽ ആപ്പിളും സാംസങ്ങും എന്ന് ഉത്തരം നൽകാം. കടുത്ത മത്സരം ഈ രണ്ട് ബ്രാൻഡുകളും തമ്മിൽ നടക്കാറുണ്ട്. ആപ്പിളിന്റെ ഐഫോൺ സീരീസിനുള്ള ആൻഡ്രോയിഡ് ബദൽ ആയിട്ടാണ് സാംസങ്ങിന്റെ ഗാലക്സി എസ് സീരീസ് ഫോണുകൾ പലപ്പോഴും പരിഗണിക്കപ്പെടുന്നത്. ഐഫോണിന്റെ പ്രോ മാക്സ് മോഡലിനെ വെല്ലാൻ ആപ്പിൾ എസ് സീരീസിൽ അൾട്ര മോഡലുകൾ അണിയിച്ചൊരുക്കുന്നു. വിൽപ്പനയുടെ കാര്യത്തിലും ഈ രണ്ട് സീരീസുകളും തമ്മിൽ മത്സരിക്കാറുണ്ട്. സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി എസ്25 സീരീസ് ജനുവരിയിൽ ലോഞ്ച് ചെയ്തിരുന്നു. അവ വിൽപ്പനയ്ക്ക് എത്തിയത് ഫെബ്രുവരി 7 മുതലാണ്.
ഗാലക്സി എസ്25 സീരീസ് വിൽപ്പന പുരോഗമിക്കെ ഇപ്പോൾ സാംസങ്ങിനിട്ട് ഒരു പണികൊടുക്കും വിധത്തിൽ ഐഫോൺ 16 സീരീസിലെ ഏറ്റവും കൂടിയ മോഡലായ ഐഫോൺ 16 പ്രോ മാക്സിന്റെ വില കുറഞ്ഞിരിക്കുന്നു. കൂടാതെ വൻ ഡിസ്കൗണ്ടുകളും ലഭ്യമായിട്ടുണ്ട്. ഇത് സാംസങ്ങിന്റെ എസ്25 അൾട്രയുടെ വിൽപ്പനയെ ചെറിയ തോതിൽ ബാധിച്ചേക്കും.

ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തത് 2024 സെപ്റ്റംബറിൽ ആയിരുന്നു. അന്ന് പുതിയ ഐഫോൺ സീരീസ് വിൽപ്പനയ്ക്ക് എത്തിയതിന് പിന്നാലെ സാംസങ് അന്നത്തെ തങ്ങളുടെ പ്രീമിയം മോഡലായ ഗാലക്സി എസ്24 അൾട്രയുടെ വില കുറയ്ക്കുകയും അതിന് ആകർഷകമായ ഡിസ്കൗണ്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തു.
ഗാലക്സി എസ്14 അൾട്രയ്ക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചതോടെ ആ സമയത്ത് എസ്24 അൾട്ര മോഡൽ ഐഫോൺ 16 പ്രോയെക്കാൾ വളരെ വിലക്കുറവിൽ ലഭിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഇത് പുതിയ ഐഫോണുകളുടെ വിൽപ്പനയെ ബാധിക്കും എന്ന് വിലയിരുത്തലുകളും ഉണ്ടായി. ഇപ്പോൾ അതേ നാണയത്തിൽ സാംസങ്ങിനും ഒരു തിരിച്ചടി വന്നുചേർന്നിരിക്കുന്നു എന്ന് പറയാം.

കാരണം പുതിയ ഗാലക്സി എസ്25 സീരീസിന്റെ വിൽപ്പന പുരോഗമിക്കുന്നതിനിടയിലാണ് ഐഫോൺ 16 പ്രോ മാക്സിന്റെ വില കുറഞ്ഞിരിക്കുന്നത്. സാംസങ്ങിന് ചിലപ്പോൾ തിരിച്ചടിയായേക്കാമെങ്കിലും ഐഫോൺ ആരാധകർക്ക് ഇത് സന്തോഷത്തിന്റെ അവസരമാണ്. കാരണം പ്രിയപ്പെട്ട ബ്രാൻഡിന്റെ ഏറ്റവും മികച്ച മോഡൽ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കും.
ഇന്ത്യയിൽ ഐഫോൺ 16 പ്രോ മാക്‌സിന്റെ 256GB വേരിയന്റിന് 1,44,900 രൂപയായിരുന്നു വില. ഇതിന്റെ 512GB വേരിയന്റ് 1,64,900 രൂപയ്ക്കും 1TB വേരിയന്റ് 1,84,900 രൂപയ്ക്കും ആണ് വിൽപ്പനയ്ക്ക് എത്തിയത്. എന്നാലിപ്പോൾ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഈ ഐഫോൺ മോഡലിന്റെ വില കുറഞ്ഞിട്ടുണ്ട്.
ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 1,37,900 രൂപ വിലയിലാണ് ഐഫോൺ 16 പ്രോ മാക്സ് ഈ പ്ലാറ്റ്ഫോമുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, ഫ്ലിപ്പ്കാർട്ടിൽ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 5,000 രൂപ വരെയും ആമസോണിൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 3,000 രൂപ വരെയും എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കും. അതിനാലിത് യഥാക്രമം 132900 രൂപ, 134900 രൂപ വിലയിലും ലഭ്യമാണ്.

പുതിയ എസ്25 അൾട്ര (Samsung Galaxy S25 Ultra) യുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 512GB വേരിയന്റിന് 1,41,999 രൂപയും 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആണ് വില. അതായത് എസ്25 അൾട്രയുടെയും ഐഫോൺ 16 പ്രോ മാക്സ് മോഡലിന്റെയും വില തമ്മിൽ നേരിയ വ്യത്യാസം മാത്രമേയുള്ളൂ. അതിനാൽത്തന്നെ ബ്രാൻഡ് മൂല്യം കണക്കിലെടുത്ത് ഒരു വിഭാഗം ആളുകൾ ഐഫോണിനൊപ്പം പോകാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








