ഫോൾഡബിൾ ഐഫോണുകൾ എത്തും, 3 വർഷം കഴിഞ്ഞ്! ആപ്പിളിനെ പേടിപ്പിക്കുന്ന കാരണങ്ങൾ
സ്മാർട്ട്ഫോൺ രംഗത്തെ രാജാവാണെങ്കിലും ആപ്പിളിന് തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിൽ എടുത്തുകാട്ടാൻ ഒരൊറ്റ ഫോൾഡിൾ ഫോൺപോലുമില്ല. ഒരു ഫോൾഡബിൾ ഫോൺ പുറത്തിറക്കി എല്ലാ മേഖലയിലും ആധിപത്യം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ ആപ്പിളിന്റെ ആ മോഹം നീണ്ട് പോകുകയാണ്. ആപ്പിളിന്റെ ചില പേടികളും ഇതിന് കാരണമാകുന്നുണ്ട്.
ഒരു ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ആപ്പിൾ തയാറെടുപ്പുകളൊക്കെ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്ന് തുടർച്ചയായി ആപ്പിളിന് പുറകോട്ട് പോകേണ്ടിവരുന്നു. അതേസമയം പല എതിരാളികളും ഫോൾഡബിൾ ഫോൺ മേഖലയിൽ ഇതിനകം സാന്നിധ്യമറിയിക്കുകയും ഫോണുകൾ പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ ഫോൾഡബിൾ ഐഫോൺ ഇപ്പോഴും അകലെയാണ്.

2026ൽ ആപ്പിൾ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കിയേക്കും എന്ന് നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിപ്പോൾ ഏറ്റവും പുതിയ ഒരു റിപ്പോർട്ട് പറയുന്നത് 2027ൽ ആയിരിക്കും ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ എത്തുക എന്നതാണ്. ഫോൾഡബിൾ ഐഫോൺ അവതരിപ്പിക്കുന്നതിൽനിന്ന് ആപ്പിൾ വീണ്ടും പിന്നോട്ട് പോയി എന്നാണ് ഈ സമയമാറ്റം സൂചിപ്പിക്കുന്നത്.
പരമ്പരാഗത റിലീസ് ഷെഡ്യൂളിൽ നിന്ന് വ്യതിചലിച്ച്, 2027 ൻ്റെ തുടക്കത്തിൽ ആപ്പിൾ അതിൻ്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നതായി കൊറിയൻ ഔട്ട്‌ലെറ്റ് ആൽഫ ബിസിനസിനെ ഉദ്ധരിച്ചാണ് ചില റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്. അതായത് സാധാരണയായി ആപ്പിളിന്റെ പുതിയ ഐഫോൺ റിലീസ് സെപ്റ്റംബറിൽ ആണ് ഉണ്ടാകാറുള്ളത്.

എന്നാൽ സെപ്റ്റംബറിലെ സ്ഥിരം ലോഞ്ച് ഷെഡ്യൂളിൽ നിന്ന് വ്യത്യസ്തമായി രണ്ട് ലോഞ്ച് ഇവന്റുകൾ 2027ൽ ഉണ്ടാകുമെന്നും അതിൽ വർഷത്തിന്റെ തുടക്കത്തിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ ഫോൾഡബിൾ ഐഫോണും പിന്നീട് സെപ്റ്റംബറിൽ പതിവ് പോലെ പുതിയ ഐഫോൺ സീരീസ് ലോഞ്ചും നടത്താനാണ് ആപ്പിൾ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ട്.
പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ ലോഞ്ച് വൈകുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിൽ ആദ്യത്തെ കാരണം, ഫോൾഡബിൾ ഡിസ്‌പ്ലേ സാങ്കേതികവിദ്യയുടെ സപ്ലൈ ആൻ്റ് ഡിമാൻഡ് ഡൈനാമിക്‌സ് നിറവേറ്റുന്നതിനെക്കുറിച്ച് ആപ്പിളിന് ആശങ്കകളുണ്ട് എന്നതാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ടാമത്തെ കാരണം ഫോൾഡബിൾ ഫോണുകൾ എത്തുമ്പോൾ മറ്റ് മോഡലുകൾ തഴയപ്പെടുമോ എന്ന സംശയമാകാം.
ഫോൾഡബിൾ ഫോണും സാധാരണ ഐഫോൺ സീരീസും രണ്ട് ടൈം ലൈനുകളിലായി ലോഞ്ച് ചെയ്യാൻ നിശ്ചയിച്ചതും ഒരു ഫോൺ മറ്റ് മോഡലുകളെക്കാൾ ശ്രദ്ധ നേടുമോ എന്ന ഭയംകൊണ്ടാണ്. രണ്ട് ഫോണുകളും ഒന്നിച്ച് ലോഞ്ച് ചെയ്താൽ ആളുകളുടെ ശ്രദ്ധ കൂടുതലായി ഫോൾഡബിൾ ഫോണിലേക്ക് പോകുമോയെന്നും അങ്ങനെ സംഭവിച്ചാൽ സ്ഥിരം ഐഫോൺ സീരീസിന് തിരിച്ചടിയാകുമോ എന്നതുമാണ് ഭയം.

രണ്ട് വ്യത്യസ്ത സമയങ്ങളിലായി ലോഞ്ച് ചെയ്യുന്നതിലൂടെ രണ്ട് മോഡലുകൾക്കും ശ്രദ്ധ നേടാൻ കഴിയുമെന്ന് ആപ്പിൾ കണക്കുകൂട്ടുന്നു. അതിനാലാണ് 2027 ന്റെ തുടക്കത്തിൽ ഫോൾഡബിൾ ഫോണും പിന്നീട് പതിവ് പോലെ സെപ്റ്റംബറിൽ പുതിയ ഐഫോൺ സീരീസും ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോൺ മികച്ചതായിരിക്കണം എന്ന് ആപ്പിളിന് ആഗ്രഹമുണ്ട്. അത് നിലവിലുള്ള എല്ലാ ഫോൾഡബിൾ ഫോണുകളെക്കാളും മികച്ചതായിരിക്കണം. അങ്ങനെയൊരു സ്മാർട്ട്ഫോൺ നിർമിക്കാൻ ഏറെ സമയവും ആവശ്യമുണ്ട്. ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ വൈകുന്നതിന് അതും ഒരു കാരണമാണ്. ഇനി അടുത്തായി പുറത്തിറങ്ങാനുള്ളത് ഐഫോൺ 16 സീരീസാണ്. ഇത് ഈ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്യും.


Click it and Unblock the Notifications








