റോഗ് ഫോൺ 5എസ് മികച്ച ഗെയിമിങ് അനുഭവം സമ്മാനിക്കും; ദിനേശ് ശർമ
അസൂസിന്റെ ഏറ്റവും പുതിയ ഗെയിമിങ് സ്മാർട്ട്‌ഫോണായ റോഗ് ഫോൺ 5എസ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിയ്ക്കുകയാണ്. ഒരു പുതിയ പ്രൊസസറും പല വിധമായ അപ്‌ഗ്രേഡുകളുമായാണ് വന്നതെങ്കിലും, റോഗ് ഫോൺ 5എസിന്റെ വില റോഗ് ഫോൺ 5ന് സമാനമായി നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് റോഗ് ഫോൺ 5എസിന്റെ ബേസ് വേരിയന്റ് വരുന്നത്. 49,999 രൂപയാണ് ഈ മോഡലിന് വില വരുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 57,999 രൂപയാണ് വില. അസൂസ് റോഗ് ഫോൺ 5എസ് പ്രോയുടെ വില 79,999 രൂപയാണ്. അസൂസ് റോഗ് ഫോൺ 5എസ് ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. റോഗ് ഫോൺ 5എസ് പ്രോ ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ലോഞ്ച് ഇവന്റിന് പിന്നാലെ അസൂസ് ഇന്ത്യയുടെ ബിസിനസ് ഹെഡ് ദിനേശ് ശർമയുമായി ഗിസ്ബോട്ട് പ്രതിനിധി സംസാരിച്ചിരുന്നു. അസൂസ് റോഗ് ഫോൺ 5എസിനേക്കുറിച്ചും വരാനിരിക്കുന്ന ഡിവൈസുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞ കൂടുതൽ കാര്യങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

റോഗ് ഫോൺ 5എസും റോഗ് ഫോൺ 5ഉം തമ്മിലുള്ള വ്യത്യാസം
മെച്ചപ്പെട്ട പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന സ്പീഡ് ബിൻ ചെയ്ത സ്നാപ്പ്ഡ്രാഗൺ 888 പ്ലസ് എസ്ഒസിയെക്കുറിച്ച് ദിനേശ് ശർമ വാചാലനായി. 3 ഗിഗാ ഹെർട്സ് വരെ ഉയർന്ന ക്ലോക്ക് സ്പീഡും മെച്ചപ്പെടുത്തിയ എഐ പ്രോസസിങും റോഗ് ഫോൺ 5എസ് ഓഫർ ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. റോഗ് ഫോൺ 5നെ അപേക്ഷിച്ച് 5എസ് മോഡലിൽ കച്ച കൂളിങ് സൊല്യൂഷൻസ് ഉണ്ടെന്നും ദിനേശ് ശർമ പറഞ്ഞു. അസൂസ് റോഗ് ഫോൺ 5എസ് സ്മാർട്ട്ഫോണിൽ ഒരു മൾട്ടി ലെയർ കൂളിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. അസൂസ് റോഗ് ഫോൺ 5എസ് സ്മാർട്ട്ഫോണിലെ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് എസ്ഒസി ഒരു വലിയ ചെമ്പ് അറയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഫോണിന്റെ ഹാർഡ്വെയറിന്റെ നല്ലൊരു ശതമാനവും ചിപ്പ്സെറ്റ് അറ കയ്യാളുന്നു. ഒരു ഗ്രാഫൈറ്റ് ഷീറ്റും ഫോണിലുണ്ട്. അസൂസ് റോഗ് ഫോൺ 5എസ് സ്മാർട്ട്ഫോണിന്റെ മിഡ് ഫ്രെയിം പോലും ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. മിഡ് ബോർഡ് കോൺഫിഗറേഷനുള്ള സ്പ്ലിറ്റ് ബാറ്ററി ഡിസൈനും ചാർജ് ചെയ്യുമ്പോഴും പ്ലേ ചെയ്യുമ്പോഴും സ്മാർട്ട്ഫോണിന്റെ താപനില കുറച്ച് നിർത്താൻ സഹായിക്കും. എയ്‌റോ കൂളർ ഫാൻ പോലുള്ള ആക്‌സസറികൾ ഉപയോഗിക്കുന്നത് താപ വിസർജനം കൂടുതൽ മെച്ചപ്പെടുത്തും. മെച്ചപ്പെട്ട കൂളിങ് സൊല്യൂഷനോട് കൂടിയ വേഗതയേറിയ പ്രോസസർ സ്ഥിരതയുള്ള ഗെയിമിങ് അനുഭവത്തിന് സഹായിക്കുമെന്നും ദിനേശ് ശർമ പറഞ്ഞു.

റോഗ് ഫോൺ 5എസിലെ മറ്റൊരു പ്രധാന മാറ്റം ഡിസ്‌പ്ലേയാണ്. അസൂസ് റോഗ് ഫോൺ 5എസ് 144 ഹെർട്സ് റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുന്നു. 360 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റുള്ള കസ്റ്റം സാംസങ്ങ് അമോലെഡ് ഡിസ്പ്ലേയാണ് റോഗ് ഫോൺ 5എസിൽ ഉള്ളത്. ഇത് ടച്ച് റെസ്‌പോൺസ് സമയം 24ms ആയി കുറയ്ക്കുമെന്നും പറയപ്പെടുന്നു. വേഗം കൂടിയ റെസ്പോൺസ് ടൈം ഗെയിമിങ്ങിൽ യൂസേഴ്സിന് മുൻതൂക്കം നൽകുമെന്ന് ദിനേശ് ശർമ പറഞ്ഞു. വിലനിർണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, റോഗ് ഫോൺ 5 ഇന്ത്യയിൽ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നും പകരം റോഗ് ഫോൺ 5എസ് ഉപയോഗിക്കുമെന്നും ദിനേശ് ശർമ വ്യക്തമാക്കി.

വിതരണത്തിലെ പ്രശ്നങ്ങൾ
റോഗ് ഫോണുകൾക്ക് ഉണ്ടാകുന്ന വിതരണ പ്രശ്നങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്നാണ് ദിനേശ് ശർമ പറയുന്നത്. റോഗ് ഫോൺ 5എസിന്റെ എല്ലാ വകഭേദങ്ങളും എളുപ്പത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. റോഗ് ഫോൺ 5എസ്, റോഗ് ഫോൺ 5എസ് പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ ഡിമാൻഡിനേക്കുറിച്ച് കമ്പനിക്ക് വ്യക്തമായ അറിവുണ്ടെന്നും കൃത്യമായ വിതരണം നടക്കുമെന്നും ദിനേശ് ശർമ പറഞ്ഞു. റോഗ് ഫോൺ 5 മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ടെന്നും ഇപ്പോഴും നല്ല ഡിമാൻഡുണ്ടെന്നും അദ്ദേഹം പറയുന്നു. ഗെയിമിങ് വരുമാനത്തിൽ പ്രതിവർഷം 35 മുതൽ 40 ശതമാനം വരെ ശരാശരി വളർച്ച നിരക്കാണ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ ഒരു ബില്യൺ ഡോളറിൽ നിന്ന് 5 ബില്യൺ ഡോളറായിട്ടാകും ഈ വരുമാനം വളരുക.

സിഒഡി മൊബൈൽ പോലുള്ള ഗെയിം ഡെവലപ്പർമാരുമായി അസൂസ് സഹകരിച്ചെന്നും ദിനേശ് ശർമ പറയുന്നു. ഇത് വഴി ഹാപ്‌റ്റിക് ടച്ച് ഫങ്ഷണാലിറ്റി എനേബിൾ ചെയ്യാൻ കഴിയുന്ന വിധത്തിൽ ഗെയിമുകൾ ഒപ്റ്റിമൈസ് ചെയ്യാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് എനേബിൾ ചെയ്യുന്നതിന് അസൂസ് ബിജിഎംഐയുമായി ചേർന്ന് പ്രവർത്തിക്കുന്നു, ഇത് ഇതിനകം തന്നെ രാജ്യത്തിന് പുറത്ത് ലഭ്യമാണ്. കസ്റ്റം റോഗ് ജാക്കറ്റുകളും പാരച്യൂട്ടുകളും ഓഫർ ചെയ്യുന്ന കോഡുകൾ പബ്ജി ന്യൂ സ്റ്റേറ്റ് പ്ലേയേഴ്സിനായി അസൂസ് നൽകുന്നുമുണ്ട്.

വരാനിരിക്കുന്ന ഡിവൈസുകൾ
എൻട്രി ലെവൽ അല്ലെങ്കിൽ മിഡ് ടയർ ഗെയിമിങ് സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കാൻ നിലവിൽ അസൂസിന് പദ്ധതിയില്ല. സാധ്യമായ ഏറ്റവും മികച്ച ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിലാണ് കമ്പനി നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിഇഎസ് 2022ൽ അവതരിപ്പിച്ച റോഗ് ഫ്ലോ സെഡ്13 ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്നും ദിനേശ് സ്ഥിരീകരിച്ചു. പ്രൊഫഷണലുകൾക്കും കാഷ്വൽ ഗെയിമർമാർക്കുമായി കമ്പനി ഇ സ്‌പോർട്‌സ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും ദിനേശ് ശർമ പറഞ്ഞു.


Click it and Unblock the Notifications