എത്ര ചൂടായാലും പ്രശ്നമില്ല...ഫാനും കൂടെക്കിട്ടും; അസൂസ് റോഗ് ഫോൺ 7 സീരീസിങ്ങെത്തി | Asus ROG Phone 7
അസൂസിന്റെ ഏറ്റവും പുതിയ ഗെയിമിങ് ഫോൺ സീരീസായ റോഗ് ഫോൺ 7 സീരീസ് ഡിവൈസുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ചു കൊണ്ട് ഇന്ത്യൻ വിപണിയിലെത്തിയ ഡിവൈസുകൾ ക്വാൽകോമിന്റെ ഹൈ എൻഡ് പ്രോസസറുകളും പായ്ക്ക് ചെയ്യുന്നുണ്ട്. ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ 5ജി സപ്പോർട്ടും ഓഫർ ചെയ്യുന്നു.
ഹൈ എൻഡ് ഗെയിമിങ് ഫോണുകളായതിനാൽ തന്നെ മെച്ചപ്പെട്ട കൂളിങ് ഫീച്ചറുകളുമായാണ് അസൂസ് റോഗ് ഫോൺ 7 സീരീസിലെ ഡിവൈസുകൾ വരുന്നത്. പഴയ സീരീസിലെ ഡിവൈസുകളെ അപേക്ഷിച്ച് 50 ശതമാനം കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകളും സീരീസിലെ ഫോണുകളിൽ കമ്പനി അവകാശപ്പെടുന്നുണ്ട്. അസൂസ് റോഗ് ഫോൺ 7 സീരീസിൽ രണ്ട് ഫോണുകളാണ് ഉള്ളത്. അസൂസ് റോഗ് ഫോൺ 7, അസൂസ് റോഗ് ഫോൺ 7 അൾട്ടിമേറ്റ് എന്നിവ.

രണ്ട് പ്രൈസ് റേഞ്ചുകളിലാണ് ഈ രണ്ട് ഫോണുകളും കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സമാനമായ നിരവധി ഫീച്ചറുകൾക്ക് ഒപ്പം തന്നെ വ്യത്യസ്തമായ സ്പെക്സും . അസൂസ് റോഗ് ഫോൺ 7, അസൂസ് റോഗ് ഫോൺ 7 അൾട്ടിമേറ്റ് എന്നിവയിലുണ്ട്. ഈ രണ്ട് ഫോണുകളെക്കുറിച്ചും അവയുടെ യുണീക്ക് ഫീച്ചറുകളെക്കുറിച്ചും വില വിവരങ്ങളെക്കുറിച്ചും വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.
Asus ROG Phone 7, അൾട്ടിമേറ്റ് മോഡലുകൾ 6.78 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. 1,500 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസ് ഉള്ള ഡിസ്പ്ലെയിൽ 165 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ലഭ്യമാണ്. രണ്ട് സ്മാർട്ട്ഫോണുകളും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഓഫർ ചെയ്യുന്നു. 50 എംപിയുടെ പ്രൈമറി ക്യാമറയാണ് ഈ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. 13 എംപി അൾട്ര വൈഡ് സെൻസർ, 5 എംപി മാക്രോ ക്യാമറ എന്നിവയാണ് മറ്റ് സെൻസറുകൾ.

കരുത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസുമില്ലാതെയാണ് ഫോൺ വരുന്നത്. ക്വാൽകോമിന്റെ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റാണ് റോഗ് 7 സീരീസിന്റെ ഹൃദയം. 6000 mAh ബാറ്ററി കപ്പാസിറ്റിയും റോഗ് 7 മോഡലുകൾ പായ്ക്ക് ചെയ്യുന്നു. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും രണ്ട് ഫോണുകളിലും കമ്പനി വാഗ്ദാനം ചെയ്യുന്നു. പക്ഷെ റീട്ടെയിൽ ബോക്സിൽ 33W ചാർജർ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 65W ചാർജിങ് വേഗം വേണമെങ്കിൽ ചാർജർ കാശ് കൊടുത്ത് വാങ്ങണമെന്ന് സാരം.
റോഗ് ഫോൺ 7 മോഡലിനൊപ്പം ഒരു ആക്റ്റീവ് കൂളിങ് ഫാൻ ആക്സസറിയും ലഭ്യമാകും. എയ്റോആക്റ്റീവ് കൂളർ 7 എന്ന പേരുള്ള ഡിവൈസ് ഫോണിനൊപ്പം അറ്റാച്ച് ചെയ്താൽ ഗെയിമിങ് സമയത്തുണ്ടാകുന്ന ചൂട് എഫിഷ്യന്റായി പുറന്തള്ളാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂളറിലെ ചെറിയ എയർ ഇൻലെറ്റ് ഫോണിന്റെ വേപ്പർ ചേമ്പറിലേക്ക് കൂടുതൽ വായു എത്തിക്കുമെന്നും അത് വഴി എക്സസീവായുള്ള ചൂട് കുറയ്ക്കുമെന്നുമാണ് കമ്പനി പറയുന്നത്.

എയ്റോആക്റ്റീവ് കൂളർ 7, തെർമൽ എഫിഷ്യൻസി 20 ശതമാനം വർധിപ്പിക്കുമെന്നും അസൂസ് ക്ലെയിം ചെയ്യുന്നുണ്ട്. 77 ശതമാനം കൂടുതൽ ബാസ് നൽകാൻ കഴിയുന്ന സബ് വൂഫറുകളും ഈ ആക്സസറിയിലുണ്ട്. കൺട്രോളർ എക്സ്പീരിയൻസിനായി നാല് ബട്ടണുകളും ആർജിബി ലൈറ്റ് സെറ്റിങ്സും എയ്റോആക്റ്റീവ് കൂളർ 7 പായ്ക്ക് ചെയ്യുന്നു. ഐപി54 റേറ്റിങും 3.5mm ഹെഡ്ഫോൺ ജാക്കറ്റും യൂസേഴ്സിന് ലഭ്യമാകും. ഗെയിമേഴ്സിന് ഈ ആക്സസറി കൂടുതൽ ഉപകാരപ്രദമാകുമെന്ന് കരുതാം.
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള അസൂസ് റോഗ് ഫോൺ 7 മോഡലിന് 74,999 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള അസൂസ് റോഗ് ഫോൺ 7 അൾട്ടിമേറ്റ് മോഡലിന് 99,999 രൂപയും വില വരുന്നു. അസൂസ് റോഗ് ഫോൺ 7 വാങ്ങുന്നവർക്ക് എയ്റോആക്റ്റീവ് കൂളർ 7 വേമെങ്കിൽ അധിക തുക ചിലവഴിക്കേണ്ടി വരും.


Click it and Unblock the Notifications