കാലം നല്ലകാലം! ഇപ്പോൾ 5ജി ഫോൺ വാങ്ങിയാൽ ലാഭം പലവഴിക്കും കിട്ടും, 15000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ
ഇത് 5ജിയുടെ കാലമാണ്. ഇക്കാലത്ത് ഒരു 5ജി ഫോൺ ഇല്ലെങ്കിൽ അത് ഒരു നഷ്ടം തന്നെയാണ്. കാരണം ജിയോയും എയർടെലും 5ജി സേവനങ്ങൾ നിരവധി സ്ഥലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ആണ് എന്ന കാര്യം ഓർക്കണം. അധികനാൾ ഈ സൗജന്യ 5ജി കിട്ടിയെന്നുവരില്ല.
4ജി ഫോൺ ആണ് നാം ഇപ്പോൾ ഉപയോഗിക്കുന്നത് എങ്കിൽ ഒരു ദിവസം കുറഞ്ഞത് 3ജിബി എങ്കിലും ഡാറ്റ വേണ്ടിവരും. അതുതന്നെ മതിയാകില്ല. ഉയർന്ന നിരക്ക് നൽകി കൂടുതൽ ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടിവരുന്നു. എന്നാൽ അതു പലപ്പോഴും തികയാത്തതിനാൽ ബൂസ്റ്റർ ഡാറ്റയ്ക്കും പണം ചെലവഴിക്കേണ്ടിവരാറുണ്ട്.

ഇത്തരം പ്രശ്നങ്ങളൊന്നും 5ജി ഫോൺ ഉള്ളവർക്ക് ഇപ്പോൾ നേരിടേണ്ടിവരുന്നില്ല. 5ജി കിട്ടുന്ന പ്രദേശമാണെങ്കിൽ അതിവേഗതയോടെ അൺലിമിറ്റഡ് 2ജി ഡാറ്റ ഉപയോഗിക്കാൻ അവസരം കിട്ടും. ഈ സൗജന്യ ഡാറ്റയ്ക്കായി ഫോൺ വാങ്ങണം എന്നല്ല, ഒരു 5ജി ഫോൺ ഇപ്പോൾ ഉണ്ടെങ്കിൽ ഇങ്ങനെ ചില സൗകര്യങ്ങളും ഇപ്പോൾ ആസ്വദിക്കാം എന്നുമാത്രം.
5ജി ഫോൺ വാങ്ങാൻ ഇപ്പോൾ അനുയോജ്യമായ സമയമാണ് എന്ന് പറയാം. അത് സൗജന്യ 5ജി ഡാറ്റ ഉപയോഗിക്കാൻ വേണ്ടി മാത്രമല്ല, ആമസോണും ഫ്ലിപ്പ്കാർട്ടും വൻ വിലക്കുറവുമായി തങ്ങളുടെ ഓഫർ സെയിലുകൾ മേയ് ആദ്യ ആഴ്ചമുതൽ ആരംഭിക്കുകയാണ്. ദീർഘനാളായി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിച്ച് ഇഷ്ടഫോൺ സ്വന്തമാക്കാൻ സാധിക്കും.

5ജി യുഗത്തിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 5ജി ഫോൺ തന്നെ വാങ്ങണം എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഉയർന്ന നിരക്കിലുള്ള കൂടിയ ഫോണുകൾ മാത്രമല്ല. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളോടെ എത്തുന്ന സ്മാർട്ട്ഫോണുകളും പ്രമുഖ ബ്രാൻഡുകളെല്ലാം പുറത്തിറക്കുന്നുണ്ട്. സാധാരണക്കാരുടെ 5ജി മോഹങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന 15000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ പരിചയപ്പെടാം.
സാംസങ് ഗാലക്സി എം13: 6.5-ഇഞ്ച് ഫുൾ HD+ LCD ഡിസ്‌പ്ലേ. മീഡിയടെക് ഡൈമെൻസിറ്റി 700 പ്രൊസസർ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്. 50 എംപി പ്രധാന ക്യാമറ, 8 എംപി സെൽഫി ക്യാമറ, 5,000mAh ബാറ്ററി, 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നീ ഫീച്ചറുകളുള്ള എം13 സ്മാർട്ട്ഫോൺ 12,999 രൂപയ്ക്ക് ലഭ്യമാണ്.
സാംസങ് ഗാലക്സി എം14: 6.6-ഇഞ്ച് ഫുൾ HD+ LCD ഡിസ്‌പ്ലേ. എക്‌സിനോസ് 1330 (5എൻഎം) പ്രോസസർ, 4ജിബി/64ജിബി, 4ജിബി/128ജിബി, 6ജിബി/128ജിബി വേരിയന്റുകൾ, 6,000mAh ബാറ്ററി, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണ. 50എംപി+2എംപി+ 2എംപി ട്രിപ്പിൾ ക്യാമറ, 13എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെ മികച്ച ഫീച്ചറുകളുള്ള ഈ സാംസങ് ഫോൺ 14,990 രൂപ പ്രാരംഭവിലയിലാണ് എത്തുന്നത്.

പോക്കോ എം4 പ്രോ: 6.6-ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ. മീഡിയടെക് ഡൈമെൻസിറ്റി 810 പ്രൊസസർ, 50 എംപി മെയിൻ ക്യാമറ, 16 എംപി സെൽഫി ക്യാമ, 5,000mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നീ ഫീച്ചറുകളോടെ എത്തുന്ന പോക്കോ എം4 പ്രോ 14,999 രൂപ വിലയിൽ ലഭ്യമാണ്.
റിയൽമി നാർസോ 50: 120Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ. മീഡിയടെക് ഹീലിയോ ജി96 പ്രൊസസർ, 50 എംപിയുടെ പ്രധാന ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 16 എംപി സെൽഫി ക്യാമറ, 5000mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളോടെ 14,999 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്.
റെഡ്മി 11 പ്രൈം: 90Hz റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 700 പ്രൊസസർ, 50 എംപി പ്രധാന ക്യാമറ, 8 എംപി സെൽഫി ക്യാമറ, 5000mAh ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളുള്ള റെഡ്മി 11 പ്രൈം 13,249 രൂപ വിലയിൽ ലഭ്യമാണ്.
ഈ സ്മാർട്ട്ഫോണുകളെല്ലാം ലോഞ്ച് ചെയ്തപ്പോൾ നിശ്ചയിച്ചിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് വരുന്നത്. ആമസോണും ഫ്ലിപ്പ്കാർട്ടും ആരംഭിക്കുന്ന ഓഫർ സെയിലുകളിൽ ഡിസ്കൗണ്ട് വിലയിലാകും ഇവ ലിസ്റ്റ് ചെയ്യുക. ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയ്ക്കാൻ സാധിക്കും. ആമസോൺ മേയ് 4 മുതലും ഫ്ലിപ്പ്കാർട്ട് മേയ് 5 മുതലും ഓഫർ സെയിൽ ആരംഭിക്കും.


Click it and Unblock the Notifications