അബദ്ധത്തിൽ ചാടല്ലേ! 10000 രൂപയിൽ താഴെ വിലയിൽ ഒന്നല്ല, ആറ് 5G ഫോണുകൾ പറഞ്ഞുതരാം!
ഓണത്തിന് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. വിവിധ വില വിഭാഗങ്ങളിലായി നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ 4ജി സ്മാർട്ട്ഫോണുകളും ഉണ്ട്. എന്നാൽ പുതിയ സ്മാർട്ട്ഫോൺ ഇനി വാങ്ങുന്നുണ്ടെങ്കിൽ 5ജി മോഡൽ തന്നെ വാങ്ങുന്നതാണ് ഉചിതം. മുൻപ് ചിലർ ചെറിയ തുക ലാഭിക്കാനായി 4ജി ഫോണുകൾ വാങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അത്തരം അബദ്ധം കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 6000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ മതി എന്നുള്ളവർ മാത്രം 4ജി മോഡലുകളുടെ പിന്നാലെ പോകുക.
ഇത് 5ജി ഫോണുകളുടെ കാലമാണ്. 4ജി ഫോണുകളുടെ പ്രസക്തി നഷ്ടമായിട്ട് ഏറെ നാളായി. എങ്കിലും ഒരു വഴിക്ക് നിശബ്ദമായി പല ബ്രാൻഡുകളുടെയും 4ജി മോഡലുകൾ വിപണിയിൽ എത്തുന്നുണ്ട്. അത് കാര്യമാക്കാതെ, ഒരു പുത്തൻ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നുണ്ടെങ്കിൽ 5ജി മോഡൽ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. പതിനായിരം രൂപയിൽ താഴെ വിലയിൽ ഇപ്പോൾ നിരവധി 5ജി ഫോണുകൾ ലഭ്യമാണ്.

സാധാരണക്കാരെയും 5ജി സേവനങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ പ്രമുഖ ബ്രാൻഡുകളെല്ലാം ബജറ്റ് വിലയിൽ 5ജി മോഡലുകൾ ലഭ്യമാക്കിയിട്ടുണ്ട്. 10000 രൂപ മുടക്കിയാൽ ഈ ബജറ്റിനുള്ളിൽ നിന്ന് മികച്ച ഫീച്ചറുകൾ തന്നെ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ മോഡലുകൾ വിപണിയിലുണ്ട്. അതിൽ പുതിയതായി കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ടത് ഉൾപ്പെടെയുള്ള മികച്ച 6 5ജി ഫോണുകൾ ഇവിടെ പരിചയപ്പെടാം.
കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട് സെപ്റ്റംബർ 9ന് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന ഇൻഫിനിക്സ് ഹോട്ട് 50 5ജി, ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട് ഏറെ ജനശ്രദ്ധ നേടിയ ഐക്യൂ Z9 ലൈറ്റ് 5G, വിവോ T3 ലൈറ്റ് 5ജി, റെഡ്മി 13സി 5ജി, റിയൽമി C63 5G, മോട്ടോ G45 5G എന്നീ മോഡലുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇൻഫിനിക്സ് ഹോട്ട് 50 5G (Infinix Hot 50 5G): കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ 5ജി സ്മാർട്ട്ഫോണിന്റെ 4GB+ 128GB വേരിയന്റിന് 9,999 രൂപയും 8GB+ 128GB വേരിയന്റിന് 10,999 രൂപയും ആണ് വില. സെപ്റ്റംബർ 9 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇതിന്റെ വിൽപ്പന ആരംഭിക്കുന്നത്.
ലോഞ്ച് ഓഫർ എന്ന നിലയിൽ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 1000 രൂപ ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 8999 രൂപ വിലയിയും ഉയർന്ന മോഡൽ 9999 രൂപ വിലയിലും വാങ്ങാൻ ലഭ്യമാണ്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. വിശദ ഫീച്ചറുകൾ ഇൻഫിനിക്സ് ഇന്ത്യ വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും പരിശോധിക്കുക.
ഐക്യൂ Z9 ലൈറ്റ് 5G (IQOO Z9 Lite 5G): ബജറ്റ് 5ജി സ്മാർട്ട്ഫോണുകളിലെ ഈ ശ്രദ്ധേയ മോഡലിന്റെ 4GB+ 128GB വേരിയന്റിന് 10,499 രൂപയും 6GB+ 128GB വേരിയന്റിന് 11,499 രൂപയുമാണ് വില. 500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ അടിസ്ഥാന മോഡൽ 9999 രൂപയ്ക്കും ഉയർന്ന മോഡൽ 10999 രൂപയ്ക്കും ആമസോണിലും ഐക്യൂ ഇന്ത്യ ഇ-സ്റ്റോർ വഴിയും ലഭ്യമാണ്.

വിവോ T3 ലൈറ്റ് 5ജി (Vivo T3 Lite 5G): വിവോ അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ 5ജി സ്മാർട്ട്ഫോണിന്റെ 4ജിബി+ 128ജിബി വേരിയന്റിന് 10,499 രൂപയും 6ജിബി+ 128ജിബി വേരിയന്റിന് 11499 രൂപയുമാണ് യഥാർഥ വില. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ അടിസ്ഥാന മോഡൽ 500 രൂപ ഡിസ്കൗണ്ടിന് ശേഷം 9,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാം.
റിയൽമി C63 5G (Realme C63 5G): കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ 5ജി ഫോണിന്റെ 4GB+128GB വേരിയന്റിന് 10,999 രൂപയും 6GB+128GB വേരിയന്റിന് 11,999 രൂപയും 8GB+128GB വേരിയന്റിന് 12,999 രൂപയുമാണ് വില. ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിട്ടുള്ള ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇത് 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാം.
മോട്ടോ G45 5G (Moto G45 5G): കഴിഞ്ഞ മാസമാണ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന്റെ 4ജിബി+ 128 ജിബി വേരിയന്റിന് 10,999 രൂപയും 8ജിബി+ 128ജിബി വേരിയൻ്റിന് 12,999 രൂപയുമാണ് വില. തെരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ചാൽ ഫ്ലിപ്പ്കാർട്ടിൽ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 9999 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാം.

റെഡ്മി 13സി 5ജി (Redmi 13C 5G): കഴിഞ്ഞ വർഷം അവസാനത്തോടെ റെഡ്മി അവതരിപ്പിച്ച ഈ 5ജി ഫോണിന്റെ 4ജിബി+ 128ജിബി വേരിയന്റിന് 10,999 രൂപയും 6GB+ 128GB വേരിയന്റിന് 12,499 രൂപയും 8GB+ 256GB വേരിയന്റിന് 14,499 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ ഡിസ്കൗണ്ടും ബാങ്ക് ഓഫറും പ്രയോജനപ്പെടുത്തിയാൽ ഫ്ലിപ്പ്കാർട്ടിൽനിന്ന് 10000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ വാങ്ങാനാകും.
10000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള മികച്ച ഓപ്ഷനുകളാണ് ഇവ. ഇവ കൂടാതെ ഇതിനകം ഉയർന്ന വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ചില മോഡലുകൾ ഡിസ്കൗണ്ട് സഹിതം12000 രൂപയിൽ താഴെ വിലയിലും ലഭ്യമാണ്. ഈ ഫോണുകളുടെ ഫീച്ചറുകളെപ്പറ്റിയുള്ള വിശദ വിവരങ്ങൾ അറിയണമെങ്കിൽ ഞങ്ങളുടെ മുൻ റിപ്പോർട്ടുകൾ പരിശോധിക്കുക. അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


Click it and Unblock the Notifications