കുറഞ്ഞ വിലയ്ക്ക് 5ജി ഫോൺ തേടുന്നവർക്ക് സംഭവകഥ സഹിതം മൂന്ന് സ്മാർട്ട്ഫോണുകൾ!
ഇന്നത്തെ ജീവിതരീതികളും മറ്റും കണക്കിലെടുക്കുമ്പോൾ ഒരു വീട്ടിലെ എല്ലാവർക്കും ഒരു സ്മാർട്ട്ഫോൺ അനിവാര്യമായി മാറിയിരിക്കുന്നു. ഏറ്റവും മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങണമെങ്കിൽ നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. എന്നാൽ അത്യാവശ്യം മാന്യമായി എല്ലാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിലും എത്തുന്നുണ്ട്.
ഇപ്പോൾ ഒരു സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ വാങ്ങുമ്പോൾ വിലയോടൊപ്പം മറ്റൊരു കാര്യത്തിനുകൂടി പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു. വാങ്ങുന്ന ഫോൺ 5ജി ആണോ എന്നതാണ് അത്. എല്ലാവരും ഇന്ന് 5ജി ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ വിപണിയിൽ ഇപ്പോഴും ധാരാളം 4ജി ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. ഇത് വാങ്ങേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഭാവികൂടി മുന്നിൽ കാണുന്നവർ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പോകുമ്പോൾ 5ജി ഫോണുകൾ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. നേരിട്ട് കടയിലെത്തി വാങ്ങിയാലും ഓൺലൈനിൽ ഓഡർ ചെയ്താലും ഇക്കാര്യം ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവ കഥകൂടി പറയാം. ഒരു സ്മാർട്ട്ഫോൺ വാങ്ങാനായി രണ്ടുപേർ ഒരു പ്രമുഖ സ്ഥാപനത്തിലെത്തി.
അവിടെ അവരെ സമീപിച്ച ജീവനക്കാരനോട് 15,000 രൂപയോട് അടുത്ത് വില വരുന്ന ഒരു സ്മാർട്ട്ഫോൺ വേണം എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം സാംസങ്, വിവോ, ഓപ്പോ എന്നിവയുടെ ഏതാണ്ട് 15000 രൂപയോടടുത്ത് വിലയുള്ള ഫോണുകൾ എടുത്ത് നിരത്തി. അതിന്റെ പല സവിശേഷതകളെപ്പറ്റിയും വിവരിച്ചെങ്കിലും അത് 5ജി പിന്തുണയുള്ള ഫോൺ ആണോ എന്നകാര്യം മാത്രം വ്യക്തമാക്കിയില്ല.
തുടർന്ന് വാങ്ങാനെത്തിയവർ തന്നെ ജീവനക്കാരനോട് അത് 5ജി ഫോൺ ആണോ എന്ന് ചോദിച്ചു. ഈ ഫോണുകളൊന്നും 5ജി അല്ലെന്നും 4ജി പിന്തുണയാണ് അവ നൽകുന്നതെന്നും സാധാരണമട്ടിൽ അയാൾ പറഞ്ഞു. ഉപയോക്താവ് അതേപ്പറ്റി ചോദിച്ചിരുന്നില്ല എങ്കിൽ അതിൽ ഒരു 4ജി ഫോൺ അയാളുടെ തലയിൽ കെട്ടിവയ്ക്കപ്പെടുമായിരുന്നു.
15000 രൂപയിൽ താഴെ വിലയിൽപോലും 5ജി ഫോണുകൾ ലഭ്യമാണ് എന്നിരിക്കെയാണ് ജീവനക്കാരൻ അതിനെക്കാൾ വിലയിൽ ഒരു 4ജി ഫോൺ ഉപയോക്താവിനെക്കൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിച്ചത്. അതിന് പിന്നിലെ കാരണം എന്തുതന്നെയായാലും, പുതിയ ഫോൺ വാങ്ങാൻ തീരുമാനിക്കുന്നവർ 5ജി ഫോൺ തന്നെ തെരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. അത് ഓൺലൈനിലായാലും അങ്ങനെ തന്നെയായിരിക്കണം.
15,000 രൂപയിൽതാഴെ വിലയിൽ നിരവധി 5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. ഇപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും മറ്റും ഫെസ്റ്റിവൽ സെയിൽ നടക്കുന്നതിനാൽ നിരവധി ഓഫറുകളും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മൂന്ന് മികച്ച സ്മാർട്ട്ഫോണുകൾ കൂടി ഇവിടെ പരിചയപ്പെടാം.

പോക്കോ എം6 പ്രോ 5ജി: ദൈനംദിന ഉപയോഗത്തിനായി കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇത്. അടുത്തിടെ പുറത്തിറങ്ങിയ പോക്കോ എം6 പ്രോ 5ജിയുടെ 4GB RAM/64GB സ്റ്റോറേജ് വേരിയന്റ് 9999 രൂപ പ്രാരംഭവിലയിൽ ലഭ്യമാണ്. കൂടുതൽ മെമ്മറി ആവശ്യമുണ്ടെങ്കിൽ മറ്റ് വേരിയന്റുകളും പരിഗണിക്കാം.
പോക്കോം എം6 പ്രോ 5ജിയുടെ 4ജിബി റാം+ 128ജിബി സ്റ്റോറേജ് ഓപ്ഷൻ 10,999 രൂപ വിലയിലും, 6ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റ് 11,999 രൂപ വിലയിലും ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്ന ഫെസ്റ്റിവൽ സെയിൽ ഓഫർ പ്രയോജനപ്പെടുത്തിയാൽ ഇതിൽ ഏതെങ്കിലും ഒരു മോഡൽ 1000 രൂപ ഡിസ്കൗണ്ട് സഹിതം സ്വന്തമാക്കാൻ സാധിക്കും.

സാംസങ് ഗാലക്സി എം14 5ജി: കുറഞ്ഞ വിലയിൽ വാങ്ങാൻ പരിഗണിക്കാവുന്ന മറ്റൊരു മികച്ച സ്മാർട്ട്ഫോൺ ആണ് ഗാലക്സി എം14. എക്സിനോസ് 1330 ചിപ്‌സെറ്റാണ് ഇതിന്റെ കരുത്ത്. 6,000mAh ബാറ്ററി ഒറ്റ ചാർജിൽ ദീർഘനേരത്തെ ഉപയോഗം സാധ്യമാക്കുന്നു. 90Hz IPS LCD സ്ക്രീനാണ് എം14ൽ ഉള്ളത്.
ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവർക്ക് ഇതിലെ ബാക്ക് ക്യാമറയും ഇഷ്ടപ്പെടും. ദൈനംദിന ജോലികളും ലഘു മൾട്ടിടാസ്കിംഗും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ സാംസങ് ഫോണിന് സാധിക്കും. എം14യുടെ 4ജിബി+ 128ജിബി വേരിയന്റ് 12,039 രൂപയ്ക്കും 6ജിബി+ 128ജിബി വേരിയന്റ് 13,039 രൂപയ്ക്കും ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. വിവിധ ബാങ്ക് കാർഡുകൾ വഴി 1000 രൂപ ഡിസ്കൗണ്ടും നേടാം.

ലാവ ബ്ലേസ് പ്രോ 5ജി: ആകർഷകമായ ഡിസൈനും മിഡ് റേഞ്ച് ചിപ്‌സെറ്റായ ഡിമെൻസിറ്റി 6020 കരുത്തും ഉള്ള ഈ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മറ്റൊരു മികച്ച 5ജി സ്മാർട്ട്ഫോണാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഫോൺ വരുന്നത്, 33W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5,000mAh ബാറ്ററിയും ഇതിലുണ്ട്.
50എംപി പ്രൈമറി റിയർ ക്യാമറ നല്ല ലൈറ്റിങ് കണ്ടീഷനിൽ മികച്ച ഫോട്ടോകൾ എടുക്കാൻ പ്രാപ്തമാണ്. ലാവ ബ്ലേസ് പ്രോ 5ജിയുടെ അടിസ്ഥാന വേരിയന്റ് 12,999 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. വിവിധ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 1000 രൂപ ഡിസ്കൗണ്ടും നേടാം.


Click it and Unblock the Notifications








