ഫോണുകള്‍ക്ക് മറുഭാഷാ കഥകള്‍ പറയും സുതാര്യ സ്‌ക്രീന്‍

Posted By:

 ഫോണുകള്‍ക്ക് മറുഭാഷാ കഥകള്‍ പറയും സുതാര്യ സ്‌ക്രീന്‍

ഡിസൈനിന്റെ ആകര്‍ഷണീയതയ്ക്ക് ഒരു ഹാന്‍ഡ്‌സെറ്റിന്റെ വിജയത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും.  പ്രവര്‍ത്തനക്ഷമതയുമായി ഡിസൈനിന് വലിയ ബന്ധമൊന്നും ഇല്ലെങ്കിലും മികച്ച ഡിസൈനുകളുള്ള ഫോണുകളെ കുറിച്ചറിയാന്‍ ആളുകള്‍ക്ക് താല്‍പര്യം കൂടും.

അപ്പോള്‍ അവര്‍ ഈ ഹാന്‍ഡ്‌സെറ്റുകളുടെ സ്‌പെസിഫിക്കേഷനുകള്‍ ഫീച്ചറുകള്‍ എന്നിവ അന്വേഷിക്കും.  ഒരേ പ്രവര്‍ത്തനക്ഷമതയും ഫീച്ചറുകളുമുള്ള രണ്ടു മൊബൈലുകളില്‍ മികച്ച ഡിസൈന്‍ ഉള്ള ഹാന്‍ഡ്‌സെറ്റിന് ആവശ്യക്കാരേറുന്നത് സ്വാഭാവികം.

അതുകൊണ്ട് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തന മികവിനൊപ്പം മികച്ച ഡിസൈന്‍ തന്നെ തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നു.  ഏതൊരു ഗാഡ്ജറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ കടന്നു പോയി, പുറത്തിറങ്ങുന്നതിനു മുമ്പ് വെറും ഒരു ആശയ മാത്രമായിരിക്കും.

പിന്നീട് ഈ ആശയത്തെ പഠിച്ച് അതിനെ ഏവരാലും സ്വീകാര്യമായ ഒരു ഗാഡ്ജറ്റിന്റെ രൂപത്തില്‍ വിപണിയിലെത്തിക്കുന്നതു വരെയുളള പ്രവര്‍ത്തനം വളരെ നീണ്ടതും ശ്രമകരവുമാണ്.  ഒരുപാടു വിദഗ്ധരുടെ അശ്രാന്ത പരിശ്രമത്തിന്റെ പരിണതഫലമാണ് ഇങ്ങനെയിറങ്ങുന്ന എല്ലാ ചെറുതും വലുതുമായ എല്ലാ ഉപകരണങ്ങളും.

ഈയിടെ രണ്ട് ഉജ്ജ്വലരായ ഡിസൈനര്‍മാര്‍ ഒരു പുതിയ ആശയവുമായി രംഗത്തെത്തുകയുണ്ടായി.  ബ്രിക്ക് കണ്‍സെപ്റ്റ് ഹാന്‍ഡ്‌സെറ്റ് എന്ന ആശയവുമായി എത്തിയ ഈ ഡിസൈനര്‍മാരുടെ പേര് ഷാഓചെംഗ് ഹുവാങ്, യുയിന്‍ ഹുവാങ് എന്നിങ്ങനെയാണ്.

ഇവര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ആശയത്തിന് വലിയസ്വീകരണമാണ് ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്.  ഈ ബ്രിക്ക് ആശയ പ്രകാരം മൊബൈല്‍ ഫോണിന് വലിയ സുതാര്യമായ സ്‌ക്രീന്‍ ആയിരിക്കും.

സാധാരണ ഏതൊരു സ്‌ക്രീനിന്റെയും സ്വഭാവങ്ങള്‍ ഈ സ്‌ക്രീനിനും ഉണ്ടായിരിക്കും.  എന്നാല്‍ ഇതു ഒരു സാധാരണ സ്‌ക്രീന്‍ അല്ല താനും.  ഹാന്‍ഡ്‌സെറ്റിന്റെ നിരവധി നൂതനമായ ഫീച്ചറുകളിലേക്കുള്ള പ്രവേശന കവാടം കൂടിയായിരിക്കും ഈ സുതാര്യ സ്‌ക്രീന്‍.

ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ്, മൈക്രോസ്‌കോപ്, ഒരു ട്രാന്‍സ്‌ലേഷന്‍ ടൂള്‍ എന്നിങ്ങനെ നിരവധി ധര്‍മ്മങ്ങള്‍ ഒരേ സമയം നിര്‍വ്വഹിക്കാന്‍ കഴിയുന്നതായിരിക്കും ഈ ട്രാന്‍സ്പരന്റ് സ്‌ക്രീന്‍.  ട്രാന്‍സ്‌ലേഷന്‍ ടൂള്‍ ആയി ഉപയോഗിക്കാം എന്നത് ഒരു വിസ്മയകരമായ ഫീച്ചര്‍ ആണ് എന്നു സമ്മതിക്കാതെ വയ്യ.

ഒന്നാലോചിച്ചു നോക്കൂ, നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിന്റെ സുതാര്യ സ്‌ക്രീനിലൂടെ കാണുന്ന ടെക്‌സ്റ്റ് ഹാന്‍ഡ്‌സെറ്റ് ഭാഷ തര്‍ജ്ജമ ചെയ്യുന്നത്.  വിസ്മയപ്പെടാതിരിക്കാന്‍ ഒരു സാധ്യതയും ഇല്ല.

സാംസംഗിന്റെ സീ-ത്രൂ ടാബ്‌ലറ്റ് എന്ന ആശയവുമായി ഇതിന് ചില സാമ്യങ്ങളുള്ളതായി തോന്നാം.  നിവിലുള്ള സാങ്കേതികവിദ്യകളുമായി ഈ പുതിയ ബ്രിക്ക് ആശയം എത്രത്തോളം ചേര്‍ന്നു പോകും എന്നു കാത്തിരുന്നു കാണാം.

മനസ്സില്‍ വിരിയുന്ന ആശയങ്ങള്‍ക്കനുസരിച്ചുള്ള ഒരു ഉപകരണം വികസിപ്പിച്ചെടുക്കുക പലപ്പോഴും അത്ര എളുപ്പമല്ല.  എത്ര കുഴപ്പം പിടിച്ച ആശയമാണെങ്കിലും അവ മികച്ചതാണ്, ആളുകള്‍ സ്വീകരിക്കും എന്നു മനസ്സിലായിക്കഴിഞ്ഞാല്‍ ഇവ യാഥാര്‍ത്ഥ്യമാക്കാന്‍ എത്ര സമയവും, പണവും ഇതിനു വേണ്ടി ചിലവഴിക്കാന്‍ കമ്പനികള്‍ തയ്യാറാകും.

ഇങ്ങനെ കമ്പനികള്‍ തയ്യാറാവുന്നതുകൊണ്ടാണ് ദിനേനയെന്നോണം നൂതനമായ ഉപകരണങ്ങള്‍ നമ്മുടെ ജീവിതം കൂടുതല്‍ ലളിതമാക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.  പലപ്പോഴും ഇത്തരം ആശയങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടതിലും എത്രയോ ഉയര്‍ന്ന പ്രതികരണമാണ് വിപണിയില്‍ സൃഷ്ടിക്കുക.

അതുകൊണ്ട് നമുക്ക് കാത്തിരിക്കാം, ക്ഷമയോടെ, ബ്രിക്ക് ആശയം യാഥാര്‍ത്ഥ്യമായി നമ്മുടെ ഹാന്‍ഡ്‌സെറ്റിന്റെ സുതാര്യ സ്‌ക്രീന്‍ അതിലൂടെ കാണുന്ന ടെക്‌സ്റ്റ് ട്രാന്‍സ്‌ലേറ്റു ചെയ്യുന്ന സുദിനത്തിനായി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot