BSNL ജൂലൈ 31 വരെ 96300 4G ടവറുകൾ സ്ഥാപിച്ചു; കൂടുതൽ 4G ടവറുകൾക്കായി 6982 കോടി രൂപ കൂടി കേന്ദ്രം നൽകും
ബിഎസ്എൻഎൽ 4ജി വ്യാപനം എവിടം വരെയായി എന്നുള്ള ചോദ്യത്തിന് ഏറെ നാളുകൾക്ക് ശേഷം ഒരു പുതിയ ഉത്തരം ലഭിച്ചിരിക്കുന്നു. 2025 ജൂലൈ 31 വരെ ബിഎസ്എൻഎൽ ആകെ 96,300 4ജി സൈറ്റുകൾ സ്ഥാപിച്ചു, ഇതിൽ 91,281 സൈറ്റുകൾ ഇപ്പോൾ സേവനങ്ങൾ നൽകുന്നുണ്ട്. ടെലിക്കോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ രാജ്യസഭയിൽ ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ നിന്നാണ് ഈ ഉത്തരം ലഭിച്ചിരിക്കുന്നത്. ഇതോടൊപ്പം മന്ത്രി മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി അറിയിച്ചിട്ടുണ്ട്, അധിക മൂലധന പിന്തുണയായി 6,982 കോടി രൂപകൂടി ബിഎസ്എൻഎല്ലിന് നൽകാനുള്ള തീരുമാനം സർക്കാർ അംഗീകരിച്ചു എന്നതാണ് അത്.
എന്തിന് 6982 കോടി അനുവദിച്ചു
2025 ൽ, രാജ്യത്തുടനീളം ബിഎസ്‌എൻഎൽ 4G നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന് അധിക മൂലധന പിന്തുണയായി 6,982 കോടി രൂപ കൂടി ബിഎസ്എൻഎല്ലിന് നൽകാൻ സർക്കാർ തീരുമാനിച്ചു എന്നാണ് പെമ്മസാനി രേഖാമൂലം രാജ്യസഭയിൽ അറിയിച്ചത്. ബിഎസ്എൻഎൽ 4ജി വ്യാപനത്തെ പിന്തുണയ്ക്കാനുള്ള സർക്കാർ നടപടികളിലെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ഇത്.

മുൻപ് നൽകിയ സഹായങ്ങൾ
ടെലിക്കോം രംഗത്തെ മത്സരത്തിൽ പിന്നിലായിപ്പോയ ബിഎസ്എൻഎല്ലിനെ നവീകരിക്കാൻ 2019 മുതൽ മോദി സർക്കാർ ശ്രമിക്കുന്നുണ്ട് എന്നാണ് പെമ്മസാനി രാജ്യസഭയിൽ നൽകിയ കണക്കുകളിൽ വിവരിക്കുന്നത്. 2019 ൽ 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചു. പിന്നീട് 2022 ൽ 1.64 ലക്ഷം കോടി രൂപയും അനുവദിച്ചു.
പിന്നീട് 2023 ൽ 89,000 കോടി രൂപയുടെ 4G, 5G സ്പെക്ട്രവും ബിഎസ്എൻഎല്ലിന് അനുവദിച്ചു. വിവിധ ഘട്ടങ്ങളിലായി ബിഎസ്എൻഎല്ലിന് ഇതുവരെ നൽകിയ 3.22 ലക്ഷം കോടി രൂപയുടെ പിന്തുണയ്ക്ക് പുറമേയാണ് ഇപ്പോൾ 6,982 കോടി രൂപ കൂടി അധിക മൂലധന പിന്തുണയായി അനുവദിച്ചിരിക്കുന്നത് എന്ന് പെമ്മസാനി ചന്ദ്രശേഖർ രാജ്യസഭയിൽ പറഞ്ഞു.

പുനരുജ്ജീവന പാക്കേജുകൾ ബിഎസ്എൻഎല്ലിനെ പഴയ ആരോഗ്യത്തിലേക്ക് തിരികെയെത്തിക്കാൻ സഹായിക്കുന്നതായി മന്ത്രി സൂചിപ്പിച്ചു. 2020-21 സാമ്പത്തിക വർഷം മുതൽ ബിഎസ്‌എൻഎൽ പ്രവർത്തന ലാഭം നേടാൻ തുടങ്ങിയെന്നും 2024-25 സാമ്പത്തിക വർഷത്തിലെ 3, 4 പാദങ്ങളിൽ ബിഎസ്‌എൻഎൽ യഥാക്രമം 262 കോടി രൂപയും 280 കോടി രൂപയും അറ്റാദായം നേടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
4ജി ടവറുകൾ സംബന്ധിച്ച പുതിയ കണക്കുകൾ കിട്ടി
കഴിഞ്ഞ ദിവസം പെമ്മസാനി രാജ്യസഭയിൽ നൽകിയ കണക്കുകൾക്കിടയിൽ നിന്ന് ബിഎസ്എൻഎൽ 4ജി വ്യാപനത്തിനെക്കുറിച്ചുള്ള പുതിയ കണക്കുകൾ കിട്ടിയിരിക്കുകയാണ്. ജൂണിൽ ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കും എന്നാണ് നേരത്തെ ബിഎസ്എൻഎൽ അധികൃതർ വിശദീകരിച്ചിരുന്നത്. ഈ വാദത്തിന് ബലം നൽകും വിധത്തിൽ 93450 ബിഎസ്എൻഎൽ ടവറുകളിൽ 4ജി ഇൻസ്റ്റാൾ ചെയ്തതായി മേയ് അവസാനം കണക്കുകൾ വന്നിരുന്നു.
4ജി വ്യാപനം ഇഴയാൻ തുടങ്ങി
മേയ് അവസാനം വന്ന കണക്കിൽ 93450 ബിഎസ്എൻഎൽ ടവറുകളിൽ 4ജി ഇൻസ്റ്റാൾ ചെയ്തു എന്ന് വ്യക്തമാക്കിയിരുന്നതിനാൽ ശേഷിച്ച 6550 ടവറുകൾ ബിഎസ്എൻഎൽ ജൂണിൽ പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാൽ പിന്നീടങ്ങോട്ട് 4ജി വ്യാപനം സംബന്ധിച്ച് കാര്യമായ വിവരങ്ങളോ കണക്കുകളോ ലഭ്യമായില്ല. ഒടുവിൽ ജൂലൈ അവസാനത്തോടെ 94500 ടവറുകളിൽ 4ജി ഇൻസ്റ്റാൾ ചെയ്തു എന്ന കണക്കുവന്നു.

പിന്നീട് കുറേ നാളായി ഒരു ലക്ഷം ടവറുകളിൽ 4ജി വ്യാപിപ്പിക്കാനുള്ള ബിഎസ്എൻഎൽ ലക്ഷ്യം എവിടം വരെ എത്തി എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ഇപ്പോൾ രാജ്യസഭയിൽ മന്ത്രി നൽകിയ കണക്കിലൂടെ 4ജി ടവറുകൾ എത്രത്തോളമായി എന്നതിന്റെ ഒരു ധാരണ വരിക്കാർക്ക് ലഭ്യമായിരിക്കുന്നു. ഓഗസ്റ്റിലെങ്കിലും ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ കൈവരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications







