ബിഎസ്എൻഎൽ സിം ഉണ്ടോ! ചീപ് റേറ്റിൽ ദിവസവും 3GB ഡാറ്റ കിട്ടുന്ന പുതിയ സ്പെഷൽ പ്ലാനുണ്ട്
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിലൊന്നായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇപ്പോൾ തങ്ങളുടെ വിവിധ പ്രീപെയ്ഡ് പ്ലാനുകളിൽ ക്രിസ്മസ്- ന്യൂ ഇയർ ഓഫറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ 2799 രൂപ വിലയിൽ ബിഎസ്എൻഎൽ അടുത്തിടെ ഒരു പുതിയ വാർഷിക പ്ലാൻ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്പെഷൽ പ്ലാനായി പ്രഖ്യാപിച്ചിരിക്കുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലൊന്ന് 251 രൂപ വിലയിൽ എത്തുന്നു. മറ്റൊരു പ്ലാൻ 225 രൂപയുടെ പ്ലാനാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ 225 രൂപ പ്ലാനുണ്ട്, എന്നാലിപ്പോളിത് പുതിയ ആനുകൂല്യവുമായാണ് ലഭ്യമായിരിക്കുന്നത്.
നേരത്തെ 225 രൂപയുടെ ബിഎസ്എൻഎൽ സ്പെഷൽ പ്ലാൻ 2.5ജിബി പ്രതിദിന ഡാറ്റ സഹിതമാണ് എത്തിയിരുന്നത്. എന്നാലിപ്പോൾ ക്രിസ്മസ്- ന്യൂ ഇയർ ഓഫർ എന്ന നിലയിൽ ബിഎസ്എൻഎൽ ഈ പ്ലാനിൽ പ്രതിദിനം 3ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.

225 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പുതിയ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി എന്നിവയാണ് 225 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. പരിമിതമായ കാലത്തേക്ക് മാത്രമാകും 3ജിബി പ്രതിദിന ഡാറ്റ സഹിതം ഈ പ്ലാൻ ലഭ്യമാകുക. കാരണം 299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇതേ ആനുകൂല്യങ്ങൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. 2026 ജനുവരി 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ 299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നിലനിൽക്കെ തന്നെ, 225 രൂപയുടെ പ്ലാൻ അതേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം വൻ ലാഭമാണ്. എന്നാൽ അടിസ്ഥാന പരമായി 225 രൂപയുടെ പ്ലാൻ 2.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ആയതിനാലാകാം 299 രൂപയുടെ പ്ലാൻ ഇപ്പോഴും നിലനിൽക്കുന്നത്.

കാരണം ഇവിടെ ഒരേ ആനുകൂല്യങ്ങൾ രണ്ട് വിലകളിൽ ലഭ്യമാകുന്നു എന്ന ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്. ഓഫർ കാലയളവ് കഴിഞ്ഞാൽ 225 രൂപയുടെ പ്ലാൻ വീണ്ടും 2.5ജിബി പ്രതിദിന ഡാറ്റയിലേക്ക് തിരിച്ചുപോകുന്നതിനാലാകാം 299 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ നിലവിൽ മാറ്റങ്ങളൊന്നും വരാത്തത്. പ്രതിദിനം 7.5 രൂപയാണ് 225 രൂപയുടെ പ്ലാനിന് ഉപയോക്താവിന് ചെലവാകുക.
ബിഎസ്എൻഎൽ അടുത്തിടെ പ്രഖ്യാപിച്ച മറ്റൊരു സ്പെഷൽ പ്ലാനാണ് 251 രൂപയുടേത്. 251 രൂപ വിലയിലും ഇതിനകം തന്നെ ഒരു പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നു, സ്റ്റുഡന്റ് പ്ലാൻ എന്നായിരുന്നു ആ പ്ലാനിന്റെ പേര്. ശിശുദിനത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ നവംബർ 14ന് പ്രഖ്യാപിച്ചതിനാലാണ് ആ പേര്. പരിമിത കാലത്തേക്ക് അവതരിപ്പിക്കപ്പെട്ട ആ സ്റ്റുഡന്റ് പ്ലാനിലെ ഏതാണ്ട് അതേ ആനുകൂല്യങ്ങൾ തന്നെയാണ് പുതിയ 251 രൂപ സ്പെഷൽ പ്ലാനിലും ഉള്ളത്.
ബിഎസ്എൻഎല്ലിന്റെ 251 രൂപയുടെ പുതിയ പ്ലാൻ കാർണിവൽ പ്ലാൻ എന്ന പേരിലാണ് എത്തിയിരിക്കുന്നത്. സ്റ്റുഡന്റ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകിയിരുന്നത്. എന്നാൽ കാർണിവൽ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 100GB ഹൈസ്പീഡ് ഡാറ്റയും അധിക ആനുകൂല്യമായി 30 ദിവസത്തേക്ക് ബിഐടിവി സബ്സ്ക്രിപ്ഷനും ഈ സ്പെഷൽ പ്ലാനിൽ ലഭ്യമാണ്.

ഡിസംബർ 24 മുതൽ ജനുവരി 31 വരെയാണ് 251 രൂപ സ്പെഷൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാകുക. ഈ രണ്ട് പ്ലാനുകളെ കൂടാതെ അടുത്തിടെ വന്ന മറ്റൊരു ശ്രദ്ധേയ പ്ലാൻ 2799 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. 365 ദിവസ വാലിഡിറ്റിയിൽ 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്നു എന്നതാണ് ഈ പുതിയ വാർഷിക പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിലുണ്ട്.


Click it and Unblock the Notifications








