ഇക്കൊല്ലം ശബരിമലയ്ക്ക് പോകുന്നുണ്ടോ, ബിഎസ്എൻഎല്ലിന്റെ സൗജന്യ വൈഫൈ കിട്ടാൻ ഇത് ചെയ്താൽ മതി
ശരണമന്ത്രങ്ങളാൽ മുഖരിതമായ ഒരു മണ്ഡലകാലം കൂടി എത്തുകയാണ്. അയ്യനെ കാണാനും അനുഗ്രഹം തേടാനും എത്തുന്ന ഭക്തരെ വരവേൽക്കാൻ പമ്പയും ശബരിമലക്കാടുകളും സന്നിധാനവും മാത്രമല്ല ബിഎസ്എൻഎല്ലും (BSNL) തയാറെടുത്തുകഴിഞ്ഞു. തീർഥാടകർക്ക് ഈ വർഷം ശബരിമലയിൽ സൗജന്യ വൈഫൈ കണക്ടിവിറ്റി ബിഎസ്എൻഎൽ ഉറപ്പാക്കിക്കഴിഞ്ഞു. ഇതിനായി പ്രധാന കേന്ദ്രങ്ങളായ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായി ഇന്റർനെറ്റ് കിട്ടുന്ന വൈഫൈ ഹോട്ട് സ്‌പോട്ടുകൾ ബിഎസ്എൻഎൽ സജ്ജമാക്കിയിരിക്കുന്നു. തിരുവിതാകംകൂർ ദേവസ്വംബോർഡുമായി ചേർന്നുകൊണ്ടാണ് ബിഎസ്എൻഎൽ അയ്യപ്പ ഭക്തന്മാർക്കായി ഈ സൗജന്യ വൈഫൈ സേവനം ഒരുക്കിയിരിക്കുന്നത്.
ബിഎസ്എൻഎൽ സൗജന്യ വൈഫൈയിലേക്ക് എങ്ങനെ കണക്ട് ചെയ്യാം: ഫോണിൽ വൈഫൈ ഓൺ ആക്കി ലഭ്യമായ നെറ്റ്വർക്ക് സെർച്ച് ചെയ്യുമ്പോൾ ബിഎസ്എൻഎൽ വൈഫൈ എന്നത് കാണാനാകും. ഇത് സെലക്ട് ചെയ്യുമ്പോൾ കണക്ട് ചെയ്യാനായി മൊബൈൽ നമ്പർ നൽകുമ്പോൾ ഒടിപി വരും. ഇത് നൽകിയാൽ വൈഫൈ കണക്ട് ആകും.

അരമണിക്കൂർ നേരത്തേക്കാണ് ഈ ബിഎസ്എൻഎൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാനാകുക. ഈ സമയപരിധി കഴിഞ്ഞും നെറ്റ് വേണമെങ്കിൽ നിശ്ചിത തുക നൽകി റീച്ചാർജ് ചെയ്താൽ ഉപയോഗം തുടരാൻ സാധിക്കും. പമ്പയിലും നിലയ്ക്കലും എല്ലായിടത്തും സന്നിധാനത്ത് ശരംകുത്തി മുതലുമായിരിക്കും ബിഎസ്എൻഎല്ലിന്റെ ഈ സൗജന്യ വൈഫൈ കിട്ടുക.
വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിച്ച് ഇന്ത്യയിലെവിടെയും ഡാറ്റ ലഭ്യമാക്കുന്ന ബിഎസ്എൻഎല്ലിന്റെ ദേശീയ വൈഫൈ റോമിംഗ് സേവനവും ഇത്തവണ ശബരിമലയിലെ മൂന്ന് ഇടങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ ഉപയോക്താക്കൾ http://portal.bnsl.in/ftth/wifiroaming- എന്ന പോർട്ടലിലോ, ബിഎസ്എൻഎൽ വൈഫൈ റോമിങ് എന്ന വൈഫൈ പോയിന്റിലോ രജിസ്റ്റർചെയ്യണം.

ബിഎസ്എൻഎൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാഷണൽ വൈഫൈ റോമിംഗ് സേവനം ആരംഭിച്ചത്. ഇന്ത്യയിലെ മറ്റൊരു ഇന്റർനെറ്റ് സേവന ദാതാവും ഇത്തരമൊരു സൗകര്യം തങ്ങളുടെ വരിക്കാർക്ക് നൽകിയിട്ടില്ല, ഈ സൗകര്യമുള്ളത് ബിഎസ്എൻഎല്ലിന് മാത്രമാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ
ഇന്ത്യയിലെ ഏത് ഗ്രാമത്തിൽപ്പോയാലും ഉപയോക്താക്കൾക്ക് അവരുടെ വീട്ട് കണക്ഷൻ ഉപയോഗിച്ച് ഡാറ്റ ലഭ്യമാകും എന്ന് ബിഎസ്എൻഎൽ പറയുന്നു.
ശബരിമലയിലെ തീർഥാടകർക്ക് ആവശ്യമായ മൊബൈൽ കവറേജ് ഉറപ്പാക്കാനും ബിഎസ്എൻഎൽ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് ബിഎസ്എൻഎൽ അധികൃതർ പറയുന്നു. ബിഎസ്എൻഎല്ലിന്റെ ഈ നടപടി തീർഥാടകർക്ക് ഏറെ ആശ്വാസമാകും എന്നാണ് കരുതപ്പെടുന്നത്. വൻ തിരക്കിനിടയിപ്പെട്ട് കൂട്ടം തെറ്റുമ്പോഴും മറ്റും സുരക്ഷിതമായി ഒത്തുചേരാനും ഇത് തീർഥാടകരെ സഹായിക്കും.
അതേസമയം, രാജ്യവ്യാപകമായി 4ജി സേവനം ആരംഭിക്കുന്നതിനുള്ള നടപടികളും ബിഎസ്എൻഎൽ അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ലക്ഷ്യമിട്ട ഒരുലക്ഷം 4ജി സൈറ്റുകളിൽ പാതി ദൂരം ബിഎസ്എൻഎൽ പിന്നിട്ടതായി ദീപാവലി ദിനത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ശേഷിക്കുന്ന പ്രദേശങ്ങളിലും എത്രയും വേഗം 4ജി എത്തിക്കാൻ ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നു.

ജിയോ, എയർടെൽ, വിഐ എന്നീ എതിരാളികളോട് മത്സരിക്കണമെങ്കിൽ ബിഎസ്എൻഎല്ലിന് 4ജി അനിവാര്യമാണ്. ഇതിൽ ജിയോയും എയർടെലും 5ജി വ്യാപനം വരെ പൂർത്തിയാക്കാറായി, വിഐ ഉടൻ 5ജി വ്യാപനം ആരംഭിക്കും എന്ന് അറിയിച്ചിട്ടുമുണ്ട്. 4ജി വ്യാപനം 2025 മാർച്ചിൽ പൂർത്തിയാക്കി, ജൂൺ -ജൂലൈ മാസത്തോടെ 5ജി ആരംഭിക്കാനുള്ള ശ്രമം ബിഎസ്എൻഎല്ലും നടത്തുന്നുണ്ട്.
നിലവിൽ തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ആണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. 5ജി സാങ്കേതികവിദ്യയും അങ്ങനെ തന്നെയാണ്. 4ജി വ്യാപനം പൂർത്തിയായാലുടൻ അതിവേഗം 5ജിയിലേക്ക് മാറാൻ കഴിയും വിധമാണ് 4ജി വ്യാപനം രൂപകൽപ്പന ചെയ്ത് നടപ്പാക്കി വരുന്നത് എന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. അതിനാൽ അടുത്ത വർഷം പകുതിയോടെ ബിഎസ്എൻഎൽ 5ജി ലഭ്യമായിത്തുടങ്ങിയേക്കാം.


Click it and Unblock the Notifications








