സാധാരണക്കാരേ, ആദ്യമായൊരു 5G ഫോൺ വാങ്ങണോ എങ്കിലത് ഐക്യൂ Z9 ലൈറ്റ് 5G തന്നെയാകാം! ഡിസ്കൗണ്ട് വേണ്ടേ വേണ്ട
സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുമായി ആമസോണിൽ പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ പ്രൈം ഡേ സെയിലിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് മാത്രമാണ്. നിരവധി പുതിയ സ്മാർട്ട്ഫോണുകൾ ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആദ്യമായി വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. അത്തരത്തിൽ ആദ്യമായി ഇന്ത്യൻ വിപണിയിൽ ഇന്ന് വിൽപ്പന ആരംഭിക്കുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z9 ലൈറ്റ് 5ജി (iQOO Z9 Lite 5G). ജൂലൈ 15ന് ആണ് ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എങ്കിലും ഇതിന്റെ ആദ്യ വിൽപ്പന തുടങ്ങുന്നത് ഇപ്പോൾ മാത്രമാണ്.
ആമസോൺ പ്രൈം ഡേ സെയിലിൽ ഡിസ്കൗണ്ടുകൾ ധാരാളം ലഭ്യമാണെങ്കിലും വില ഉയരുന്നത് അനുസരിച്ചാണ് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ബജറ്റ് വിലയിൽ എത്തുന്ന 5ജി സ്മാർട്ട്ഫോണുകൾക്ക് കാര്യമായ ഡിസ്കൗണ്ട് പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഡിസ്കൗണ്ടുകളുടെ കാര്യമായ പിൻബലമില്ലാതെയും വാങ്ങാം എന്നതാണ് ഐക്യൂ Z9 ലൈറ്റ് 5ജിയുടെ പ്രത്യേകത.

അതായത് മറ്റ് ബ്രാൻഡുകളുടെ ബജറ്റ് വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകളുടെ 4ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങണമെങ്കിൽ, ഡിസ്കൗണ്ട് കൂട്ടിയാലും കുറഞ്ഞത് 12999 രൂപയെങ്കിലും നൽകണം. എന്നാൽ അതിനെക്കാൾ കുറഞ്ഞ വിലയിൽ അതിനെക്കാൾ കൂടിയ കോൺഫിഗറേഷനുള്ള ഈ ഐക്യൂ Z9 ലൈറ്റ് 5ജി സ്വന്തമാക്കാനാകും.
ഐക്യൂ Z9 ലൈറ്റ് 5ജിയുടെ 4GB + 128GB മോഡലിന് 10,499 രൂപയും 6GB + 128GB മോഡലിന് 11,499 രൂപയും ആണ് വില. ICICI/ HDFC ബാങ്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ അടിസ്ഥാന മോഡൽ 9999 രൂപയ്ക്കും ഉയർന്ന വേരിയന്റ് 10999 രൂപയ്ക്കും സ്വന്തമാക്കാനാകും.
ഡിസ്കൗണ്ട് സ്വന്തമാക്കാൻ ബാങ്ക് കാർഡ് ഇല്ല എങ്കിലും വിഷമിക്കേണ്ടതില്ല. നേരിട്ട് 11,499 രൂപ നൽകി 6ജിബി റാം+ 128ജിബി സ്റ്റോറേജ് വാങ്ങിയാലും അത് നഷ്ടമില്ല. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം ഈ ബജറ്റ് 5ജി ഫോൺ നൽകുന്നുണ്ട്. ഐക്യുവിന്റെ ഇന്ത്യയിലെ ആദ്യത്തെ എൻട്രി ലെവൽ സ്‌മാർട്ട്‌ഫോൺ എന്ന പ്രത്യേകത ഐക്യൂ Z9 ലൈറ്റ് 5ജിക്കുണ്ട്.

വില താരതമ്യേന കുറവായതിനാൽ തന്നെ 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നിരവധി സാധാരണക്കാരെ 5ജി സ്മാർട്ട്ഫോണുകളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ ഈ ഐക്യൂ സ്മാർട്ട്ഫോണിന് കഴിയും. 4ജി ഫോൺ ഉപയോഗിക്കുന്നവർക്കും ഫീച്ചർ ഫോണുകളിൽ നിന്ന് 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് ഐക്യൂ Z9 ലൈറ്റ് 5ജി.
ഐക്യൂ Z9 ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. Arm മാലി-G57 MC2 ജിപിയുവും 4GB/ 6GB LPDDR4x റാം, 128GB eMMC 5.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. 6ജിബി റാമിനൊപ്പം 6ജിബി വെർച്വൽ റാമും ഈ ഫോണിലുണ്ട്. അതിനാൽ പെർഫോമൻസ് അത്ര മോശമാകില്ല എന്ന് ഉറപ്പിക്കാനാകും.
മൈക്രോ എസ്ഡി ഉപയോഗിച്ച് ഈ ഫോണിന്റെ സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനാകും. 6.56 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ 20:9 LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 840 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഫൺടച്ച്ഒഎസ് 14ലാണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ നൽകിയിരിക്കുന്നത്. എഫ്/1.8 അപ്പേർച്ചർ, സോണി സെൻസർ എന്നിവയുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ എന്നിവ ഇതിലടങ്ങുന്നു. ഒപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 8MP ക്യാമറയാണ് ഉള്ളത്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, യുഎസ്ബി ടൈപ്പ്-സി, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്,
IP64 റേറ്റിങ് എന്നിവ ഇതിലുണ്ട്.
15W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും ഐക്യൂ Z9 ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നു. അക്വാ ഫ്ലോ, മോച്ച ബ്രൗൺ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. ആമസോണിന് പുറമേ, ഐക്യൂ ഇന്ത്യ ഇ-സ്റ്റോർ വഴിയും ഐക്യൂ Z9 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








