3 മാസം സമയം നൽകും, അതിനുള്ളിൽ എല്ലാ സ്മാർട്ട്ഫോണുകളിലും ഈ സർക്കാർ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം: കേന്ദ്രം
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും സഞ്ചാർ സാഥി (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ (preinstall) ചെയ്യണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) സ്മാർട്ട്ഫോൺ കമ്പനികളോട് ആവശ്യപ്പെട്ടതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2025 നവംബർ 28 ന് പുറത്തിറക്കിയ നിർദ്ദേശം അനുസരിച്ച്, ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് നടപ്പിലാക്കാൻ കമ്പനികൾക്ക് ആകെ 90 ദിവസമോ മൂന്ന് മാസമോ സമയമുണ്ട്. ഉപയോക്താക്കൾക്ക് ഈ ആപ്ലിക്കേഷൻ ഫോണിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകില്ല എന്നാണ് സൂചന.
ഉപയോക്താക്കളുടെ സ്മാർട്ട്ഫോൺ സുരക്ഷിതമാക്കുന്നതിനും അവരെ തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ആപ്പ് ആണ് സഞ്ചാർ സാഥി. ഫോണുകളുടെ IMEI അടിസ്ഥാനമാക്കി ഇന്ത്യയിലെവിടെയും നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സഞ്ചാർ സാഥി ആപ്പ് ഉപയോഗിക്കാനാകും. ഒക്ടോബറിൽ മാത്രം 50,000-ത്തിലധികം ഫോണുകൾ ഈ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ കണ്ടെടുത്തിരുന്നു.

ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി (IMEI) എന്നത് ഓരോ ഫോണിനെയും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു സവിശേഷ 15 അക്ക കോഡാണ്, ഇത് മൊബൈൽ നെറ്റ്‌വർക്കുകളെ ഉപകരണങ്ങൾ ഡിവൈസുകൾ തിരിച്ചറിയാനും ആധികാരികമാക്കാനും സഹായിക്കുന്നു. ഈ ഐഎംഇഐ നമ്പർ ഉപയോഗിച്ച് മോഷ്ടിച്ചതോ നഷ്ടപ്പെട്ടതോ ആയ ഫോണുകൾ കണ്ടെത്തുന്നതിൽ പോലീസിനെ സഹായിക്കാൻ സഞ്ചാർ സാഥി ആപ്പിന് കഴിയും.
ഫോൺ കണ്ടെത്തൽ മാത്രമല്ല, നമ്മുടെ ആധാർ കാർഡ് ഉപയോഗിച്ച് എത്ര സിം കാർഡ് എടുത്തിട്ടുണ്ട് എന്നത് അടക്കമുള്ള വിവരങ്ങൾ അറിയാൻ സഞ്ചാർ സാഥി ആപ്പിൽ സാധിക്കും. കൂടാതെ തട്ടിപ്പ് കോളുകളും മെസേജുകളും തടയാനും ഈ ആപ്പ് സഹായിക്കും. ഇത്തരം വ്യാജ കോളുകളും എസ്എംഎസുകളും മറ്റും റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഈ ആപ്പിൽ ഉണ്ട്.
സ്മാർട്ട്ഫോൺ കമ്പനികൾ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഡിവൈസുകളിലും 'സഞ്ചാർ സാഥി' ആപ്പ് പ്രീഇൻസ്റ്റാൾ ചെയ്യണമെന്നും ആപ്ലിക്കേഷൻ ലഭ്യമാക്കിയിരിക്കുന്ന ഫോണുകളിൽ ഇതിനകം തന്നെ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നൽകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശം പാലിക്കാൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് മൂന്ന് മാസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്.
ആപ്പിൾ, സാംസങ്, ഷവോമി, ഓപ്പോ, വിവോ തുടങ്ങി ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിൽക്കുന്ന എല്ലാ ബ്രാൻഡുകൾക്കും ഈ നിർദേശം ബാധകമാണ്. എന്നാൽ ഏതെങ്കിലും തേർഡ്പാർട്ടി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാൻ ആപ്പിളിന്റെ നയം അനുവദിക്കുന്നില്ല. അതിനാൽ ഈ സർക്കാർ നിർദേശത്തോടുള്ള ആപ്പിളിന്റെ പ്രതികരണം എന്തായിരിക്കും എന്ന് സ്മാർട്ട്ഫോൺ വിപണി ഉറ്റുനോക്കുന്നു.
ഇതിനകം വിൽപ്പന ആരംഭിച്ച സ്മാർട്ട്ഫോണുകളിൽ സോഫ്ട്വെയർ അപ്ഡേറ്റിലൂടെ പുതിയ ആപ്പ് എത്തിക്കണം എന്ന നിർദേശവുമുണ്ട്. നിലവിൽ ഉപയോക്താക്കൾക്ക് വേണമെങ്കിൽ ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പ് സ്റ്റോറുകളിൽ നിന്ന് സഞ്ചാർ സാഥി ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. എന്നാൽ പലരും ഇത് ഉപയോഗിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഈ സുരക്ഷാ ആപ്പ് എല്ലാവരിലേക്കും എത്തിക്കാനും അതുവഴി സ്മാർട്ട്ഫോൺ മോഷണം അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നിർബന്ധിത പ്രീ ഇൻസ്റ്റാളേഷൻ വഴിയൊരുക്കിയേക്കും.
വിവിധ സർക്കാരുകളിൽ നിന്നുള്ള സമാനമായ നിർദേശങ്ങൾ ആപ്പിൾ മുമ്പ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ പുതിയ നിർദേശത്തോട് ആപ്പിൾ എങ്ങനെ പ്രതികരിക്കും എന്നത് അറിയാൻ ആകാംക്ഷ കൂടുതലാണ്. ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഇല്ലാതെ ആപ്ലിക്കേഷനുകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കരുത് എന്ന് കഴിഞ്ഞ ആഴ്ച, വാട്സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം പോലുള്ള കമ്പനികൾക്ക് സർക്കാർ നൽകിയ നിർദേശം ചർച്ചയായിരിക്കുന്നതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.


Click it and Unblock the Notifications








