ഐഫോൺ വിലക്കി ചൈന! സർക്കാർ ഓഫീസുകളിൽ കൊണ്ടുവരികയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശം
ഐഫോണിന്റെ അമ്മവീടായാണ് ചൈന അറിയപ്പെടുന്നത്. ആപ്പിൾ വിൽക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ചൈനയിലാണ് നിർമിക്കപ്പെടുന്നത്. ചൈനയുടെ വരുമാനത്തിൽ കാര്യമായ സംഭാവന നൽകാൻ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ പ്രോഡക്ടുകളുടെ നിർമാണം സഹായിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആപ്പിളിന് വൻ തിരിച്ചടിയാകുന്ന ഒരു തീരുമാനം ഇപ്പോൾ നടപ്പാക്കിയിരിക്കുകയാണ് ചൈന.
ഇനിമുതൽ സർക്കാർ ഓഫീസുകളിൽ ഐഫോണുകൾ ഉപയോഗിക്കുകയോ കൊണ്ടുവരികയോ ചെയ്യരുതെന്ന് ചൈന കേന്ദ്രസർക്കാർ ജീവനക്കാർക്ക് കർശന നിർദേശം നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് വകുപ്പ് മേധാവികൾക്ക് ഓഡർ നൽകിയതെന്നും ഈ നിരോധനം ഇപ്പോൾ താഴേത്തട്ടിലേക്ക് അറിയിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആപ്പിളിന്റെ മാത്രമല്ല, ഒരു വിദേശ ബ്രാൻഡുകളുടെയും സ്മാർട്ട്ഫോണുകൾ സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കാൻ പാടില്ല എന്നാണ് നിർദേശം. അടുത്ത ആഴ്ച ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് നടക്കാനിരിക്കെയാണ് നിരോധന വാർത്തയും പുറത്തുവന്നിരിക്കുന്നത്. ഐഫോണിന്റെ ഏറ്റവും പ്രധാന വിപണികളിൽ ഒന്നുകൂടിയാണ് ചൈന.
ആപ്പിളിന്റെ വരുമാനത്തിന്റെ അഞ്ചിലൊരു ഭാഗം ചൈനയുടെ സംഭാവനയാണ്. ആ നിലയ്ക്ക് ചൈനയുടെ ഐഫോൺ വിലക്ക് ആപ്പിളിന് കനത്ത തിരിച്ചടിയാണ് നൽകുക. അമേരിക്കയുമായുള്ള ചൈനയുടെ തർക്കങ്ങളാണ് ഇത്തരമൊരു വിലക്കിന്റെ മൂല കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി ആപ്പിൾ ശ്രമിച്ചുവന്ന പശ്ചാത്തലവും ഈ നിരോധനത്തോട് ചേർത്ത് വായിക്കാവുന്നതാണ്.
വിദേശ ബ്രാൻഡുകളുടെ എല്ലാം ഉപയോഗം വിലക്കിയെന്നാണ് റിപ്പോർട്ടെങ്കിലും ഐഫോൺ ഒഴികെ വേറെ ഏതെങ്കിലും ബ്രാൻഡിന്റെ പേര് വാൾസ്ട്രീറ്റ് ജേണൽ പരാമർശിച്ചിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ആപ്പിളിന്റെയും ചൈനയുടെയും സ്റ്റേറ്റ് കൗൺസിൽ ഇൻഫർമേഷൻ ഓഫീസ്, വിലക്ക് വാർത്ത സംബന്ധിച്ച റോയിട്ടേഴ്സിന്റെ ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്തകാലത്തായി ചൈന ഡാറ്റ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും കമ്പനികൾക്കായി പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർ നടപടികളായും ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നുണ്ട്. അമേരിക്കയുമായുള്ള മത്സരവും അമേരിക്ക സർക്കാർ രഹസ്യങ്ങൾ ചോർത്തുമോ എന്ന ഭയവും ആകാം ഇത്തരം ഒരു വിലക്ക് പ്രഖ്യാപിക്കാൻ ചൈനയെ പ്രേരിപ്പിച്ചത് എന്ന് കരുതപ്പെടുന്നു.
അമേരിക്കയുമായുള്ള മത്സരത്തിൽ മുന്നേറുന്നതിനായി, സാങ്കേതികവിദ്യയിൽ സ്വയം പര്യാപ്തത നേടാനും തങ്ങളുടെ സംഭാവന വർധിപ്പിക്കാനും കഴിഞ്ഞ മേയിൽ സർക്കാർ വൻകിട ചൈനീസ് സംരംങ്ങളോട് അഭ്യർഥിച്ചിരുന്നു. ചിപ്പ് നിർമാണത്തിൽ തങ്ങൾക്കുള്ള മേൽക്കൈ നിലനിർത്താൻ ചൈന ആഗ്രഹിക്കുന്നു. എന്നാൽ ചൈനയുടെ ചിപ്പ് നിർമാണത്തിന് തുരങ്കം വയ്ക്കുന്ന വിധത്തിൽ അമേരിക്ക നടത്തിയ ചില നീക്കങ്ങൾ ചൈനയെ ചൊടിപ്പിച്ചിരുന്നു.

ചൈനയിലേക്ക് ഹൈടെക് മൈക്രോചിപ്പുകൾ കയറ്റുമതി ചെയ്യുന്നത് അമേരിക്ക വിലക്കിയത് ചൈനയെ ഏറെ പ്രകോപിപ്പിച്ചു. തുടർന്ന് സെമികണ്ടക്ടർ വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഗാലിയം, ജെർമേനിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇനി സർക്കാർ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന് ചൈന ഉത്തരവിട്ടു. സ്വന്തം നിലയിൽ ചിപ്പ് നിർമാണ രംഗത്ത് മുന്നേറാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നീക്കങ്ങൾക്ക് ഇത് തിരിച്ചടിയായി.
റെയ്ഡുകളും കർശന നിയമങ്ങളും മൂലം ചൈനയിൽ നിക്ഷേപം നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് യുഎസ് കമ്പനികൾ തന്നോട് പരാതി പറഞ്ഞതായി അടുത്തിടെ ചൈനയിൽ സന്ദർശനം നടത്തിയ യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞിരുന്നു. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിൽ നിലനിൽക്കുന്ന പിരിമുറുക്കവും മത്സരവും വ്യവസായ മേഖലയിലേക്കും വ്യാപിക്കുന്നു എന്നാണ് പുതിയ തീരുമാനം സൂചിപ്പിക്കുന്നത്.
ഐഫോണുകൾക്ക് ചൈനയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അമേരിക്കയിൽ ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹുവാവേയ്‌ക്കും ചൈനയുടെ ബൈറ്റ്‌ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനുമെതിരെയുള്ള നിയന്ത്രണങ്ങളെയും പ്രതിഫലിപ്പിക്കുന്നുണ്ട്. ചൈനയുടെ ഐഫോൺ നിരോധനത്തോട് ആപ്പിളും അമേരിക്കയും ഏത് വിധത്തിൽ പ്രതികരിക്കും എന്നാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications