സ്‌പൈസ് എംഐ 425 Vs കാര്‍ബണ്‍ എ9

Posted By: Super

സ്‌പൈസ് എംഐ 425 Vs കാര്‍ബണ്‍ എ9

സ്മാര്‍ട്‌ഫോണുകള്‍ തെരഞ്ഞെടുക്കാന്‍ ഏറ്റവും അനുകൂലമായ വിപണിയാണ് ഇന്ത്യ. കാരണം ഈ രംഗത്ത് അന്താരാഷ്ട്ര കമ്പനികള്‍ക്കൊപ്പം തന്നെ അവയോട് മത്സരിക്കാന്‍ ശേഷിയുള്ള പ്രാദേശിക കമ്പനികളും രാജ്യത്തുണ്ട്. ബഹുരാഷ്ട്രകമ്പനികള്‍ ഇറക്കുന്നതിനേക്കാള്‍ കൂടുതല്‍ മോഡലുകള്‍ ഇടവിട്ട് ഇറക്കുന്ന ഇത്തരം പ്രാദേശിക കമ്പനികളുടെ ഉത്പന്നങ്ങള്‍ സവിശേഷതകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ വിലക്കുറവിലും ശ്രദ്ധിക്കപ്പെടുന്നവയാണ്. സ്‌പൈസ്, കാര്‍ബണ്‍, മൈക്രോമാക്‌സ്, ലാവ തുടങ്ങി ഇന്ത്യന്‍ കമ്പനികള്‍ സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് വിപണികളില്‍ തിളങ്ങുകയാണിപ്പോള്‍.

വിലക്കുറവും സവിശേഷതകളുമായി പരസ്പരം മത്സരിക്കുന്ന ഇവയില്‍ കാര്‍ബണ്‍, സ്‌പൈസ് കമ്പനികളുടെ ഓരോ സ്മാര്‍ട്‌ഫോണ്‍ ഉത്പന്നങ്ങളെ ഒന്ന് താരതമ്യം ചെയ്യാവുന്നതാണ്. സ്‌പൈസ് എംഐ 425, കാര്‍ബണ്‍ എ9 എന്നിവയെയാണ് ഇവിടെ താരതമ്യം ചെയ്യുന്നത്. അവയുടെ പോരായ്മയും മികവും കണ്ടെത്തി അതില്‍ നിങ്ങള്‍ക്കിണങ്ങുന്ന സ്മാര്‍ട്‌ഫോണുണ്ടോ എന്ന് നോക്കൂ...

ഡിസ്‌പ്ലെ:

സ്‌പൈസ് എംഐ 425ന്റെ ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലെ 4 ഇഞ്ചാണ്. 800x480പിക്‌സലാണ് ഇതിന്റെ റെസലൂഷന്‍. അതേ സമയം കാര്‍ബണ്‍ എ9 ഇതേ പിക്‌സല്‍ റെസലൂഷനുള്ള 3.8 ഇഞ്ച് സ്‌ക്രീനാണ് ഉള്‍ക്കൊള്ളുന്നത്.

സിപിയു, റാം:

രണ്ട് സ്മാര്‍ട്‌ഫോണുകളുടേയും സിപിയു, റാം സൗകര്യങ്ങള്‍ തുല്യമാണ്. 1 ജിഗാഹെര്‍ട്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഇവയില്‍ 512 എംബി റാമാണ് ഉള്ളത്. അതിനാല്‍ ഈ താരതമ്യത്തില്‍ ഇവ തുല്യസ്ഥാനത്തുനില്‍ക്കുന്നു.

സ്റ്റോറേജ് ശേഷി:

32ജിബി വരെ മെമ്മറി വിപുലപ്പെടുത്താവുന്ന കാര്‍ബണ്‍ എ9നും സ്‌പൈസ് എംഐ 425നും ബില്‍റ്റ് ഇന്‍ സ്റ്റോറേജിന്റെ കാര്യത്തില്‍ വ്യത്യാസം ഉണ്ട്. സ്‌പൈസ് എംഐ 425 140എംബി സ്റ്റോറേജിലെത്തുമ്പോള്‍ 512 എംബി സ്‌റ്റോറേജുമായി മുന്നില്‍ നില്‍ക്കുന്നത് കാര്‍ബണ്‍ എ9 ആണ്.

ക്യാമറ:

സാധാരണ മൊബൈല്‍ ഫോണില്‍ തുടങ്ങി സ്മാര്‍ട്‌ഫോണിനും ടാബ്‌ലറ്റിലും സാധാരണ ഉപയോക്താക്കള്‍ പ്രധാനമായും പരിഗണിക്കുന്ന ഒരു ഘടകമാണ് ക്യാമറ. ഇവിടെ ക്യാമറയുടെ കാര്യത്തില്‍ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ തമ്മിലും മത്സരം ഇല്ല. 5 മെഗാപിക്‌സലാണ് ഇരുമോഡലുകളും ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ വീഡിയോചാറ്റിനും മറ്റും ഇണങ്ങുന്ന ഒരു ഫ്രന്റ് ക്യാമറയും ഇവ രണ്ടിലും ഉണ്ട്.

ബാറ്ററി:

സ്മാര്‍ട്‌ഫോണിന്റെ പെര്‍ഫോമന്‍സ് പരിശോധിക്കുമ്പോള്‍ ബാറ്ററിയേയും പരിഗണിക്കണം. ഇരുമോഡലുകളിലും ഏറെ വ്യത്യാസം കാണുന്നതും ബാറ്ററിയിലാണ്. സ്‌പൈസ് എംഐ 425 2000mAh ലിഥിയം അയണ്‍ ബാറ്ററിയുമായി എത്തുമ്പോള്‍ എ9 1600mAh ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ സ്‌പൈസ് കാര്‍ബണിനേക്കാളും മെച്ചപ്പെട്ടു നില്‍ക്കുന്നു എന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്.

കണക്റ്റിവിറ്റി:

ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി, 3ജി കണക്റ്റിവിറ്റികളാണ് വാഗ്ദാനം ചെയ്യുന്നത്. എ9നും ഇതേ സൗകര്യങ്ങളാണ് ഉള്ളത്.

സോഫ്റ്റ്‌വെയര്‍:

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡിലാണ് ഈ രണ്ട് സ്മാര്‍ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത്. എംഐ 425യ്ക്ക് ഐസിഎസ് അപ്‌ഗ്രേഡ് ഉടന്‍ ലഭിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ മാര്‍ക്ക് കൂടുതല്‍ സ്‌പൈസിനാണ്.

സെന്‍സര്‍, മള്‍ട്ടിടച്ച്, ഡ്യുവല്‍ സിം, എഫ്എം റേഡിയോ ഉള്‍പ്പടെ വിവിധ സൗകര്യങ്ങളിലെത്തുന്ന ഈ രണ്ട് മോഡലുകളുടേയും വിലയാണ് ഇനി നോക്കാനുള്ളത്. സ്‌പൈസ് എംഐ 425 9999 രൂപയ്ക്കും കാര്‍ബണ്‍ എ9 9,100 രൂപയ്ക്കുമാണ് കമ്പനികള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇനി ഇവയുടെ മേല്‍പറഞ്ഞ സവിശേഷതകളേയും വിലയേയും മുന്‍നിര്‍ത്തി നിങ്ങള്‍ക്ക് തീരുമാനിക്കാം മികച്ച മോഡല്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot