വെര്‍ച്യുവില്‍ നിന്ന് നിറപ്പകിട്ടാര്‍ന്ന ആഡംബര കാന്‍ഡി ഫോണ്‍ ശ്രേണികള്‍

Posted By: Super

വെര്‍ച്യുവില്‍ നിന്ന് നിറപ്പകിട്ടാര്‍ന്ന ആഡംബര കാന്‍ഡി ഫോണ്‍ ശ്രേണികള്‍


വെര്‍ച്യുവില്‍ നിന്ന് കണ്‍സ്റ്റലേഷന്‍ കാന്‍ഡി ഫോണ്‍ ശ്രേണികള്‍ എത്തുന്നു. മൂന്ന് ആകര്‍ഷകമായ നിറങ്ങളിലാണ് ഈ കാന്‍ഡി ഫോണ്‍ ശേഖരം എത്തുന്നത്. കാന്‍ഡി മിന്റ് ഗ്രീന്‍, കാന്‍ഡി റാസ്പ്‌ബെറി, കാന്‍ഡി ടാംഗെറിന്‍ എന്നിവയാണവ.

പ്രകൃതിദത്ത രത്‌നക്കല്ലുകള്‍ പതിപ്പിച്ചും ഗുണമേന്മയേറിയ മുതലതൊലി ഉപയോഗിച്ചുമാണ് കാന്‍ഡി ഫോണുകള്‍ എത്തുന്നത്. യുവവനിതകളെയാണ് ഈ ഫോണ്‍ ലക്ഷ്യമിടുന്നത്. ഇതാദ്യമായാണ് വനിതകളെ ലക്ഷ്യമിട്ട് വെര്‍ച്യു ഫോണുകള്‍ അവതരിപ്പിക്കുന്നത്.

കണ്‍സ്റ്റലേഷന്‍ സീരീസ് ഫോണുകള്‍ 2006ലാണ് ആദ്യമായി പുറത്തിറക്കിയത്. ടച്ച് സ്‌ക്രീനുകള്‍ കാര്യമായി അവതരിപ്പിക്കപ്പെടാത്ത സമയമായിരുന്നു അത്. എസ്40 യൂസര്‍ ഇന്റര്‍ഫേസായിരുന്നു അതിലുണ്ടായിരുന്നത്. 2011 ഒക്ടോബറില്‍ സ്മാര്‍ട് ഒഎസ്, ടച്ച് സ്‌ക്രീന്‍ ഉള്‍പ്പടെ മികച്ച സൗകര്യങ്ങളുമായി ഈ ഫോണുകള്‍ പുതുക്കുകയായിരുന്നു.

നോക്കിയ സി7 ഫോണാണ് കണ്‍സ്റ്റലേഷന്‍ സീരീസിലേക്കായി വെര്‍ച്യു തെരഞ്ഞെടുത്തത്. 3.5 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഫോണിന്റേത്. 32 ജിബി ബില്‍റ്റ് ഇന്‍ സ്‌റ്റോറേജ് ഇതിനുണ്ട്. 8 മെഗാപിക്‌സല്‍ റെയര്‍ ക്യാമറ, 720പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയാണ് ഇതിലെ പ്രത്യേകതകള്‍. സി7ന്റെ എല്ലാ സവിശേഷതകളും ഇതിലും ലഭ്യമാണ്.

ഇന്ത്യ, യുഎഇ, ചൈന, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്റ്, ഹോങ്കോങ്, മകാവു, ഉക്രയിന്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ഏറ്റവും പുതിയ കാന്‍ഡി ഫോണുകള്‍ ലഭിക്കും. 4,75,000 രൂപയാണ് ഇതിന് വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot