തൊടേണ്ടതില്ല, വായുവിൽ കൈ ചലിപ്പിച്ചാൽ സ്ക്രീൻ അനുസരിക്കും! ഇത് റിയൽമി നാർസോ 70 പ്രോ 5G
കീപാഡ് ഫോണുകൾ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ടച്ച് സ്ക്രീനുള്ള ഫോണുകൾ പതിയെ എത്തിത്തുടങ്ങിയത്. അന്ന് മൊബൈൽ ഉപയോക്താക്കൾക്ക് അതൊരു അത്ഭുതമായിരുന്നു. എന്നാലിപ്പോൾ ടച്ച് സ്മാർട്ട്ഫോണുകൾ വ്യാപകമാണ്. ടച്ച് ചെയ്യുമ്പോൾ പ്രവർത്തിക്കുന്ന ടിവി ഉൾപ്പെടെയുള്ള സ്ക്രീനുകൾ ധാരാളം. എന്നാൽ ഇപ്പോൾ ടച്ച് സ്ക്രീനും പഴഞ്ചനാകുന്ന കാലം എത്തിയിരിക്കുന്നു.
എയർ ജെസ്ചർ ഫീച്ചർ ഇപ്പോൾ സ്ക്രീനുകളെ പതിയെ കീഴടക്കാൻ തുടങ്ങുകയാണ്. അതിന്റെ ആദ്യ സൂചനകൾ സ്മാർട്ട്ഫോൺ മേഖലയിൽ കണ്ടുവരുന്നുണ്ട്. ഏറ്റവും പുതിയതായി ഇപ്പോൾ റിയൽമിയുടെ വരാൻ പോകുന്ന സ്മാർട്ട്ഫോണായ നാർസോ 70 പ്രോ 5ജിയിലും എയർ ജെസ്ചർ ഫീച്ചർ ഉണ്ടാകും എന്ന് കമ്പനിതന്നെ സ്ഥിരീകരിച്ചിരിക്കുന്നു.

സ്ക്രീനിൽ തൊടാതെ തന്നെ ചില ഫോൺ ഫംഗ്‌ഷനുകൾ നിയന്ത്രിക്കാൻ കഴിയും എന്നതാണ് എയർ ജെസ്ചർ (Air Gesture) ഫീച്ചറിന്റെ പ്രത്യേകത. ഇത് സ്മാർട്ട്ഫോൺ സ്ക്രീനുകളുടെ അടുത്തഘട്ട മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നു. പത്തിലധികം ആംഗ്യ ഓപ്‌ഷനുകൾ ഉപയോഗിച്ച്, ഇത് ആൻഡ്രോയിഡ് ഫോണുകളിൽ നാം ചെയ്യുന്ന സാധാരണ സ്ക്രീൻ ഇടപെടലുകളെ അനുകരിക്കുന്നു.
അതായത് സ്ഥിരമായി നാം സ്ക്രീനിൽ ചെയ്യുന്ന ചില കാര്യങ്ങൾ, ഉദാഹരണത്തിന് വീഡിയോ ലൈക്ക് ചെയ്യുക, സ്ക്രീൻ സ്ക്രാൾ ചെയ്യുക പോലുള്ളവ ഫോണിൽ നേരിട്ട് ടച്ച് ചെയ്യാതെ തന്നെ നിർവഹിക്കാൻ കഴിയും എന്നതാണ് എയർ ജെസ്ചർ ഫീച്ചറിന്റെ പ്രത്യേകത. ഇതിന്റെ സാധ്യതകൾ അനന്തമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉദാഹരണത്തിന് കൈകൾ നനഞ്ഞിരിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കൈകൾ അഴുക്കായിരിക്കുമ്പോഴോ ഫോണിൽ സ്പർശിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നിത്യജീവിതത്തിൽ ഇത്തരം സന്ദർഭങ്ങളിൽ ഫോൺ ഉപയോഗിക്കേണ്ടിവരുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇനി അത്തരം സന്ദർഭങ്ങളിൽ ഈ പുതിയ എയർ ജെസ്ചർ ഫീച്ചർ ഏറെ ഉപകാരപ്പെടും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശാരീരിക സമ്പർക്കമില്ലാതെ ഫോൺ നിയന്ത്രിക്കാൻ സാധിക്കുന്ന ഈ നൂതന സാങ്കേതികവിദ്യ വരാൻ പോകുന്ന റിയൽമി നാർസോ 70 പ്രോ 5ജിയുടെ (realme narzo 70 Pro 5G) പ്രധാന ഫീച്ചറുകളിൽ ഒന്നായിരിക്കും. തേർഡ് പാർട്ടി ആപ്പുകൾക്കൊപ്പവും എയർ ജെസ്ചർ ഉപയോഗിക്കാമെന്ന് റിയൽമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ശാരീരിക സമ്പർക്കത്തിൻ്റെ ആവശ്യകത ഇല്ലാതാക്കി, കൂടുതൽ സൗകര്യപ്രദമായും ഉപയോഗക്ഷമതയോടെയും സ്മാർട്ട്ഫോൺ ഉപയോഗിക്കാനുള്ള അവസരം എയർ ജെസ്ചർ ഫീച്ചർ ഒരുക്കുമെന്നും ഇത് സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ മെച്ചപ്പെടുത്തുമെന്നും റിയൽമി എടുത്തുപറഞ്ഞു. എയർ ജെസ്‌ചർ ഫീച്ചറിന് പുറമെ, ഒഐഎസിനൊപ്പം 50എംപി സോണി IMX890 മെയിൻ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയും നാർസോ 70 പ്രോയിൽ ഉണ്ടാകും.

വരാൻ പോകുന്ന റിയൽമി നാർസോ 70 പ്രോ 5ജിയുടെ മറ്റ് ഫീച്ചറുകളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും വിവിധ ലീക്ക് റിപ്പോർട്ടുകൾ ചില ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഈ ഫോണിനെക്കുറിച്ചുള്ള ഒരു ഏകദേശ ചിത്രം നൽകുന്നു. ഇതിൽ 6.7 ഇഞ്ച് FHD+ 120Hz കർവ്ഡ് AMOLED സ്‌ക്രീൻ ആയിരിക്കും ഉണ്ടാകുക.

അതേപോലെ സ്നാനപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ്, 12 GB വരെ റാം, ആൻഡ്രോയിഡ് 14, 67W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും റിയൽമി നാർസോ 70 പ്രോ 5ജിയിൽ പ്രതീക്ഷിക്കുന്നു. ലോഞ്ചിന് ശേഷം ആമസോൺ, റിയൽമിയുടെ ഔദ്യോഗിക ഓൺലൈൻ- ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








