സ്മാർട്ട്ഫോണുകളിലെ ഒരേയൊരു കിങ് കോങ്! എന്തുകൊണ്ടും കരുത്തൻ, ബാറ്ററി 10,600mAh!
ഫ്ലാഷ് ലൈറ്റ് അടിച്ചാൽ ഒരു പഞ്ചായത്തിൽ മുഴുവൻ വെളിച്ചം കിട്ടുന്ന സ്മാർട്ട്ഫോൺ! അൽപ്പം അതിശയോക്തിപരമായി പറഞ്ഞതാണെങ്കിലും ഏതാണ്ട് ഈ വിശേഷണത്തോട് ചേർന്നുനിൽക്കുന്ന ഫ്ലാഷ്ലൈറ്റും ഇതേപോലെ അതിശയോക്തി കലർന്ന വിശേഷണങ്ങൾക്ക് അർഹമായ മറ്റ് ഒരുപാട് ഫീച്ചറുകളുമായി ഒരു ഉഗ്രൻ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നു.
ക്യൂബോട്ട് കിങ് കോങ് 8(Cubot KingKong 8) ആണ് ഫീച്ചറുകൾകൊണ്ടും പരുക്കൻഭാവംകൊണ്ടും സ്മാർട്ട്ഫോൺ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആ പുത്തൻ സ്മാർട്ട്ഫോൺ. പൊതുവെ നാം കണ്ടുവരുന്ന സ്മാർട്ട്ഫോണുകളിൽനിന്ന് ഏറെ വ്യത്യസ്തമായ ഫോണുകളും വിപണിയിൽ എത്തുന്നുണ്ട്. അത്തരത്തിൽ ചൈനയിൽ നിർമിക്കപ്പെടുന്നതും ഇന്ത്യയിലുൾപ്പെടെ ലഭ്യമാകുന്നതുമായ കിടിലൻ സ്മാർട്ട്ഫോണാണ് ഇത്.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ക്യൂബോട്ടിൽ നിന്നുള്ള ഏറ്റവും പുതിയ റഗ്ഡ് സ്‌മാർട്ട്‌ഫോൺ ആണ് കിങ് കോങ് 8. ഈ പരുക്കൻ സ്മാർട്ട്ഫോൺ ബോഡികൊണ്ട് മാത്രമല്ല, ഉള്ളിലെ ഫീച്ചറുകൾകൊണ്ടും ഏറെ കരുത്തനാണ്. ശരിക്കും ഒരു കിങ് കോങ്ങിനെപ്പോലെ കരുത്തൻ! അതിശക്തമായ ഫ്ലാഷ് ലൈറ്റ് ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്.
ഒരു സ്മാർട്ട്ഫോണിന്റെ ഫ്ലാഷ്ലൈറ്റിന് അത്ര പ്രാധാന്യം നൽകേണ്ടതുണ്ടോ, ഫ്ലാഷ് ലൈറ്റ് കൊണ്ട് എന്തുകാര്യം എന്നൊക്കെ നമുക്ക് തോന്നിയേക്കാം. എന്നാൽ ദുർഘടമായ സാഹചര്യങ്ങളിൽ പോലും പ്രവർത്തിക്കാൻ ശേഷിയോടെ നിർമിക്കപ്പെട്ടിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണിത്. 10,600mAh ബാറ്ററി ആണ് ഇതിലുള്ളത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്രകൾക്കും മറ്റും പോകുന്ന സാഹസികർക്ക് അനുയോജ്യമായ ഒരു സ്മാർട്ട്ഫോൺ ആണ് ഇതെന്ന് പറയാം.

സാഹസികർക്ക് മാത്രമല്ല, ദുർഘടമായ ജോലികളിൽ ഏർപ്പെടുന്നവർക്കും ഈ ഫോൺ ഏറെ പ്രയോജനപ്പെടും. നമ്മുടെ പൊതുവെയുള്ള സ്മാർട്ട്ഫോൺ ഉപയോഗത്തിന് ആവശ്യമില്ലാത്ത നിരവധി ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ട്. നമുക്ക് ആവശ്യമില്ല എന്നുകരുതി ഇതിലെ ഇത്തരം ഫീച്ചറുകൾ അനാവശ്യമായി കാണേണ്ടതില്ല. ഇതൊരു 5ജി സ്മാർട്ട്ഫോൺ അല്ല എന്നതുമാത്രമാണ് ചൂണ്ടിക്കാട്ടാവുന്ന ഏക പോരായ്മ.
പരുക്കൻ രൂപവും ഭാവവും ഒക്കെയുണ്ടെങ്കിലും ഒരു സ്മാർട്ട്ഫോണിൽ വേണ്ട മികച്ച ഫീച്ചറുകളെല്ലാം കിങ് കോങ് 8 ൽ ഉണ്ട്. മാന്യമായ വിലയിൽ ആണ് കമ്പനി ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകളും വിലയും ലഭ്യതയും അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിചയപ്പെടാം.
ക്യൂബോട്ട് കിങ് കോങ് 8 ന്റെ സവിശേഷതകൾ: കരുത്തുറ്റ 10,600mAh ബാറ്ററി തന്നെയാണ് ഈ ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത. രണ്ട് എക്സ്ട്രാ എൽഇഡികൾ വഴി പരമാവധി 6,000 ല്യൂമൻ തെളിച്ചത്തിൽ എത്താൻ കഴിയുന്ന ശക്തമായ ഫ്ലാഷ്‌ലൈറ്റാണ് ഈ ഫോണിന്റെ മറ്റൊരു മികച്ച സവിശേഷത.

ശക്തമായ ബാറ്ററിയുള്ളതിനാൽ 72 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ഈ ഫോൺ പിന്തുണയ്ക്കുന്നു. 65W ഫാസ്റ്റ് ചാർജിങ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. അതിനാൽ പുറത്തായിരിക്കുമ്പോഴും വളരെ വേഗം ചാർജ് ചെയ്യാൻ സാധിക്കും. 20 എംഎം കട്ടിയും 169.9 x 80.2 എംഎം വലിപ്പവുമുണ്ട്. 0.382 കിലോഗ്രാം ആണ് ഭാരം.
പരുക്കൻ രൂപത്തിലെത്തുന്ന കിങ് കോങ് 8 ഒരു സ്‌മാർട്ട്‌ഫോണിലുള്ള എല്ലാ ആധുനിക ഫീച്ചറുകളോടെയുമാണ് എത്തുന്നത്. ഹാർഡി എക്സ്റ്റീരിയറിന് കീഴിൽ, മീഡിയടെക് MT8788V പ്രൊസസറിലാണ് കിങ് കോങ് 8 പ്രവർത്തിക്കുന്നത്. 6GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഉണ്ട് - മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാനാകും. ആൻഡ്രോയിഡ് 13 ആണ് ഒഎസ്.
6.528 ഇഞ്ച് സ്‌ക്രീൻ പഞ്ച് ഹോൾ ഡിസ്പ്ലേ ഡിസൈനിലെത്തുന്നു. 720×1612 പിക്സൽ റെസലൂഷനുമുണ്ട്. IP68, IP69K റേറ്റിങ്ങോടെയാണ് ഈ ഫോൺ എത്തുന്നത്. വീഴ്ചകളിലും തകരാത്ത, വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന കിങ് കോങ് 8 ന്റെ ഉറപ്പ് ഈ റേറ്റിങ് വ്യക്തമാക്കുന്നു. കൂടാതെ ഇതിൽ NFC പിന്തുണയുമുണ്ട്.

മികച്ച ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. 48MP മെയിൻ റിയർ ക്യാമറയ്ക്കൊപ്പം 2MP+ 0.3MP സെൻസറുകളും എത്തുന്നു. 16എംപി സെൽഫി ക്യാമറയും ഉണ്ട്. ബ്ലാക്ക്, ബ്ലാക്ക് ആൻഡ് റെഡ്, ബ്ലാക്ക് ആൻഡ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ എന്നിവയുടെ പിന്തുണയിൽ അതിഗംഭീരമായ നാവിഗേഷൻ ഉറപ്പുനൽകുന്നു.
സാഹസിക യാത്രകളും മറ്റും നടത്താറുള്ളവർക്ക് ഏറ്റവും അനുയോജ്യമായ സ്മാർട്ട്ഫോൺ എന്ന് ക്യൂബോട്ട് കിങ് കോങ് 8 നെ വിശേഷിപ്പിക്കാം. ശരിക്കും ഈ സ്മാർട്ട്ഫോൺ ഒരു കിങ് തന്നെയാണ്, അതേസമയം കിങ് കോങ്ങുമാണ്! ഏകദേശം 19,999 രൂപയാണ് ഈ ഫോണിന്റെ ഇന്ത്യൻ വില. ക്യൂബോട്ടിന്റെ ഔദ്യോഗിക സൈറ്റിൽ ഫോൺ ഇതിനകം ലഭ്യമായിട്ടുണ്ട്. അലിഎക്സ്പ്രസിലൂടെ യൂറോപ്പിലും ലഭ്യമാകും.


Click it and Unblock the Notifications








