Nothing Phone (1): നത്തിങ് ഫോൺ (1) ന് പുതിയ ഒഎസ് അപ്ഡേറ്റ്; പ്രശ്നങ്ങളെല്ലാം പരിഹരിച്ചോ?
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഇക്കോസിസ്റ്റത്തിൽ വളരെ യുണീക്ക് ആയ ഡിസൈനുമായെത്തി അതിന്റേതായ സ്ഥാനം കണ്ടെത്തിയ കമ്പനിയാണ് നത്തിങ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. വൺപ്ലസ് സഹ സ്ഥാപകനായ കാൾ പേയിയുടെ നേതൃത്വത്തിൽ കമ്പനി അവതരിപ്പിച്ച നത്തിങ് ഫോൺ (1) ഏറെ ജനപ്രീതിയും നേടി. നത്തിങ് ഫോൺ (1) ന്റെ ബിൽഡ് ക്വാളിറ്റിയുമായി ബന്ധപ്പെട്ടും സോഫ്റ്റ്വെയറിലും ചില പേരായ്മകൾ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു (Nothing Phone (1)).

പിന്നാലെയെത്തിയ സോഫ്റ്റ്വെയർ അപ്ഡേറ്റിന് ശേഷവും ചില പ്രശ്നങ്ങൾ കണ്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. തുടർന്നാണ് പുതിയ ഒഎസ് അപ്ഡേറ്റ് കമ്പനി പുറത്തിറക്കിയിരിക്കുന്നതെന്നും ശ്രദ്ധിക്കണം. നത്തിങ് ഒഎസ് 1.1.3 അപ്‌ഡേറ്റാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ വന്ന സോഫ്റ്റ്വെയർ അപ്ഡേറ്റിൽ യുഐയിൽ ശ്രദ്ധേയമായ ചില മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു.

നത്തിങ് ഫോൺ (1) ന്റെ ചാർജിങ് പെർഫോമൻസ് മെച്ചപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ പുതിയ അപ്ഡേറ്റിൽ ക്യാമറയുടെ പെർഫോമൻസിൽ ഏറെ മാറ്റങ്ങൾ കമ്പനി കൊണ്ട് വന്നിട്ടുണ്ട്. ഒപ്പം ക്ലീനർ സോഫ്റ്റ്വെയർ എക്സ്പീരിയൻസും പുതിയ ഒഎസ് നൽകുന്നു. നിരവധി നത്തിങ് ഫോൺ (1) ഉപയോക്താക്കൾക്ക് നത്തിങ് ഒഎസ് 1.1.3 അപ്ഡേറ്റ് ലഭിച്ച് തുടങ്ങിയിട്ടും ഉണ്ട്.

നത്തിങ് ഫോൺ (1) ക്യാമറ കേന്ദ്രീകൃത അപ്‌ഡേറ്റ്
64 എംബി സൈസ് ഉണ്ട് നത്തിങ് ഒഎസ് 1.1.3യ്ക്ക്. നത്തിങ് ഫോൺ (1) ന്റെ ക്യാമറ ഡിപ്പാർട്ട്മെന്റിലാണ് പുതിയ അപ്ഡേറ്റ് പ്രധാനമായും മെച്ചപ്പെടുത്തലുകൾ കൊണ്ട് വരുന്നത്. സെൽഫി ക്യാമറയിൽ പകർത്തിയ ചിത്രങ്ങളുടെ ക്ലാരിറ്റി കൂട്ടുന്നത് പുതിയ ഒഎസ് അപ്ഡേറ്റിന്റെ സവിശേഷതകളിൽ ഒന്നാണ്. എച്ച്ഡിആർ ഫോട്ടോ പ്രോസസിങ്, നൈറ്റ് മോഡ് എന്നിവയിലും പുതിയ അപ്ഡേറ്റ് ഇംപ്രൂവ്മെന്റ്സ് കൊണ്ട് വരുന്നു.

കൂടുതൽ റിച്ച് ആയ കളർ സാച്ചുറേഷൻ ഓഫർ ചെയ്യുന്ന അൾട്ര വൈഡ് സെൻസർ നത്തിങ് ഫോൺ (1) ന്റെ സവിശേഷതകളിൽ ഒന്നാണ്. ഈ സെൻസർ ഉപയോഗിച്ച് ക്ലിക്ക് ചെയ്യുന്ന ചിത്രങ്ങൾ കൂടുതൽ ഷാർപ്പ് ആയിട്ടുണ്ട്. സൂം ഇൻ ചെയ്യുമ്പോൾ പോലും നോയ്സ് കുറവാണെന്നതും ശ്രദ്ധേയമായിട്ടുണ്ട്. ഇടയ്ക്കിടെ ലെൻസുകൾ വൃത്തിയാക്കാൻ ഡിവൈസ് നിങ്ങളെ ഓർമ്മിപ്പിക്കും. ഗ്ലിഫ് ലൈറ്റിങ് ഉപയോഗിക്കുമ്പോൾ, ഒപ്റ്റിമൽ കളറിലും ബ്രൈറ്റ്നസിലും ചിത്രങ്ങൾ ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യപ്പെടുമെന്നതും സവിശേഷതയാണ്.

മറ്റ് ഒപ്റ്റിമൈസേഷനുകളും ബഗ് ഫിക്സുകളും
മറ്റ് നിരവധി ഒപ്റ്റിമൈസേഷനുകളും ബഗ് ഫിക്സുകളും നത്തിങ് ഒഎസ് 1.1.3 അപ്‌ഡേറ്റിന് ഒപ്പം വരുന്നു. ഗൂഗിൾ അഡാപ്റ്റീവ് ബാറ്ററി ഫീച്ചർ ഇതിൽ എടുത്ത് പറയേണ്ട ഫീച്ചറുകളിൽ ഒന്നാണ്. ഗൂഗിൾ അഡാപ്റ്റീവ് ബാറ്ററി സൗകര്യം ഉപയോഗിച്ച് നത്തിങ് ഫോൺ (1) ന്റെ ബാറ്ററി ലൈഫ് ഒപ്റ്റിമൈസ് ചെയ്യാൻ സാധിക്കും. തേർഡ് പാർട്ടി ആപ്പുകൾക്കുള്ള ഫിംഗർപ്രിന്റ് വെരിഫിക്കേഷൻ യുഐയും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ചില ആപ്പുകളുടെ സ്ലട്ടറിങിന് കാരണമായ പ്രശ്നങ്ങളും പുതിയ അപ്ഡേറ്റിൽ പരിഹരിച്ചിട്ടുണ്ട്. പ്ലേ സ്റ്റോർ, ട്വിറ്റർ തുടങ്ങിയ ആപ്പുകൾക്കാണ് ഈ സ്ലട്ടറിങ് പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. നത്തിങ് ഒഎസ് 1.1.3 അപ്ഡേറ്റിന്റെ ഔദ്യോഗിക ചേഞ്ച് ലോഗ് അനുസരിച്ചാണ് സ്ലട്ടറിങ് പ്രശ്നങ്ങൾ പരിഹരിച്ച വിവരം മനസിലാക്കാൻ സാധിക്കുന്നത്.

മൊബൈൽ ഹോട്ട്സ്പോട്ടിനുണ്ടായിരുന്ന തകരാറുകളും പുതിയ അപ്ഡേറ്റിലൂടെ പരിഹരിച്ചിട്ടുണ്ട്. ഒപ്പം ഫിംഗർ അൺലോക്ക് ഉപയോഗിക്കുമ്പോഴും നോട്ടിഫിക്കേഷനിൽ ടാപ്പ് ചെയ്യുമ്പോഴും ലോക്ക് സ്ക്രീൻ ക്രാഷ് ചെയ്യുന്ന പ്രശ്നവും ഇപ്പോൾ മാറിയിട്ടുണ്ട്. മറ്റ് സാധാരണ ബഗ് ഫിക്സുകളും യുഐ ഡീറ്റയിലിങിൽ ചെറിയ പരിഷ്കാരങ്ങളും പുതിയ നത്തിങ് ഒഎസ് 1.1.3 അപ്‌ഡേറ്റിൽ ലഭ്യമാണ്.

മറ്റ് സ്മാർട്ട്ഫോണുകളെ പോലെതന്നെ നത്തിങ് ഫോൺ (1) അപ്ഡേറ്റും ഘട്ടം ഘട്ടമായിട്ടാകും പുറത്തിറങ്ങുന്നത്. ഇപ്പോഴും അപ്ഡേറ്റ് ലഭിക്കാത്ത യൂസേഴ്സ് ആശങ്കപ്പെടേണ്ടതില്ലെന്ന് സാരം. നിങ്ങൾക്കും അധികം വൈകാതെ തന്നെ ഒടിഎ നോട്ടിഫിക്കേഷൻ ലഭിക്കുമെന്നുറപ്പാണ്. ഒഎസിലും ക്യാമറയിലും ഉണ്ടായിരുന്ന പ്രശ്നങ്ങൾ എതാണ്ടെല്ലാം പരിഹരിച്ചെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്. ഭാവിയിലും കൂടുതൽ ഒഎസ് അപ്ഡേറ്റുകൾ നത്തിങ് യൂസേഴ്സിന് പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








