എച്ച്ടിസി ഡിസയര്‍ വിസി ഓണ്‍ലൈനില്‍ വില്പനക്കെത്തി

Posted By: Staff

എച്ച്ടിസി ഡിസയര്‍ വിസി ഓണ്‍ലൈനില്‍ വില്പനക്കെത്തി

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി എച്ച്ടിസി പുതുതായി ഇറക്കുന്ന സ്മാര്‍ട്‌ഫോണാണ് എച്ച്ടിസി ഡിസയര്‍ വിസി. റീട്ടെയില്‍ സ്‌റ്റോറുകളില്‍ ഈ ഫോണ്‍ ഇതുവരെ വില്പനക്കെത്തിയിട്ടില്ലെങ്കിലും ഓണ്‍ലൈനില്‍ സ്‌നാപ്ഡീല്‍ വെബ്‌സൈറ്റ് വഴി 21,999 രൂപയ്ക്ക് ഇപ്പോള്‍ ഈ മോഡല്‍ ലഭിക്കും.

ഇരട്ട സിം കാര്‍ഡുകളെ പിന്തുണക്കുന്ന ഈ ഫോണില്‍ ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഉള്‍പ്പെടുന്നത്. സിഡിഎംഎ, ജിഎസ്എം സിം കാര്‍ഡുകള്‍ ഇതില്‍ പ്രവര്‍ത്തിക്കും.

5 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണിന് 4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണുള്ളത്. 4 ജിബിയാണ് ഇന്റേണല്‍ മെമ്മറിയെങ്കിലും മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വിപുലപ്പെടുത്താവുന്നതാണ്.

1 ജിഗാഹെര്‍ട്‌സ് പ്രോസസിംഗ് വേഗതയുള്ള കോര്‍ടക്‌സ് എ5 പ്രോസസര്‍, 1650mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകള്‍. 25 ജിബി ഡ്രോപ് ബോക്‌സ് സ്‌റ്റോറേജും ഈ ഹാന്‍ഡ്‌സെറ്റിനൊപ്പം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ക്ലൗഡ്  അധിഷ്ഠിത ഫയല്‍ ഹോസ്റ്റിംഗ് സേവനമാണ് ഡ്രോപ് ബോക്‌സ്.

ടാറ്റാ ഡോകോമോ വഴിയും എച്ച്ടിസി ഡിസയര്‍ വിസി ലഭിക്കുന്നതാണ്. പുതിയ സിഡിഎംഎ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ഇരട്ട ടോക്ക്‌ടൈം ആണ് ഇത്  വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 1 വര്‍ഷത്തേയ്ക്ക് പ്രതിമാസം 2ജിബി ഇവിഡിഒ (ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ആക്‌സസിന് ഉപയോഗിക്കുന്ന ഒരു തരം ടെലികമ്മ്യൂണിക്കേഷന്‍ മാനദണ്ഡം) ഡാറ്റയും സൗജന്യമായി ലഭിക്കും.

അതേ സമയം പ്രീപെയ്ഡ് സിഡിഎംഎ വരിക്കാര്‍ക്ക് തെരഞ്ഞെടുത്ത റീചാര്‍ജ്ജുകളില്‍ ആദ്യത്തെ 180 ദിവസങ്ങളിലേക്ക് ഇരട്ടി ടോക്ക്‌ടൈമും 1 ജിബി ഇവിഡിഒ ഡാറ്റാ പ്ലാന്‍ (ആറ് മാസത്തേയ്ക്ക്) സൗജന്യമായും ലഭിക്കും.

എച്ച്ടിസി ഇക്കഴിഞ്ഞ ജൂണില്‍ അവതരിപ്പിച്ച മറ്റൊരു സ്മാര്‍ട്‌ഫോണാണ് എച്ച്ടിസി ഡിസയര്‍ വി. ഡ്യുവല്‍ സിം ഫോണാണെങ്കിലും രണ്ട് ജിഎസ്എം സിമ്മുകളെയാണ് ഇത് പിന്തുണക്കുക. 21,999 രൂപയാണ് ഇതിന്റെ വില. ആന്‍ഡ്രോയിഡ് ഐസിഎസ്, 1 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം പ്രോസസര്‍, 4 ഇഞ്ച് ഡബ്ല്യുവിജിഎ ഡിസ്‌പ്ലെ എന്നിവയാണ് ഡിസയര്‍ വിയുടെ പ്രധാന സവിശേഷതകള്‍.

ഡിസയര്‍ വിസിയുടെ എതിരാളിയായി വിപണിയിലുള്ള മറ്റൊരു ഉത്പന്നം സാംസംഗ് ഗാലക്‌സി ഏസ് ഡ്യുവോസ് എസ്സിഎച്ച്-ഐ589 ആണ്. ഇതും സിഡിഎംഎ, ജിഎസ്എം നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഹാന്‍ഡ്‌സെറ്റാണ്.

Please Wait while comments are loading...

Social Counting