മുതിര്‍ന്ന പൗരന്മാര്‍ക്കായി എംപോറിയ ഹാന്‍ഡ്‌സെറ്റുകള്‍

Posted By: Staff

മുതിര്‍ന്ന പൗരന്മാര്‍ക്കായി എംപോറിയ ഹാന്‍ഡ്‌സെറ്റുകള്‍

 

മുതിര്‍ന്ന പൗരന്മാര്‍ക്കും ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുമായി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വരുന്നു. ഓസ്ട്രിയന്‍ കമ്പനിയായ എംപോറിയ ടെലികോം ആണ് ഇതിന് പിന്നില്‍.

ഹാന്‍ഡ്‌സെറ്റ് വിപണി യുവതലമുറയെ മാത്രം ലക്ഷ്യം വെച്ച് നീങ്ങുമ്പോഴാണ് പഴമക്കാരെ മറക്കരുതെന്ന സന്ദേശവുമായി എംപോറിയയുടെ ഹാന്‍ഡ്‌സെറ്റുകള്‍ എത്തുന്നത്.

ഈ ഹാന്‍ഡ്‌സെറ്റുകളില്‍ ഏവരേയും ആകര്‍ഷിക്കുന്ന പ്രത്യേക ഡിസൈനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ബാഹ്യ ഭംഗികളോ ഒന്നും  ചേര്‍ത്തിട്ടില്ല. മാത്രമല്ല, അനാവശ്യവും സങ്കീര്‍ണ്ണവുമായ ബട്ടണുകളും ആപ്ലിക്കേഷനുകളും ഒഴിവാക്കി പ്രായമായവര്‍ക്ക് ഇണങ്ങുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്.

വലിയ അക്ഷരങ്ങളും ബട്ടണുകളുമാണ് ഇതില്‍ കാണാനാകുക. അതിനുപരി പ്രായമായവരില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവ് പോലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പ്രത്യേക കേള്‍വി സഹായികളും കൂടുതല്‍ ലൗഡ് സ്പീക്കറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. സ്‌ക്രീന്‍ ഡിസ്‌പ്ലെ വ്യക്തമായി കാണുന്നതിന് ഉയര്‍ന്ന കോണ്ട്രാസ്റ്റും നല്‍കിയിട്ടുണ്ട്.

കാഴ്ചശക്തിയില്ലാത്തവര്‍ക്കും ഈ ഹാന്‍ഡ്‌സെറ്റ് ഇണങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. ബട്ടണുകള്‍ ക്ലിക് ചെയ്യുമ്പോള്‍ അത് ഏതെല്ലാമാണെന്ന് ശ്ബ്ദത്തിലൂടെ മനസ്സിലാക്കാം. മാത്രമല്ല ഈ ബട്ടണുകളില്‍ പ്രത്യേക കുത്തുകള്‍ (ഡോട്ട്) ചേര്‍ത്തിട്ടുമുണ്ട്. ജിപിഎസ് പിന്തുണയുള്ള എമര്‍ജന്‍സി കോള്‍ ബട്ടണും ഇതില്‍ കാണാം.

പ്രായമായവരില്‍ നടത്തിയ നീണ്ടകാലത്തെ ഗവേഷണങ്ങളുടെ ഭാഗമായാണ് എംപോറിയ ഹാന്‍ഡ്‌സെറ്റ് വികസിപ്പിച്ചെടുത്തത്. വിവിധ വലുപ്പത്തിലും ഫംങ്ഷനിലുമാണ് എംപോറിയയില്‍ നിന്നും ഈ ഹാന്‍ഡ്‌സെറ്റുകള്‍ എത്തുന്നത്.

2010ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് എംപോറിയ ഇത്തരം ഹാന്‍ഡ്‌സെറ്റുകളുമായി ആദ്യം എത്തിയത്. പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ ഇപ്പോള്‍

യൂറോപ്പില്‍ ലഭ്യമാണ്. മെയ് മാസത്തോടെ യുഎസിലേക്കും ഇതെത്തും. എന്നാല്‍ ഇന്ത്യയുള്‍പ്പടെയുള്ള മറ്റ് വിപണികളില്‍ ഇതെന്നെത്തുമെന്ന് വ്യക്തമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot