Nothing: വ്യാജ കത്തും വ്യാജ ബോക്സും, വിവാദങ്ങളിൽ പ്രതികരണവുമായി നത്തിങ് ഇന്ത്യ
വലിയ ഹൈപ്പുകൾക്കും കാത്തിരിപ്പിനും ഒടുവിലാണ് നത്തിങ് ഫോൺ (1) ചൊവ്വാഴ്ച രാജ്യത്ത് ലോഞ്ച് ആയത്. 32,999 രൂപ മുതലുള്ള വിലകളിൽ വിപണിയിൽ എത്തിയ നത്തിങ് ഫോൺ (1)ന് തരക്കേടില്ലാത്ത സ്വീകരണവും ലഭിച്ചു. എന്നാൽ മറ്റൊരു വിവാദവും നത്തിങ് ഫോണിന്റെ അവതരണത്തിനൊപ്പം തലപൊക്കിയിരുന്നു. പിന്നാലെ #boycottnothing", "DearNothing" തുടങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിലും മറ്റും ട്രെൻഡിങ് ആകുകയും ചെയ്തു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിച്ച് പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് Nothing.

കഴിഞ്ഞ ദിവസങ്ങളിൽ ഈ ഹാഷ്ടാഗുകൾ വലിയ രീതിയിൽ ട്രെൻഡിങ് ആയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ടെക് കമ്മ്യൂണിറ്റികളാണ് ഹാഷ്ടാഗുകൾക്കും വൈറൽ പ്രചാരണത്തിനും പിന്നിൽ. നത്തിങ് ഫോൺ (1)ന്റെ വിലയുമായോ സ്പെസിഫിക്കേഷനുകളുമായോ ഡിസൈനുമായോ ബന്ധപ്പെട്ടിട്ടല്ല ഈ ഹാഷ് ടാഗുകളും പ്രചാരണവും ഉടലെടുത്തതും.

എന്തിനാണ് ദക്ഷിണേന്ത്യയിലെ ടെക് കമ്മ്യൂണിറ്റി കാൾ പേയ് നേതൃത്വം നൽകുന്ന, ലണ്ടൻ ആസ്ഥാനമായുള്ള ടെക് ബ്രാൻഡിനെ വിമർശിക്കുന്നതെന്ന് ചിലർക്കെങ്കിലും തോന്നാം. ഒരു ജനപ്രിയ യൂട്യൂബ് ചാനലിന്റെ പ്രാങ്ക് വീഡിയോയിൽ നിന്നാണ് ഈ ഹാഷ്ടാഗുകളും വിമർശനവും ആരംഭിക്കുന്നത്.

തെലുങ്ക് യൂട്യൂബ് ചാനൽ ‘Prasadtechintelugu' ആണ് പ്രാങ്ക് വീഡിയോ പുറത്ത് വിട്ടത്. രാജ്യത്തെ റീജണൽ കണ്ടന്റ് ക്രിയേറ്റേഴ്സിന് നത്തിങ് ഫോൺ (1) റിവ്യൂ യൂണിറ്റുകൾ നൽകുന്നില്ലെന്ന രീതിയിൽ ആയിരുന്നു ചാനൽ വീഡിയോ ചെയ്തത്.

തീർത്തും തമാശയായി ഉദ്ദേശിച്ചാണ് ചാനൽ വീഡിയോ പുറത്ത് വിട്ടത്. യൂട്യൂബർ ഒരു നത്തിങ് ഫോൺ (1) ബോക്സ് അൺബോക്സ് ചെയ്യുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഇത് ഒരു ഒറിജനൽ നത്തിങ് ഫോൺ ബോക്സ് ആയിരുന്നില്ല. യൂട്യൂബർ തന്നെ ഒരു ബോക്സ്, നത്തിങ് ഫോൺ കവർ എന്ന രീതിയിൽ അൺബോക്സ് ചെയ്യുകയായിരുന്നു. തുറന്ന ബോക്സിന് അകത്ത് ഒരു കത്ത് മാത്രമാണ് ഉണ്ടായിരുന്നത്.

കത്തിനുള്ളിൽ നത്തിങ് ബ്രാൻഡ് ഉപയോഗിക്കുന്ന ഡോട്ടഡ് ഫോണ്ടിൽ "ഹായ് പ്രസാദ്, ഈ ഉപകരണം ദക്ഷിണേന്ത്യക്കാർക്കുള്ളതല്ല. നന്ദി." എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. ബോക്സ് എന്ന പോലെ തന്നെ ഈ കത്തും ചാനലിന്റെ ക്രിയേറ്റർ തന്നെ സൃഷ്ടിച്ചതാണ്. നത്തിങിന്റെ ഔദ്യോഗിക പ്രതികരണം ആയിരുന്നില്ല. എന്നാൽ പിന്നീട് നടന്നത് ചാനൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ്.

ചെറിയ സമയത്തിനുള്ളിൽ തന്നെ ആ വ്യാജ കത്തിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോയുടെ പിന്നിലെ ഉദ്ദേശ്യം ആളുകൾ തെറ്റിദ്ധരിക്കുകയും ചെയ്തു. മിക്ക യൂട്യൂബ് ക്രിയേറ്റേഴ്സും കരുതിയത് അത് നത്തിങിൽ നിന്നുമുള്ള ഔദ്യോഗിക ലൈറ്റർ ആണെന്ന് തന്നെയാണ്.

പ്രകോപിതരായ ദക്ഷിണേന്ത്യൻ കണ്ടന്റ് ക്രിയേറ്റേഴ്സ് ബ്രാൻഡിനെതിരെ പ്രചാരണവും ആരംഭിച്ചു. പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ. ‘ബോയ്‌കോട്ട് നത്തിങ്', ‘ഡിയർ നത്തിങ്' തുടങ്ങിയ ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ് ആയി. ഹിന്ദി മാത്രമല്ല രാജ്യത്തെ ഭാഷ തുടങ്ങിയ നിരവധി പ്രതികരണങ്ങളുമായി സംഭവം എല്ലാ സോഷ്യൽ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിച്ചു.

സംഭവം കൈവിട്ട് പോയതോടെ പ്രാങ്ക് വീഡിയോ സൃഷ്ടിച്ച യൂട്യൂബർ ആ വീഡിയോ ഡീലീറ്റ് ചെയ്യുകയും യൂട്യൂബ് ഷോർട്ട്സ് വഴി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. പിന്നാലെയാണ് നത്തിങിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നത്. റിവ്യൂ യൂണിറ്റുകളും മറ്റും ഘട്ടം ഘട്ടമായാണ് നൽകുന്നതെന്നാണ് കമ്പനി പറയുന്നത്.

റോൾ ഔട്ടിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രാദേശിക ഭാഷകളിലെ ജേർണലിസ്റ്റുകൾ അടക്കമുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിന് യൂണിറ്റുകൾ നൽകിയതായും നത്തിങ് വിപിയും ജനറൽ മാനേജരുമായ മനു ശർമ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വിവാദം റിവ്യൂ യൂണിറ്റുകളെക്കുറിച്ച് അല്ലെന്നും പുറത്ത് വന്ന വ്യാജ കത്തിനെക്കുറിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ അടക്കം സൌത്ത് ഇന്ത്യ - നോർത്ത് ഇന്ത്യ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഭാഷ മഹത്വം പറഞ്ഞുള്ള ചേരി തിരിയലുകൾക്കും ഈ പ്രാങ്ക് വീഡിയോ സ്ക്രീൻഷോട്ട് കാരണം ആയിട്ടുണ്ട്. എതാനും യൂട്യൂബർമാർക്ക് റിവ്യൂ യൂണിറ്റുകൾ കിട്ടാത്തത് ഭാഷകൾക്കിടയിലും അത് സംസാരിക്കുന്ന ജനങ്ങൾക്കിടയിലെയും പ്രശ്നമായി വളർത്തിയെടുത്തതാണ് യഥാർഥ പ്രശ്നം.

നത്തിങ് ഫോൺ (1) ആക്സസറികൾ ലോഞ്ച് ചെയ്തു
നത്തിങ് ഫോണിനൊപ്പം യൂസേഴ്സിന് ചാർജർ, പ്രൊട്ടക്ടീവ് കേസ് എന്നിവയൊന്നും ലഭിക്കില്ല. ഇത് കമ്പനി പ്രത്യേകം ലോഞ്ച് ചെയ്തിരിക്കുകയാണ് ഇപ്പോൾ. 45 വാട്ട് ചാർജർ, ക്ലിയർ കേസ്, ടെമ്പേർഡ് ഗ്ലാസ് സ്ക്രീൻ പ്രൊട്ടക്ടർ എന്നിവയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. നത്തിങ് ചാർജറിനും പ്രൊട്ടക്ടീവ് കേസിനും 1,499 രൂപയാണ് വില വരുന്നത്. ടെമ്പേഡ് ഗ്ലാസിന് 999 രൂപയും നൽകണം. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ആക്സസറികൾ വിൽപ്പനയ്ക്ക് എത്തുന്നത്.

നത്തിങ് ഫോൺ (1) 33 വാട്ട് ഫാസ്റ്റ് ചാർജിങിനാണ് സപ്പോർട്ട് നൽകുന്നത്. കമ്പനി 45 വാട്ട് ഫാസ്റ്റ് ചാർജർ വിപണിയിൽ എത്തിക്കുകയും ചെയ്തിരിക്കുന്നു. ഇത് കൂടുതൽ പവർ നൽകുമെന്നാണ് അവകാശ വാദം. അനുയോജ്യമായ ലാപ്ടോപ്പുകളും ഈ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്. പോളി കാർബണേറ്റ് കേസ് കറുപ്പ്, ക്ലിയർ എന്നീ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. ടെമ്പേഡ് ഗ്ലാസ് സ്ക്രാച്ച് ആൻഡ് ഡ്രോപ്പ് റെസിസ്റ്റന്റ് ആണ്. സ്ക്രീനിൽ വിരലടയാളം പതിയുന്നത് കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.


Click it and Unblock the Notifications








