കേട്ടത് സത്യമാണ്! ഐക്യൂ 15 അൾട്ര ലോഞ്ച് ഉടൻ; ഇത് ഐക്യുവിന്റെ ആദ്യ അൾട്ര മോഡൽ
ഐക്യൂ ഒരു പുതിയ അൾട്ര മോഡൽ പുറത്തിറക്കാൻ പോകുന്നതായി കഴിഞ്ഞ കുറച്ചുനാളുകളായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇത് അഭ്യൂഹം മാത്രമാണോ ശരിക്കും ഇങ്ങനെയൊരു ഫോൺ വരുമോ എന്ന സംശയം പലർക്കും ഉണ്ടായി, ഇനി അത്തരം സംശയങ്ങളൊന്നും വേണ്ട, കേട്ടത് സത്യമാണ്. ഐക്യൂ 15 അൾട്ര (iQOO 15 Ultra) എന്നൊരു സ്മാർട്ട്ഫോൺ മോഡൽ ഐക്യൂ പുറത്തിറക്കാൻ പോകുന്നു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെയ്‌ബോയിലെ ഒരു പോസ്റ്റ് അനുസരിച്ച്, ചൈനയിലെ സ്പ്രിംഗ് ഫെസ്റ്റിവലിന് മുമ്പ്- അതായത് ഫെബ്രുവരി 17-ന് മുമ്പായി- ജനുവരിയിലോ ഫെബ്രുവരിയുടെ തുടക്കത്തിലോ ഇത് ലോഞ്ച് ചെയ്യും.
ഇതാദ്യമായാണ് ഐക്യൂ സ്മാർട്ട്ഫോൺ നിരയിലേക്ക് അൾട്ര എന്ന പേര് കൂട്ടിച്ചേർക്കപ്പെടുന്നത്. നിലവിൽ ഐക്യുവിന്റെ ഏറ്റവും ടോപ് മോഡൽ പ്രോ വരെയാണ് ഉള്ളത്. എന്നാലിപ്പോൾ അൾട്ര വേരിയന്റ് അവരിപ്പിച്ചുകൊണ്ട് കൂടുതൽ ശക്തമായ ഫീച്ചറുകൾ സഹിതം ഒരു സ്മാർട്ട്ഫോൺ കൂടി ആരാധകർക്ക് ലഭ്യമാക്കാൻ ഐക്യൂ ഇറങ്ങിത്തിരിച്ചിരിക്കുന്നു.

പുതിയ അൾട്ര മോഡൽ ഇറക്കുക മാത്രമല്ല, മറ്റൊരു സർപ്രൈസ് കൂടി ഐക്യൂ ആരാധകർക്കായി ഒരുക്കുന്നുണ്ട്, ഒരു കോംപാക്ട് ഐക്യൂ സ്മാർട്ട്ഫോൺ ആണ് ആ സർപ്രൈസ്. പുതിയ കോംപാക്ട് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ കമ്പനി തയാറെടുക്കുന്നതായും ഈ വർഷം അവസാനത്തോടെയാകും ഇത് ലോഞ്ച് ചെയ്യുകയെന്നും അഭ്യൂഹങ്ങളുണ്ട്.
ഐക്യൂ 15 അൾട്രയുടെ കാര്യമെടുത്താൽ, ഇത് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസർ കരുത്തിലാകും എത്തുക. എന്നാൽ നിലവിലുള്ള ഐക്യൂ 15 5ജിക്കും മുകളിലായിരിക്കും ഈ അൾട്ര മോഡലിന്റെ സ്ഥാനം. ഷോൾഡർ ട്രിഗറുകൾ, ആക്ടീവ് കൂളിംഗ് ഫാൻ തുടങ്ങിയ ഫീച്ചറുകൾ അൾട്ര മോഡലിലുണ്ട് എന്നാണ് സൂചന.
ഷോൾഡർ ട്രിഗറുകൾ, ആക്ടീവ് കൂളിംഗ് ഫാൻ എന്നിവ സാധാരണയായി ഫ്ലാഗ്ഷിപ്പുകളേക്കാൾ ഗെയിമിംഗ്-ഫോക്കസ്ഡ് ഫോണുകളിലാണ് കാണപ്പെടുന്നത്. ASUS, RedMagic പോലുള്ള ബ്രാൻഡുകൾ ഗെയിമിങ് സ്പെഷൽ ഫോണുകൾ പ്രത്യേക താൽപ്പര്യത്തോടെ പുറത്തിറക്കാറുണ്ട്, ആ മേഖലയിലേക്കുള്ള ഐക്യൂവിന്റെ കടന്നുവരവാണോ ഐക്യൂ 15 അൾട്ര എന്ന് ചിലർ സംശയിക്കുന്നു.
ഐക്യൂ 15 അൾട്രയുടെ വരവ് സ്ഥിരീകരിച്ചെങ്കിലും ഇതിലെ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്താൻ തുടങ്ങിയിട്ടില്ല. എന്നാൽ അൾട്രയ്‌ക്കായി 165Hz റിഫ്രഷ് റേറ്റ് ഉള്ള 2K ഡിസ്‌പ്ലേ ഐക്യൂ പരീക്ഷിച്ചുകൊണ്ടിരുന്നതായി നേരത്തെ ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഐക്യൂ 15 ഇതിനകം തന്നെ 2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റ് ഉള്ള ഒരു വലിയ 6.85 ഇഞ്ച് അമോലെഡ് പാനൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 32MP സെൽഫി ക്യാമറ, 100W ഫാസ്റ്റ് ചാർജിംഗുള്ള വലിയ 7,000mAh ബാറ്ററി എന്നിവയാണ് നിലവിലെ പ്രീമിയം മോഡലായ ഐക്യൂ 15-ൽ ഉള്ളത്. ഇതിൽ ഏതൊക്കെ ഫീച്ചറുകൾ ഐക്യൂ 15 അൾട്ര മോഡലിലും തുടരും എന്നത് കാത്തിരുന്ന് കാണണം.

ഗെയിമിംഗ്- സൗഹൃദ എക്സ്ട്രാ ഫീച്ചറുകളുള്ള ഉയർന്ന തലത്തിലുള്ള പെർഫോമൻസ് ആഗ്രഹിക്കുന്നവരെയാണ് ഐക്യൂ 15 അൾട്ര ലക്ഷ്യമിടുന്നത്. ഗെയിമിങ് സ്മാർട്ട്ഫോൺ രംഗത്ത് ഒരു പുതിയ ശക്തിയായി ഐക്യൂ ഉയർന്നുവരുമോയെന്ന് ഇനി മൂന്ന്- നാല് ആഴ്ചകൾക്കുള്ളിൽ തന്നെ ഐക്യൂ 15 അൾട്രയുടെ വരവോടെ അറിയാൻ കഴിഞ്ഞേക്കും. വരുന്നത് കമ്പനിയുടെ ആദ്യ അൾട്ര മോഡലാണ്, അതിനാൽത്തന്നെ ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നകാര്യത്തിൽ നിലവിൽ വ്യക്തതയില്ല.


Click it and Unblock the Notifications








